Loading ...

Home USA

വനിതാ പ്രസിഡന്‍റിനെ അമേരിക്ക തെരഞ്ഞെടുക്കുമോയെന്നറിയില്ല –ഹിലരി

വാഷിങ്ടണ്‍: യു.എസ് ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമോയെന്നറിയില്ളെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ആളുകളുടെ കാഴ്ചപ്പാടില്‍  ഏറെ മാറ്റമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘എനിക്കുറപ്പില്ല, എന്നാല്‍ കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. എങ്കിലും, ആളുകള്‍ക്കിടയില്‍ ഇപ്പോഴും ഉത്കണ്ഠയുണ്ട്’. വനിതാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഹിലരി ആശങ്ക പങ്കുവെച്ചു. രാജ്യം ഒരു വനിതയെ പ്രസിഡന്‍റാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍. ‘ഇക്കാര്യത്തില്‍ ഒളിച്ചുവെക്കേണ്ടതായി ഒന്നുമില്ല, ഏറ്റവും അനുയോജ്യരായ ആളുകളെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കറിയാം. എന്നാല്‍, ഒരു വനിത ഉന്നതപദവിയിലിരിക്കുന്നതില്‍ പലരും അസന്തുഷ്ടരായിരിക്കും’. അവര്‍ തുടര്‍ന്നു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെക്കാള്‍ രാഷ്ട്രീയാവസ്ഥ ഏറെ മാറിയിട്ടുണ്ടെന്നും അത് തനിക്ക് ഗുണകരമായി ഭവിക്കുമെന്നും അവര്‍ പ്രത്യാശിച്ചു. ഇത്തവണ ജയിച്ചാല്‍ 68കാരിയായ ഹിലരി യു.എസ് രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിക്കും. ഇതിനിടയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിയുടെ എതിരാളി ബേണീ സാന്‍ഡേഴ്സിന് വനിതാവോട്ടര്‍മാരുടെ പിന്തുണ കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related News