Loading ...

Home sports

പരിശീലക‌സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത് 2000 പേര്‍ ; സ്റ്റാര്‍ പരിശീലകര്‍ കുറവ്

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകരെ കണ്ടെത്താന്‍ ബിസിഐഐ അപേക്ഷ ക്ഷണിച്ചത് കഴിഞ്ഞ മാസം ജൂലൈ പതിനാറാം തീയതിയായിരുന്നു. ജൂലൈ 30-ം തീയതിയായിരുന്നു പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ബിസിസിഐ നല്‍കിയ അവസാന സമയം. മുഖ്യ പരിശീലകനൊപ്പം, ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കും വേണ്ടി ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു‌. ഈ സ്ഥാനങ്ങളിലേക്ക് എല്ലാം കൂടി ഏകദേശം രണ്ടായിരത്തോളം അപേക്ഷകള്‍ ബിസിസിഐക്ക് ലഭിച്ചെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പരിശീലകനാവാനുള്ള പോരാട്ടത്തില്‍ 2005 ല്‍ ഗ്രെഗ് ചാപ്പലിനോട് പരാജയപ്പെട്ട ടോം മൂഡി, മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസണ്‍, മുന്‍ ഇന്ത്യന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ താരം റോബിന്‍ സിംഗ് എന്നിവര്‍ ഇത്തവണ മുഖ്യ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയെന്നാണ് സൂചനകള്‍. അതേ സമയം നേരത്തെ ഇന്ത്യന്‍ പരിശീലനാവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീലങ്ക‌ന്‍ ഇതിഹാസ താരം മഹേള ജയവര്‍ധനെ അപേക്ഷ നല്‍കിയവരുടെ കൂട്ടത്തിലില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ്, ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനാവാനും, മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് ബോളിംഗ് പരിശീലകനാവാനും, മുന്‍ ടെസ്റ്റ് താരം പ്രവീണ്‍ ആം റെ ബാറ്റിംഗ് പരിശീലകനാവാനും അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവാണ് പുതിയ ഇന്ത്യന്‍ പരിശീലകനെ കണ്ടെത്താനുള്ള ക്രിക്കറ്റ് അഡ് വൈസറി കമ്മറ്റിയുടെ തലവന്‍. മുന്‍ ഇന്ത്യന്‍ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലക‌ന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് ഈ കമ്മറ്റിയിലുള്ളത്. ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ നിന്ന് പരിശീലകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഈ കമ്മറ്റി, അവര്‍ക്കായി ഓഗസ്റ്റ് 14, 15 തീയതികളില്‍ അഭിമുഖം നടത്തുമെന്നാണ് കരുതപ്പെടുന്നത്.

Related News