Loading ...

Home sports

സച്ചിനെയും ലാറയെയും മറികടക്കണം; കോഹ്‌ലിയുടെ റെക്കോര്‍ഡിലേക്കുള്ള ദൂരം 104 റണ്‍സ്!

ലണ്ടന്‍: പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക, ഇതിഹാസങ്ങളെ കവച്ചുവച്ച്‌ മുന്നോട്ടു പോകുക എന്നതൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ ഹോബി. ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനവുമായി മുന്നോട്ടു പോകുന്ന വിരാട് ഓരോ കളിയിലും ഏതെങ്കിലും ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മാറ്റുകയാണ്. ഇതാ ഇപ്പോള്‍ 104 റണ്‍സ് അകലെ കോഹ്‌ലിയെ കാത്ത് മറ്റൊരു റെക്കോര്‍ഡ്.ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 104 റണ്‍സ് നേടാന്‍ സാധിച്ചാല്‍ കോഹ്‌ലി മറികടക്കുക സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ബ്രയന്‍ ലാറയെയും. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി 104 റണ്‍സ് നേട്ടത്തോടെ സ്വന്തമാക്കുക. ഇന്നത്തെ മത്സരത്തില്‍ തന്നെ അത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും.
നിലവില്‍ കോഹ്‌ലി എല്ലാ ഫോര്‍മാറ്റിലുമായി നേടിയിരിക്കുന്നത് 19,896 റണ്‍സാണ്. ഏകദിനത്തില്‍ 222 ഇന്നിങ്‌സ്, ടെസ്റ്റില്‍ 131 ഇന്നിങ്‌സ്, ട്വന്റി 20 യില്‍ 62 ഇന്നിങ്‌സ് എന്നിവയില്‍ നിന്നാണ് കോഹ്‌ലി ഈ റണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 415 ഇന്നിങ്‌സുകളാണ് കോഹ്‌ലി ബാറ്റ് ചെയ്തിട്ടുള്ളത്. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ച റെക്കോര്‍ഡ് നിലവില്‍ സച്ചിന്റെയും ലാറയുടെയും പേരിലാണ്. ഇരുവരും 453 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇന്നത്തെ ഏകദിനത്തില്‍ നിന്ന് 104 റണ്‍സ് നേടിയാല്‍ സച്ചിനേക്കാളും ലാറയേക്കാളും 37 ഇന്നിങ്‌സുകള്‍ കുറവ് കളിച്ചുകൊണ്ട് 20,000 റണ്‍സ് നേടുന്ന താരമാകാനും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വിരാടിന് സാധിക്കും. ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ് 468 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.ഏകദിന ക്രിക്കറ്റില്‍ 8000 റണ്‍സ് അതിവേഗം തികയ്ക്കുന്ന താരമായ വിരാട് കോഹ്‌ലി പിന്നീട് ഇങ്ങോട്ടുള്ള ഓരോ 1000 റണ്‍സും അതിലും വേഗത്തില്‍ തികച്ചു. 8000 റണ്‍സ് തികയ്ക്കാന്‍ കോഹ്‌ലി എടുത്തത് 175 ഇന്നിങ്സുകളായിരുന്നു. അടുത്ത 47 മത്സരങ്ങളില്‍ നിന്നുമാണ് കോഹ്‌ലി 11000 റണ്‍സിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 276 ഇന്നിങ്സില്‍ നിന്നാണ് 11000 റണ്‍സ് തികച്ചത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് 286 ഇന്നിങ്സില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളില്‍ നിന്നും 11000 റണ്‍സ് തികച്ചു.
അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ന് ഇന്ത്യ കളത്തിലിറങ്ങുക. ഇതുവരെ കളിച്ച അഞ്ച് കളികളില്‍ അഞ്ചിലും തോറ്റാണ് അഫ്ഗാനിസ്ഥാന്‍ കരുത്തരായ ഇന്ത്യയെ നേരിടുന്നത്. ഇന്ത്യയാകട്ടെ 2015 ലെ ചാമ്ബ്യന്‍മാരായ ഓസ്‌ട്രേലിയയെ കീഴടക്കിയ ആത്മവിശ്വാസത്തിലും. തോല്‍വി അറിയാതെ മുന്നോട്ടുകുതിക്കുന്ന ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍ കാര്യമായ വെല്ലുവിളികളൊന്നും ഉയര്‍ത്തുന്നില്ല. ശിഖര്‍ ധവാനും, ഭുവനേശ്വര്‍ കുമാറിനും പിന്നാലെ വിജയ് ശങ്കറിന് കൂടി പരുക്കേറ്റത് ഇന്ത്യയ്ക്ക് തലവേദനയാണ്. ലോകകപ്പ് ക്രിക്കറ്റിലെ അമ്ബതാമത്തെ വിജയം ലക്ഷ്യം വച്ചാണ് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുക. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് 79 മത്സരങ്ങളാണ്. അതില്‍ 49 കളികളില്‍ ഇന്ത്യ വിജയിച്ചു. അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുക എന്നതിനൊപ്പം മികച്ച റണ്‍റേറ്റ് കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യം ഇന്ത്യയ്ക്കുണ്ട്.

Related News