Loading ...

Home USA

രാജ്യസുരക്ഷ പ്രധാനം; മുസ്ലീംപള്ളികളിലെ രഹസ്യ നിരീക്ഷണം ശരിവച്ച് യു.എസ് കോടതി

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് മുസ്ലീം പള്ളികളിൽ എഫ്.ബി.ഐ നടത്തിയ രഹസ്യനിരീക്ഷണം 'രാജ്യ രഹസ്യ പ്രമാണ' പ്രകാരം തെറ്റല്ലെന്ന് യു.എസ് സുപ്രിംകോടതി. കാലിഫോണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ പള്ളികളിലും മതസ്ഥാപനങ്ങളിലും നടത്തിയ രഹസ്യനിരീക്ഷണത്തെ ചോദ്യം ചെയ്ത് ഇമാം ഷെയ്ഖ് യാസിർ ഫഗാസ അടക്കം മൂന്നു പേർ നൽകിയ കേസിലാണ് ഉത്തരവ്. 'രാജ്യരഹസ്യ' പ്രമാണം നിലവിലുള്ളതിനാൽ ഇത്തരം ഹർജികളിൽ വാദം കേൾക്കാൻ കോടതികൾക്ക് കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ദേശ സുരക്ഷയുടെ മറവിൽ എഫ്.ബി.ഐ ശേഖരിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് 2011ൽ കീഴ്‌ക്കോടതിയിൽ നൽകിയ ഹർജിയിൽ ഇമാം ഷെയ്ഖ് യാസിർ ഫഗാസ ആവശ്യപ്പെട്ടിരുന്നത്. മുസ്ലീങ്ങളെ മതാടിസ്ഥാനത്തിൽ വേട്ടയാടിയ എഫ്.ബി.ഐക്കെതിരെ നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പക്ഷെ, ഈ ആവശ്യങ്ങൾ 2012ൽ കോടതി തള്ളി.

ഹർജിയിലെ നടപടികൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന എഫ്.ബി.ഐയുടെ വാദം പരിഗണിച്ചായിരുന്നു ഉത്തരവ്. തുടർന്ന് ഷെയ്ഖ് യാസിർ ഫഗാസ ഫെഡറൽ അപ്പീൽ കോടതിയെ സമീപിച്ചു. എഫ്.ബി.ഐ ശേഖരിച്ച വിവരങ്ങൾ ജഡ്ജിമാർ രഹസ്യമായി പരിശോധിക്കണമെന്നായിരുന്നു ഫെഡറൽ അപ്പീൽ കോടതിയുടെ നിർദേശം. ഈ വിധിക്കെതിരെ എഫ്.ബി.ഐയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്തുവിടാതിരിക്കാൻ ദ ഫോറിൻ ഇന്റലിജൻസ് സർവൈലൻസ് ആക്ട് സർക്കാരിന് അധികാരം നൽകുന്നുണ്ടെന്ന് എഫ്.ബി.ഐയുടെ വാദം അംഗീകരിച്ച് സുപ്രിംകോടതി ജഡ്ജി സാമുവൽ അലിറ്റോ പറഞ്ഞു. എഫ്.ബി.ഐ ശേഖരിച്ച വിവരങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്ന് പരിശോധിക്കാൻ കീഴ്‌ക്കോടതിക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായിരുന്ന സമയത്താണ് സാമുവൽ അലിറ്റോയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്.

കാലിഫോണിയയിലെ മുസ്ലീം പള്ളികളിൽ രഹസ്യനിരീക്ഷണം നടത്താൻ ക്രെയിഗ് മോണ്ടെയ്ൽഹ് എന്നയാളെ നിയമിച്ചിരുന്നതായി എഫ്.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ജിം പരിശീലകനായ ക്രെയിഗ് പുതുതായി മതം മാറിയ ആളെന്ന വ്യാജേനെയെന്നാണ് പള്ളികൾ നിരീക്ഷിച്ചിരുന്നത്. ഫാറൂഖ് അൽ അസീസ് എന്ന പേരിലാണ് ഇയാൾ മുസ്ലീംകളെ പരിചയപ്പെട്ടിരുന്നത്.

പള്ളികളിലും മുസ്ലീം മതസ്ഥാപനങ്ങളിലും താമസിച്ച ഇയാൾ ആയിരത്തോളം മണിക്കൂർ വീഡിയോ റെക്കോർഡ് ചെയ്തു. പള്ളികളിലെയും ഓഫീസുകളിലെയും സംഭാഷണങ്ങളും റെക്കോർഡ് ചെയ്തു. നൂറുകണക്കിന് പേരുടെ ഫോൺ വിവരങ്ങളും ചോർത്തി.

ഇർവിനിലെ പ്രശസ്തമായ ഇസ്ലാമിക് സെന്ററിലെ സ്ഥിരം സന്ദർശകനുമായിരുന്നു ഇയാൾ. മുസ്ലീംകൾ ജിഹാദിന് ഇറങ്ങണമെന്നും ആയുധങ്ങൾ എത്തിക്കാമെന്നും ഒരു ദിവസം ഇയാൾ ആഹ്വാനം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഹ്വാനം ശ്രദ്ധയിൽ പെട്ട ഇസ്ലാമിക് സെന്റർ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ എഫ്.ബി.ഐയുമായി തെറ്റി.

തുടർന്ന് പൗരാവകാശ സംഘടനയായ സിവിൽ ലിബർട്ടീസ് യൂണിയനുമായി സഹകരിച്ചു. എഫ്.ബി.ഐ ഏജന്റുമാരുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ആഹ്വാനം ചെയ്തതെന്നും ഇയാൾ വെളിപ്പെടുത്തി. ഇതാണ് ഷെയ്ഖ് യാസിർ ഫഗാസ കോടതിയെ സമീപിക്കാൻ കാരണം.

എഫ്.ബി.ഐയുടെ ഓപ്പറേഷൻ ഫ്‌ളെക്‌സ് എന്ന രഹസ്യനിരീക്ഷണ പദ്ധതി മുസ്ലീംകളെ തീവ്രവാദക്കേസുകളിൽ കുടുക്കാനുള്ളതായിരുന്നു എന്നാണ് ഷെയിഖ് യാസിർ ഫഗാസയുടെ ഒരു വാദം. തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങാൻ സാധ്യതയുള്ളവരെ കണ്ടെത്താനാണ് ശ്രമിച്ചതെന്നാണ് എഫ്.ബി.ഐയുടെ മറുവാദം. പക്ഷെ, എന്തുകൊണ്ടാണ് മൂസ്ലീം പള്ളികളെ നിരീക്ഷിച്ചതെന്ന് വെളിപ്പെടുത്താൻ എഫ്.ബി.ഐ തയ്യാറായില്ല. അക്കാര്യം വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു എഫ്.ബി.ഐ നിലപാട്.

Related News