Loading ...

Home USA

ചാരവൃത്തി;12 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി അമേരിക്ക

ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച്‌ 12 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. ഇവരെ പുറത്താക്കിയതായി യുഎന്‍ പൊതുസഭയില്‍ യുഎസ് മിഷന്‍ വാക്താവ് ഒലിവിയ ഡാല്‍ട്ടണ്‍ അറിയിച്ചു.12പേരും റെസിഡന്‍സിയുടെ പ്രത്യേകാവകാശങ്ങള്‍ ദുരുപയോ​ഗം ചെയ്തു. നയതന്ത്രജ്ഞരെ യുഎന്‍ നയതന്ത്ര സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനുള്ള നീക്കം കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഒലിവിയ ഡാല്‍ട്ടണ്‍ വ്യക്തമാക്കി.

നടപടി റഷ്യയുടെ തെറ്റായ പ്രവര്‍ത്തിക്കെതിരേയുളള പ്രതികരണമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. നമ്മുടെ സ്വന്തം മണ്ണില്‍ നമുക്കെതിരായ ചാരപ്രവര്‍ത്തനം നടത്തുന്നത് ശത്രുതാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ ഏഴിനുളളില്‍ രാജ്യം വിടാന്‍ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. എന്നാല്‍ ആ 12 പേരില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്ന് നെബെന്‍സിയ വ്യക്തമാക്കിയിട്ടില്ല.നയതന്ത്രജ്ഞരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഒരുപാട് ആളുകള്‍ നയതന്ത്രേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് യുഎന്നിലെ യുഎസ് ഡെപ്യൂട്ടി അംബാസഡറായ റിച്ചാര്‍ഡ് മില്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 12 നയതന്ത്രജ്ഞരും ഉത്തരവാദിത്തങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് റിച്ചാര്‍ഡ് മില്‍സ് പറഞ്ഞിരുന്നു. യുഎന്നിലെ റഷ്യന്‍ അംബാസഡറാണ് യുഎസ് തീരുമാനം ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

Related News