Loading ...

Home sports

വില്ലനില്‍ നിന്ന് നായകനിലേക്ക് ; താരമായി സ്റ്റോക്ക്സ്

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ലോകകിരീടം നേടുമ്ബോള്‍ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് അവരുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ്. പരാജയമുഖത്ത് നിന്ന് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തിരിച്ച്‌ കൊണ്ട് വന്നത് സ്റ്റോക്ക്സായിരുന്നു. 98 പന്തില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്ന‌ സ്റ്റോക്ക്സിന്റെ ബാറ്റിംഗില്ലായിരുന്നെങ്കില്‍ നിശ്ചിത ഓവറുകളില്‍ത്തന്നെ ഇംഗ്ലണ്ട് തോറ്റേനെ. നഷ്ടപ്പെട്ടെന്ന് കരുതിയ ലോകകിരീടം ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെ സ്റ്റോക്ക്സ് കഴുകിക്കളയുന്നത് 2016 ലെ ടി20 ലോകകപ്പ് തോല്‍പ്പിച്ചവനെന്ന പാപക്കറ കൂടിയാണ്. 2016 ല്‍ ഇന്ത്യയില്‍ വെച്ച്‌ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ സ്റ്റോക്ക്സ് ദുരന്ത നായകനായത് ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ..! അന്ന് വിന്‍ഡീസിനെതിരായ മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ സ്റ്റോക്ക്സ് നിയോഗിക്കപ്പെടുമ്ബോള്‍ 6 പന്തില്‍ 19 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റോക്ക്സെറിഞ്ഞ ആദ്യ 4 പന്തുകളിലും സിക്സര്‍ പറത്തി കാര്‍ലോസ് ബ്രാത്ത് വൈറ്റ് വിന്‍ഡീസിനെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിക്കുകയായിരുന്നു‌. അന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചവനെന്ന് പഴി കേട്ട സ്റ്റോക്ക്സ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് മധുര പ്രതികാരം വീട്ടി. ബാറ്റിംഗില്‍ തകര്‍ന്ന ടീമിനെ സഹതാരങ്ങളെ കൂട്ടുപിടിച്ച്‌ ചുമലിലേറ്റി അദ്ദേഹം. അവസാനം അര്‍ഹിച്ച അംഗീകാരമായി കളിയിലെ കേമന്‍ പട്ടവും. 2016 ല്‍ ദുരന്ത നായകനായിരുന്നെങ്കില്‍ ഇന്ന് അവരുടെ ദേശീയ ഹീറോയായി മാറിയിരിക്കുകയാണ് ഈ സ്റ്റാര്‍ ഓള്‍റൗണ്ടര്‍.

Related News