Loading ...

Home sports

റയലിനെ വല്ലെകാനോയും വീഴ‌്ത്തി

മാഡ്രിഡ്‌
സിനദിന്‍ സിദാന്റെ പരീക്ഷണങ്ങള്‍ക്കും റയല്‍ മാഡ്രിഡിനെ രക്ഷിക്കാനാകുന്നില്ല. സ്‌പാനിഷ്‌ ലീഗില്‍ 19--ാം സ്ഥാനക്കാരായ റയോ വല്ലെകാനോയോട്‌ ഒരു ഗോളിന്‌ തോറ്റു. തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന വല്ലെകാനോയ്‌ക്കായി ആഡ്രിയാന്‍ എംബാര്‍ബ പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടു. തോറ്റെങ്കിലും 35 കളികളില്‍നിന്ന‌് 65 പോയിന്റുമായി മൂന്നാംസ്ഥാനത്ത‌് തുടരുകയാണ‌് റയല്‍.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സിദാന്‍ പരീക്ഷണം തുടര്‍ന്നു. ഇത്തവണ എട്ടു മാറ്റങ്ങളാണ്‌ ടീമില്‍ കൊണ്ടുവന്നത്‌. ഏപ്രില്‍മുതല്‍ ടീമിന്റെ എല്ലാ ഗോളുകളും നേടിയ കരീം ബെന്‍സെമ ഇല്ലാതെയാണ്‌ റയല്‍ ഇറങ്ങിയത്‌. പരിക്ക്‌ ഫ്രഞ്ചുകാരനെ പുറത്തിരുത്തി. അവസാനം കളിച്ച 13 കളികളില്‍ ഒരു മത്സരം മാത്രം ജയിച്ച ടീം. ലീഗില്‍ തരംതാഴ്‌ത്തലില്‍ നില്‍ക്കുന്ന ടീം. റയലിനോട‌് അവസാനമായി ഏറ്റുമുട്ടിയ 17 കളികളിലും തോറ്റ ടീം, ഇതൊന്നും സ്വന്തം മൈതാനത്ത്‌ വല്ലെകാനോയെ ബാധിച്ചില്ല. സര്‍വതും മറന്ന‌് അവര്‍ പൊരുതി. മറുഭാഗത്ത്‌ റയല്‍ നിശബ്ദമായിരുന്നു. ഒന്നും ചെയ്തില്ല. കളിയുടെ തുടക്കത്തിലേ സാവി ഗുറേറയെ യുവപ്രതിരോധക്കാരന്‍ ജെസ്യൂസ്‌ വല്ലെയോ വീഴ്‌ത്തിയതിനു ലഭിച്ച പെനല്‍റ്റിയാണ്‌ കളിയുടെ ഫലമെഴുതിയത്‌. ആദ്യം ഫൗള്‍ കാണാതിരുന്ന റഫറി പിന്നീട്‌ വാര്‍ പരിശോധനയിലുടെ പെനല്‍റ്റിയുറപ്പിച്ചതോടെ എംബാര്‍ബ കിക്കെടുത്തു. സിദാനു കീഴില്‍ ആദ്യ അവസരം കിട്ടിയ റയല്‍ ഗോള്‍കീപ്പര്‍ തിബൗ കുര്‍ട്ടോയ്‌ക്ക്‌ ഒന്നുംചെയ്യാനായില്ല. പന്ത്‌ വലയില്‍. റയല്‍ പിടഞ്ഞു. സമയം ഒരുപാടുണ്ടായിട്ടും തിരിച്ചുവരാന്‍ റയലിനായില്ല. സീസണിലെ റയലിന്റെ പത്താം തോല്‍വിയാണിത്‌. 2008--09നു ശേഷം ആദ്യമായാണ്‌ റയല്‍ ഇത്രയും മത്സരങ്ങളില്‍ ഒരു സീസണില്‍ തോല്‍ക്കുന്നത്‌. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ‌് അവര്‍ ലീഗിലെ അവസാന സ്ഥാനക്കാരായ ഒരു ടീമിനോട‌് പരാജയപ്പെടുന്നത‌്. ഞായറാഴ‌്ച വിയ്യാറയലുമായാണ‌് റയലിന്റെ അടുത്ത കളി.

Related News