Loading ...

Home India

ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നു; കശ്മീരിലെ ആരോഗ്യരംഗം ഗുരുതരാവസ്ഥയില്‍

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ തുടരുന്നതിനിടെ ചികിത്സ കിട്ടാതെ മനുഷ്യര്‍ മരിച്ചുവീഴുന്നതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട്. ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍വരീതിയില്‍ ആകാത്തതും, മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതും കാരണം അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് വിളിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ലെന്നും ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും സമീര്‍ യാസിര്‍, ജെഫ്‌റി ഗെറ്റില്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും ആശുപത്രികള്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പാമ്ബുകടിയേറ്റ മകന് ചികിത്സ ലഭ്യമാക്കുന്നതിനായി 16 മണിക്കൂറോളം സാഹസികയാത്ര നടത്തേണ്ടിവന്ന സജ ബീഗം എന്ന സ്ത്രീയുടെ അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. മുമ്ബ് ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങിയിരുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ലെന്നും മൊബൈല്‍ഫോണ്‍ സര്‍വീസ് നിലവിലില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെന്നും മിക്ക കശ്മീരികള്‍ക്കും വീട്ടില്‍ ലാന്‍ഡ്‌ഫോണ്‍ ഇല്ലാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ സഹായം തേടാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.'ആംബുലന്‍സ് വിളിക്കാന്‍ കഴിയാത്തതിനാലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും പന്ത്രണ്ടോളം രോഗികള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ മിക്കവരും ഹൃദ്രോഗികളായിരുന്നു.' - കശ്മീരിലെ ഒരു ആശുപത്രിയിലെ ഡോക്ടറായ സാദത്ത് പറയുന്നു. ചികിത്സാപ്രതിസന്ധി സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് പേടിയാണ്. സുരക്ഷാസൈനികര്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. - റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആശുപത്രികള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വിശദീകരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കും ചെക്ക്‌പോയിന്റുകൡലൂടെ സഞ്ചരിക്കുന്നതിനാവശ്യമായ പാസുകള്‍ നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കാരണം ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്നും നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവന്‍ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രോഹിത് കന്‍സാല്‍ പറയുന്നു. അതേസമയം, ആശുപത്രികളിലെ സ്ഥിതി പരിതാപകരമാണെന്നും രോഗികള്‍ ചികിത്സയും വാഹനങ്ങങളും കിട്ടാതെ വിഷമിക്കുകയാണെന്നും ആശുപത്രിരേഖകള്‍ ചൂണ്ടിക്കാട്ടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്ടര്‍മാര്‍ കേന്ദ്രസര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. 'ഫോണ്‍ ലഭ്യമല്ലാത്തതും ആംബുലന്‍സ് വിളിക്കാന്‍ കഴിയാത്തതും കാരണം ആളുകള്‍ മരിച്ചിട്ടുണ്ട്.' - കത്തില്‍ ഒപ്പുവെച്ച ഡോക്ടര്‍ രമണി അത്കുരി പറയുന്നു. ജമ്മു കശ്മീരില്‍ 13,000-ലധികം ഹൃദ്രോഗികള്‍ക്ക് ഗുണം ചെയ്തിരുന്ന ഡോക്ടര്‍മാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പും ഇപ്പോള്‍ നിര്‍ജീവമാണ്. മരുന്നുകളുടെ ലഭ്യതക്കുറവ് കാരണം, നിരോധനത്തിനു ശേഷമുള്ള രണ്ട് മാസങ്ങളില്‍ ശസ്ത്രക്രിയകളില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News