Loading ...

Home sports

ഇതിലും മികച്ചൊരു ഹാട്രിക്കില്ല ; ഗോപാലിന്റെ ഹാട്രിക്കിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ‌ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ഒരു പിടി ആവേശക്കാഴ്ചകള്‍ക്ക് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചു. മഴ മാറി നിന്നപ്പോള്‍ അഞ്ച് ഓവറാക്കി ചുരുക്കി ആരംഭിച്ച മത്സരം കോഹ്ലിയുടെ വെടിക്കെട്ടോടെയാണ് ചൂട് പിടിച്ച്‌ തുടങ്ങിയതെങ്കിലും മത്സരത്തിന്റെ രണ്ടാം ഓവറില്‍ ശ്രേയസ് ഗോപാല്‍ നേടിയ തകര്‍പ്പന്‍ ഹാട്രിക്കാണ് കളിയിലെ ഏറ്റവും വലിയ ആവേശക്കാഴ്ചയായത്. അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഗോപാല്‍ പന്തെറിയാനെത്തിയപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഒന്ന് നെറ്റി ചുളിപ്പിച്ചു‌. ഇത് പോലൊരു സാഹചര്യത്തില്‍ സ്പിന്നറെക്കൊണ്ട് പന്തെറിയിക്കുന്നത് മണ്ടത്തരമാകില്ലേ എന്നതായിരുന്നു അവരുടെ സംശയം‌. ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ഗോപാല്‍ 12 റണ്‍സ് വഴങ്ങുക കൂടി ചെയ്തതോടെ സ്പിന്നറെ കൊണ്ടു വന്ന തീരുമാനം പാളിയെന്ന് എല്ലാവരും കരുതി. എന്നാല്‍ പിന്നീടായിരുന്നു‌ ഗോപാലിന്റെ മാജിക്ക് ഹാട്രിക്ക്. ഓവറിലെ നാലാം പന്തില്‍ കോഹ്ലിയേയും, അഞ്ചാം പന്തില്‍ ഡിവില്ലിയേഴ്സിനേയും പുറത്താക്കിയ രാജസ്ഥാന്‍ സ്പിന്നര്‍, ഓവറിലെ അവസാന പന്തില്‍ സ്റ്റോയിനിസിനെ പുറത്താക്കി ഹാട്രിക്കും തികച്ചു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ പുറത്താക്കി ഹാട്രിക്ക് തികച്ച ഗോപാലിനെ അദ്ദേഹത്തിന്റെ നേട്ടത്തിന് ശേഷം വാഴ്ത്തി ക്രിക്കറ്റ് ലോകം രംഗത്തെത്തി. ഇതിലും നല്ലൊരു ഹാട്രിക്ക് ലഭിക്കാനില്ലെന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റിന്ത്യന്‍ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത്വൈറ്റ് അഭിപ്രായപ്പെട്ടത്. മത്സരം അവസാനം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഗോപാലിന്റെ ഈ മാജിക്ക് ഹാട്രിക്ക് കുറച്ച്‌ കാലം ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മയില്‍ത്തന്നെ കാണും.

Related News