Loading ...

Home USA

കാനഡയില്‍ നിന്നുള്ള വ്യവസായസംഘം കേരളം സന്ദര്‍ശിക്കുന്നു

ടൊറന്റോ : സംസ്ഥാനവുമായി വ്യവസായ സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്‍ഡോ–കാനഡ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുന്നു. ജനുവരി 10 മുതല്‍ 12 വരെയാണ് സന്ദര്‍ശനം. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയിലെ പ്രതിപക്ഷ നേതാവ് പാട്രിക് ബ്രൌണാണ് സംഘത്തലവന്‍. 15 തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള പാട്രിക് ബ്രൌണ്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്.സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികളുമായി കൊച്ചിയിലും തിരുവനന്തപുരത്തും സംഘം ചര്‍ച്ചകള്‍ നടത്തും.

കാനഡയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന മലയാളിയായ ജോബ്സണ്‍ ഈശോയാണ് ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തിയത്. ജോബ്സണു പുറമേ മറ്റൊരു മലയാളിയായ തോമസ് കുര്യനും സംഘത്തോടൊപ്പമുണ്ട്.

കേരളത്തിനും ഒന്റാരിയോയ്ക്കും ഗുണകരമാകുന്ന വിധത്തില്‍ എങ്ങിനെ സാമ്പത്തിക സഹകരണമുണ്ടാക്കാം എന്നതായിരിക്കും സംഘം പ്രധാനമായും ചര്‍ച്ച ചെയ്യുക. ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യ മേഖല, ക്ളീന്‍ എനര്‍ജി, അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിംഗ്, ടൂറിസം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വ്യവസായികള്‍ സംഘത്തിലുണ്ടാകും.

Related News