Loading ...

Home USA

യുദ്ധം ആഗ്രഹിക്കുന്ന അമേരിക്ക

പൂര്‍വ്വമദ്ധ്യേഷ്യയില്‍ വീണ്ടും യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയാണ്. ഇറാന്‍ എന്ന സ്വതന്ത്രപരമാധികാര രാഷ്ട്രത്തെ ആണവ നിരായുധീകരണത്തിന്റെ പേരു പറഞ്ഞ് അമേരിക്ക അടിച്ചമര്‍ത്താന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഏറ്റവുമൊടുവില്‍ ഒമാന്‍ ഉള്‍ക്കടലിനു സമീപം രണ്ട് എണ്ണക്കപ്പലുകളെ ഹൂതി വിമതര്‍ മിസൈല്‍ ഉപയോഗിച്ച്‌ ആക്രമിച്ച സംഭവം ഇറാന്റെ തലയില്‍ വെച്ചു കെട്ടാനാണ് അമേരിക്കയുടെ ശ്രമം. അതോടെ വീണ്ടും അമേരിക്ക ഇറാനെതിരെ കൊലവിളി ഉയര്‍ത്തി തുടങ്ങുകയും ചെയ്തു. മദ്ധ്യേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സഹായിയായി പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യ ആണ് എന്നുള്ള ദുഃഖകരമായ സത്യവും ഇറാന്‍ ഈ അവസരത്തില്‍ നേരിടുന്നുണ്ട്. എണ്ണ വ്യാപാരത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ഇറാനെതിരെ വ്യാവസായിക യുദ്ധം ചെയ്യുകയും ചെയ്യുന്ന സൗദി തീര്‍ത്തും അവസരവാദപരമായ നിലപാടുകളാണ് ഈ അവസരത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്വന്തം അയല്‍ക്കാരനായ ഇറാനെ അമേരിക്ക തകര്‍ക്കുന്നത് കാണാനും അതുവഴി അറബി ലോകത്തിന്റെ അമരക്കാരാനാകാനും സൗദി ആഗ്രഹിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സൗദിയുടെ ഈ ദുരാഗ്രഹം മുതലെടുത്താണ് അമേരിക്കയുടെ നീക്കം. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക്് പോംബിയോ പ്രകോപനകരമായ പ്രസ്താവനകളാണ് ഇറാനെതിരെ നടത്തിയത്.

ലോക സമാധാനത്തിനു തന്നെ ഇറാന്‍ ഭീഷണിയാണെന്ന് പ്രസ്താവിക്കാന്‍ മടി കാണിക്കാത്ത മൈക്ക് പോംബിയോ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന സൂചനയും നല്‍കി. തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ അമേരിക്ക ലോകത്തെ മറ്റൊരു യുദ്ധത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം വലിച്ചിഴക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഞങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലായെന്ന് പരസ്യമായി പറയുമ്ബോഴും ഇറാനെ ഏതെങ്കിലും ഒരു കാരണം കണ്ടെത്തി ആക്രമിക്കുകയെന്നതും യുദ്ധം ആരംഭിക്കുകയെന്നതുമാണ് അമേരിക്കന്‍ തന്ത്രം. മുന്‍പ് ഇറാഖിനെതിരെയും ഇതേ രീതിയില്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച്‌ പണ്ട് യുദ്ധം ആരംഭിച്ച ചരിത്രമാണ് അമേരിക്കക്കുള്ളത്.

സദ്ദാം എന്ന ഭരണാധികാരിയെ വശത്താക്കാന്‍ പല രീതിയിലും തന്ത്രങ്ങള്‍ പ്രയോഗിച്ച അമേരിക്കയ്ക്ക് ആദ്യഘട്ടത്തില്‍ അതില്‍ വിജയം നേടാനായെങ്കിലും ക്രമേണ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത സദ്ദാമിനെ ഏതു വിധേനയും നശിപ്പിക്കേണ്ടത് ആവശ്യമായി വന്നു. പൂര്‍വ്വമദ്ധ്യേഷ്യയില്‍ ഏകാധിപതിയായ സദ്ദാം വലിയ ഭീഷണിയാണെന്ന് വരുത്തി തീര്‍ത്ത് സദ്ദാമിനെ വേട്ടയാടി കൊലപ്പെടുത്തുകയാണ് അമേരിക്ക ചെയ്തത്. ഏറ്റവുമൊടുവില്‍ ലോക ഭൂപടത്തില്‍ ഒന്നുമല്ലാതാക്കി ഇറാഖിനെ മാറ്റാന്‍ അമേരിക്കയ്ക്ക് സാധിച്ചു. അതേ പോലെ തന്നെ ഇപ്പോള്‍ ഇറാനെയും അതേ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാന്‍ അമേരിക്ക സര്‍വ്വതന്ത്രങ്ങളും പ്രയോഗിക്കുകയാണ്.

അതിനു കൂട്ടു നില്‍ക്കുതാകട്ടെ പാശ്ചാത്യ സംസ്‌കാരം ഇഷ്ടപ്പെടുന്ന സൗദി അറേബ്യയും അവിടുത്തെ ഭരണാധികാരികളും. ഏറ്റവും പ്രധാന ലക്ഷ്യം പൂര്‍വ്വ മദ്ധ്യേഷ്യയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ എതിനുമപ്പുറം ഇസ്ലാം ലോകത്ത് നിന്നോ ഏഷ്യയില്‍ നിന്നോ കരുത്തുറ്റ രാജ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ശ്രമിച്ചാല്‍ അവയെ ഏതു രീതിയിലും ആക്രമിച്ച്‌ നശിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യമാണ് അമേരിക്കയ്ക്കുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ തന്ത്രം ഉപയോഗിച്ച്‌ അമേരിക്ക തങ്ങളുടെ അജണ്ട നടപ്പാക്കിയിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകുന്നത്.

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയെ തുണക്കുമെന്നുറപ്പുള്ള അഥവാ നിരവധി തവണ തുണച്ചിട്ടുള്ള ഇസ്ലാമിക രാഷ്ട്രമാണ് ഇറാന്‍. അതു മാത്രമല്ല ഇന്ത്യയും ഇറാനും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇരു രാജ്യങ്ങളും പാകിസ്ഥാന്‍ പ്രഭവ കേന്ദ്രമായിയുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം അനുഭവിക്കാന്‍ ഇടവന്നിട്ടുള്ള രാജ്യങ്ങളുമാണ്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നടത്തിയപ്പോള്‍ അതേസമയം ഇറാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്ബുകളെ ഇറാന്‍ സൈന്യം ആക്രമിച്ചിരുന്നു. അന്ന് ഇറാന്‍ മുന്നോട്ടുവെച്ച ഏറ്റവും വലിയ ആശയങ്ങളിലൊന്ന് ഒരേസമയം അതിര്‍ത്തികളിലെ ക്യാമ്ബുകളില്‍ ഇരുഭാഗത്തു നിന്നുമായി ഇന്ത്യയും ഇറാനും പാകിസ്ഥാനിലെ ക്യാമ്ബുകള്‍ ആക്രമിച്ചാല്‍ വലിയൊരു അളവ് വരെ ഭീകരര്‍ക്ക് നഷ്ടമുണ്ടാക്കാന്‍ കഴിയുമെതായിരുന്നു.

അതേസമയം ലോക രാജ്യങ്ങളുടെ ഇടപെടല്‍ ഈ വിഷയത്തിലുണ്ടാവുമെന്ന് ഭയന്ന ഇന്ത്യ ആ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ തയ്യാറായില്ല. മാത്രമല്ല മദ്ധ്യേഷ്യയില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളില്‍ മാത്രമല്ല ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വേദികളില്‍ ഇന്ത്യ അവതരിപ്പിക്കുന്ന പ്രമേയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ചുരുക്കത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ സുഹൃത്തുകളില്‍ ഒരാളായ ഇറാന്‍ ഇത്തരം ഒരു യുദ്ധഭീഷണി നേരിടുമ്ബോള്‍ മിനിമം മദ്ധ്യസ്ഥന്റെ വേഷമെങ്കിലും ഇന്ത്യ സ്വീകരിക്കണം. ഇറാന്‍ പ്രതീക്ഷിക്കുന്നതും ഒരു പക്ഷേ അതായിരിക്കാം. അല്ലാത്തപക്ഷം അതൊരു നന്ദികേടാവും. ലോകസമാധാനത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അത് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏറ്റവും നല്ല നീക്കവുമാകും.

Related News