Loading ...

Home sports

തീപ്പൊരി ഇംഗ്ലണ്ട് ; അഫ്ഗാനെതിരെ കൂറ്റന്‍ ജയം

ലോകകപ്പില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ആതിഥേയരായ ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 150 റണ്‍സിന് തകര്‍ത്ത അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 397/6 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍, അഫ്ഗാന് 247/8 വരെ സ്കോര്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ. 71 പന്തില്‍ 17 സിക്സറുകളടക്കം 148 റണ്‍സ് നേടിയ നായകന്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ട് വിജയത്തിലെ പ്രധാനി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കില്‍ മോര്‍​ഗന്റെ മിന്നും പ്രകടനം മറ്റുള്ളവയുടെ മാറ്റ് കുറച്ചു. മുപ്പതാം ഓവറിലെ അവസാന പന്തില്‍ ബാറ്റിങ്ങിനെത്തിയ മോര്‍​ഗന്‍ അഫ്​ഗാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ചു. വെറും 71 പന്തില്‍ നാല് ഫോറും പതിനേഴ് സിക്സുമായി താരം അടിച്ചുകൂട്ടിയത് 148 റണ്‍സായിരുന്നു. ഇതോടെ ഒരിന്നിം​ഗ്സില്‍ ഏറ്റവുമധികം സിക്സറുകളടിക്കുന്ന താരമെന്ന നേട്ടം മോര്‍​ഗന്‍ സ്വന്തമാക്കി. അഫ്​ഗാന്റെ ലോകോത്തര സ്പിന്നര്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് ഓവറില്‍ മൂന്ന് തവണ വീതമാണ് മോര്‍​ഗന്‍ സിക്സ് പറത്തിയത്. മോര്‍​ഗനും ജോ റൂട്ടും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 189 റണ്‍സാണ് അടിച്ചുകൂട്ടിയത്. നേരത്തെ ഓപ്പണര്‍ ജോണി ബെയ്ര്‍സ്റ്റോയും അഫ്​ഗാനെ നന്നായി പ്രഹരിച്ചിരുന്നു. 99 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 90 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്. റൂട്ട് 82 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സുമടക്കം 88 റണ്‍സ് നേടി അവസാന ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി മോയിന്‍ അലി അഞ്ഞടിച്ചെങ്കിലും സ്കോര്‍ 400 കടത്താനായില്ല. അഫ്​ഗാന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം കണക്കിന് വാങ്ങികൂട്ടിയെങ്കിലും ബെയര്‍സ്റ്റോ, റൂട്ട്, മോര്‍​ഗന്‍ എന്നിവരെ വീഴ്ത്തി ക്യാപ്റ്റന്‍ ​ഗുലാബുദിന്‍ നയിബ് ഭേദപ്പെട്ടുനിന്നു. ഒമ്ബത് ഓവറില്‍ 110 റണ്‍സാണ് റാഷിദ് ഖാന്‍ വാങ്ങിക്കൂട്ടിയത്. ഹിമാലയന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് രണ്ടാം ഓവറില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ നൂര്‍ അലി സദ്രാനാണ് പുറത്തായത്. പിന്നീട് അഫ്ഗാന്‍ കളിച്ചത് വന്‍ തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സാവധാനം ബാറ്റ് ചെയ്ത അവര്‍ വിക്കറ്റുകള്‍ സൂക്ഷിച്ച്‌ കളിക്കാനാണ് ശ്രമിച്ചത്. ഹഷ്മത്തുള്ള ഷാഹിദി 76 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായപ്പോള്‍, 46 റണ്‍സ് നേടിയ റഹ്മത് ഷാ, 44 റണ്‍സെടുത്ത അസ്ഗര്‍ അഫ്ഗാന്‍ എന്നിവരും അവര്‍ക്കായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി‌.

Related News