Loading ...

Home sports

കളിയില്‍ വഴിത്തിരിവായത് അക്കാര്യം ; കോഹ്ലി പറയുന്നതിങ്ങനെ..

ഇന്നലെ നടന്ന ലോകകപ്പ്‌ സെമിയില്‍ 18 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്തത്. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യക്ക് സെമിയില്‍ കാലിടറിയതിന് കാരണം ബാറ്റിംഗ് നിരയുടെ പരാജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 239/8 എന്ന‌ സ്കോറില്‍ തളയ്ക്കാനായെങ്കിലും ബാറ്റിംഗ് നിരയുടെ അപ്രതീക്ഷിത തകര്‍ച്ച ഇന്ത്യയ്ക്ക് പരാജയം സമ്മാനിച്ചു. രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംഗ് ധോണിയും അവസാനം ഒന്ന് ആഞ്ഞ് ശ്രമിച്ചെങ്കിലും നിര്‍ണായക ‌സമയത്ത് അവരുടെ വിക്കറ്റുകളും നഷ്ടമായതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കളിയില്‍ വഴിത്തിരിവായത് എന്താണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ന്യൂസിലന്‍ഡ്, മത്സരത്തിന്റെ ആദ്യ അരമണിക്കൂറില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് കളി തിരിച്ചതെന്ന് കോഹ്ലി പറയുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ അവരെ വന്‍ സ്കോര്‍ എടുക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നെന്നും, എന്നാല്‍ രാവിലെ ന്യൂസിലന്‍ഡ് പേസര്‍മാര്‍ കാഴ്ച വെച്ച ബോളിംഗ് പ്രകടനം കളിയില്‍ നിര്‍ണായകമായതായും കോഹ്ലി കൂട്ടിച്ചേര്‍ത്തു. "ന്യൂസിലന്‍ഡിനെ ചെറിയ സ്കോറില്‍ത്തന്നെ തളച്ചിടാന്‍ നമ്മുടെ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അവര്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ആദ്യ അര മണിക്കൂറില്‍ പന്തെറിഞ്ഞ രീതി കളി മാറ്റി മറിച്ചു. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് നല്ലതായിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇന്ന് രാവിലെയും ആ താളം നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്കാണ്." കോഹ്ലി പറഞ്ഞുനിര്‍ത്തി.

Related News