Loading ...

Home sports

ലോകകപ്പില്‍ ഇന്ന് കടുവ പോര് ; ഇന്ത്യയും ബംഗ്ളാദേശും ഏറ്റുമുട്ടുന്നു

ലോകകപ്പില്‍ ഇന്ന് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. ബംഗ്ലാദേശിനെതിരെ വിജയം നേടിയാല്‍ ഇന്ത്യക്ക് സെമിയിലെത്താം.സെമി പ്രതീക്ഷകള്‍ അവസാനിക്കാത്ത ബംഗ്ലാദേശിനും ഇന്ത്യക്കെതിരെ വിജയം നേടുകയെന്നതാകും ലക്ഷ്യം എന്നതിനാല്‍ മത്സരം കടുക്കും.ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരെ ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ട് തന്നെടൂര്‍ണമെന്റിലെ ആദ്യ തോല്‍വിക്ക് ശേഷം എത്തുന്ന ഇന്ത്യ ഈ മത്സരത്തില്‍ കരുതി ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ഗ്രൗണ്ടായ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്. സ്പിന്നര്‍മാര്‍ അടിമേടിച്ച പിച്ചില്‍ ബൗളിംഗ് നിരയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച്‌ കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയേക്കും. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റൊന്നും നേടാതെ 88 റണ്‍സ് വഴങ്ങിയ ചഹലിന്റെ പ്രകടനവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് പകരംഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തും. പരിക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങില്‍ ഭുവി കളിച്ചിരുന്നില്ല. ഭുവിയുടെ ഒഴിവില്‍ ടീമിലെത്തിയ മുഹമ്മദ്‌ ഷമിയാകട്ടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ റണ്‍സ് വഴങ്ങിയെങ്കിലും അഞ്ചു വിക്കറ്റുകള്‍ ഷമി നേടി. വിജയ് ശങ്കര്‍ പരിക്കേറ്റ് ടീമിന് പുറത്ത് പോയതോടെ മധ്യനിരയില്‍ ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചു. വിജയ് ശങ്കറിനു പകരക്കാരനായി ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇതുവരെ രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത മായങ്ക് അഗര്‍വാളിനെയാണ്. ലോകകപ്പ് ടീം സെലക്ഷനില്‍ പരിഗണിക്കുമെന്ന് കരുതിയിരുന്ന അമ്ബാട്ടി റായിഡുവിനെ ഇത്തവണയും പരിഗണിച്ചില്ല. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് മായങ്കിനെ ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടു ടെസ്റ്റിലും ഓപ്പണറായി ഇറങ്ങിയ ഈ കര്‍ണാടക താരം അന്ന് രണ്ട് മത്സരത്തിലും അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. ഒപ്പം, ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മൂന്നാം നമ്ബരില്‍ ഇറങ്ങുന്ന താരവുമാണ് മായങ്ക്. ഏതു പൊസിഷനിലൂം കളിപ്പിക്കാം എന്നതും മികച്ച റണ്‍ ശരാശരിയുമാണ് മായങ്കിന് ഗുണമായത്. പരിക്കേറ്റു പുറത്തുപോയശിഖര്‍ ധവാന് പകരം നാലാം നമ്ബരില്‍ നിന്ന് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ കെ.എല്‍ രാഹുലിന് ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രീസില്‍ നിലയുറപ്പിക്കാന്‍ തന്നെ കൂടുതല്‍ സമയമെടുക്കുന്നതും പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ മായങ്കിനെ ഓപ്പണറാക്കിയാല്‍ കെ.എല്‍ രാഹുല്‍ നാലാം നമ്ബരിലേക്ക് മടങ്ങും. കഴിഞ്ഞ മത്സരത്തില്‍ വിജയ് ശങ്കറിനു പകരം നാലാം നമ്ബരിലിറങ്ങിയ പന്തിന്റെ പരിചയക്കുറവ് ബാറ്റിംഗിലുടനീളം പ്രകടമായിരുന്നു. പന്തിനെ മാറ്റി മായങ്കിനെ കൊണ്ടുവരുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പരിചയ സമ്ബത്ത് പന്തിനെ തുണച്ചേക്കും. കഴിഞ്ഞ കളിയില്‍ എം.എസ് ധോണിക്കൊപ്പം 'തുഴച്ചി'ലില്‍ പങ്കെടുത്തുവെന്ന ആരോപണം നേരിടുന്ന കേദാര്‍ ജാദവ് ഇന്ന് പുറത്തിരിക്കേണ്ടി വന്നേക്കും. ബൗളറും ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറും എന്ന നിലയിലാണ് ജാദവ് ടീമിലെത്തിയത്. എന്നാല്‍ കഴിഞ്ഞ കളിയില്‍ ജാദവ് ബൗള്‍ ചെയ്തതേയില്ല. ബാറ്റിംഗിലും കാര്യമായ മാറ്റമുണ്ടാകാത്ത സാഹചര്യത്തില്‍ പരിചയസമ്ബന്നരും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളരുമായ ദിനേശ് കാര്‍ത്തിക്ക്, രവീന്ദ്ര ജഡേജ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴാനും സാധ്യതയുണ്ട്. ടോപ് ഓര്‍ഡറില്‍ മാറ്റമില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക എന്നാണു കരുതുന്നത്. സാധ്യതാ ടീം: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്/രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ. ഇതുവരെ ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശുമായി മൂന്നു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ ഇന്ത്യയും ഒരെണ്ണത്തില്‍ ബംഗ്ലാദേശും വിജയിച്ചു. 2007-ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിന് ബംഗ്ലാദേശ് വിജയിച്ചപ്പോള്‍, 2011-ബംഗ്ലാദേശിന്റെ ഹോംഗ്രൗണ്ടായ ധാക്കയില്‍ 87 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 2015- മെല്‍ബണറില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയുടെ മികവില്‍ 109 റണ്‍സിനും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കരുത്തരായ ബാറ്റിംഗ് നിരയാണ് ബംഗ്ലാദേശിനുള്ളത്.സൗമ്യ സര്‍ക്കാര്‍,ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹിം, ലിട്ടന്‍ ദാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ്ങ് നിരയെ തളയ്ക്കുക എന്നത് തന്നെയാവും ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.ബംഗ്ലാദേശിന് ഇന്നത്തെ മത്സരം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്നത്തെ മത്സരം കഴിഞ്ഞാലും ശ്രീലങ്കയുമായി ഇന്ത്യക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ട്. പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളതിനാല്‍ ഇതില്‍ ഏതെങ്കിലുമൊരു മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. എന്നാല്‍ ബംഗ്ലാദേശിന്റെ കാര്യം അങ്ങനെയല്ല, ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെയാണ് രണ്ടു മത്സരങ്ങളും. ഇരു ടീമുകളും ബംഗ്ലാ കടുവകളുടെ അപ്രതീക്ഷിത പോരാട്ടത്തിന്റെ ചൂട് മുമ്ബറിഞ്ഞിട്ടുളളവരാണ്. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് രണ്ട് അയല്‍ക്കാരെയും തോല്‍പ്പിക്കുക മാത്രമാണ് വഴി. പോയിന്റ് നിലയില്‍ മുന്നിലുള്ളതിനാല്‍ ഓസ്‌ട്രേലിയയ്ക്ക് പുറമെ ഇന്ത്യ സെമിയില്‍ എത്തും എന്നത് ഏറെക്കുറെ ഉറപ്പാണ്. മൂന്നാമതായി ഇംഗ്ലണ്ടിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് ആതിഥേയരെ തുണയ്ക്കുക. ഇനിയുള്ള മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ മറ്റാരുടേയും ആശ്രയമില്ലാതെ സെമിയിലെത്തുന്ന ടീം ഇംഗ്ലണ്ടാകും. ന്യൂസിലാന്‍ഡിനോട് തോറ്റാലും പാക്കിസ്ഥാനോ ബംഗ്ലാദേശോ ഏതെങ്കിലും ഒരു കളിയില്‍ തോറ്റാല്‍ ഇംഗ്ലണ്ട് സെമിയിലെത്തും. ശ്രീലങ്ക ഇതികം പുറത്തായിക്കഴിഞ്ഞു. നാലാം നമ്ബരില്‍ ആരായിരിക്കും സെമിയിലെത്തുക എന്നതാണ് ഇനി ചോദ്യം. അവിടെ ന്യൂസിലാന്‍ഡിനാണ് സാധ്യതകള്‍ കൂടുതല്‍. പാക്കിസ്ഥാന്റെ സാധ്യതയാകട്ടെ, അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും വേണം, ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനോട് തോല്‍ക്കുകയും വേണം. ഇനി ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ ന്യുസിലാന്‍ഡിനെ പാക്കിസ്ഥാന്‍ മറികടക്കും. ബംഗ്ലാദേശിന് ഇന്ത്യയേയും പാക്കിസ്ഥാനേയും തോല്‍പ്പിക്കുകയും ഒപ്പം, ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനോട് തോല്‍ക്കുകയും വേണം. മൂന്നാം സ്ഥാനക്കാരായി ന്യൂസിലാന്‍ഡും നാലാം സ്ഥാനത്തിനായി ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും മാറ്റുരയ്ക്കുന്നു എന്നതു തന്നെയാണ് ഇനിയുള്ള മത്സരങ്ങളുടെ സവിശേഷത. എല്ലാവര്‍ക്കും നിര്‍ണായകം.

Related News