Loading ...

Home India

ബര്‍സ- ഡോ. ഖദീജാ മുംതാസ്

അനീസ ഇഖ്ബാല്‍

ബര്‍സ എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവള്‍ എന്നൊരര്‍ത്ഥം കൂടിയുണ്ട്. സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥകളോട് അക്ഷരങ്ങള്‍ കൊണ്ട് ഡോ.ഖദീജാ മുംതാസ് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. താന്‍ ജീവിക്കുന്ന സാമൂഹികാവസ്ഥകളോടുള്ള നീട്ടിയെഴുത്തുകളാണ് ഖദീജാ മുംതാസിന്റെ കൃതികള്‍. ചിന്തകള്‍ക്ക് തീപിടിക്കുന്ന ഒരു കാലത്ത് നിശ്ശബ്ദയായിരിക്കാന്‍ ഈ എഴുത്തുകാരിക്കാവുന്നില്ല. അതുകൊണ്ടാണ് ഡോ.ഖദീജാ മുംതാസിന്റെ ശബ്ദം ചാട്ടുളിപോലെ സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പതിക്കുന്നത്. ഓര്‍മകളില്‍പോലും ഇടം കിട്ടാതെ പോയവരുടെ ദീന വിലാപങ്ങള്‍ക്കിടയില്‍ നിന്ന് ഡോ. ഖദീജാ മുംതാസ് സംസാരിക്കുന്നു…..

നമ്മുടെ സമൂഹത്തിലും കുടുംബത്തിലും പെണ്‍കുട്ടികള്‍ വളരെ അസ്വതന്ത്രരായല്ലേ വളരുന്നത്? 
വിദ്യാഭ്യാസം നേടി മുന്നേറി എന്നു നാമഭിമാനിക്കുമ്പോഴും മാനസികമായ അടിമത്തത്തില്‍ നിന്ന് മലയാളി സ്ത്രീ ഇന്നും മുക്തരായി എന്നു പറയാറായിട്ടില്ല. കൂട്ടങ്ങളായി ഉപയോഗിക്കാവുന്ന, സദാചാരിണീമുദ്ര കൊതിക്കുന്ന, പാരമ്പര്യമത ബോധങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വികസിതമാകാത്ത സ്ത്രീ സ്വത്വബോധം തന്നെയാണ് ബഹുഭൂരിപക്ഷത്തിനുമെന്ന് വര്‍ത്തമാന സംഭവവികാസങ്ങളും അടിവരയിടുന്നു. എല്ലാ സമുദായങ്ങളിലും ഇതൊരളവുവരെ ശരിയാണ്. സെമറ്റിക് മതാശയ സ്വാധീനമുള്ളതിനാല്‍ മുസ്ലിം സ്ത്രീകളില്‍ ഇതേറെ ശക്തവുമാണ്. പക്ഷേ, പുതിയൊരു തലമുറ വളര്‍ന്നുവരുന്നു എന്നത് ഏറെ ശുഭോദര്‍ക്കമാണ്. അതിനും ഉദാഹരണങ്ങള്‍ വര്‍ത്തമാനകാലം തന്നെ കാട്ടിത്തരുന്നുമുണ്ട്. ഇക്കഴിഞ്ഞ പ്രളയകാലത്ത്, ആണ്‍പെണ്‍ഭേദങ്ങളെ തൂത്തെറിഞ്ഞ നമ്മുടെ യുവതലമുറ ദുരന്തനിവാരണ രംഗത്തും ദുരിതാശ്വാസ ക്യാമ്പുകളിലും സ്വതന്ത്രരായി, മാനവികതാബോധത്തോടെ കൈമെയ് മറന്നു പ്രവര്‍ത്തിച്ചതു നാം കണ്ടു. കണ്ണുരുട്ടേണ്ടവര്‍ നിസ്സഹായരായപ്പോള്‍ അവര്‍ സ്‌നേഹത്തിന്റെ പ്രകാശം പ്രസരിപ്പിച്ചു. പിന്നീടുണ്ടായ കന്യാസ്ത്രീ പ്രശ്‌നത്തില്‍ ശക്തമായ പിന്തുണയേകി സ്ത്രീകള്‍, ചെറുപ്പക്കാരും, ആക്ടിവിസ്റ്റുകളും മാത്രമല്ല നീതിബോധമുള്ള ഏറെ വീട്ടമ്മാമാരും. പുരുഷവിഹാരമേഖലയായ സിനിമാരംഗത്തെ പെണ്‍കൂട്ടായ്മയുടെ സ്തുത്യര്‍ഹമായ സാന്നിധ്യവും ഇടപെടലുകളും മറ്റൊന്ന്. നമ്മുടെ കുടുംബങ്ങളില്‍ പഴയ സ്ത്രീവിരുദ്ധനയങ്ങളെ തട്ടിമാറ്റിക്കൊണ്ട് പെണ്‍കുട്ടികള്‍ വളര്‍ന്നു വരുന്നുണ്ട്. അതേ തലമുറയിലെ ആണ്‍കുട്ടികളെപ്പോലും അങ്കലാപ്പിലാക്കിക്കൊണ്ട്. മതാചാരങ്ങളും ഏറിവരുന്ന മതസങ്കുചിതത്വബോധവും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന രീതിയും എല്ലാം കൂടി പുതിയ തലമുറയിലെ ആണ്‍കുട്ടികളില്‍ വലിയൊരു വിഭാഗത്തിന്റെ വീക്ഷണങ്ങളെ ഏറെ മുന്നോട്ടു കൊണ്ടു പോകാതെ മരവിപ്പിച്ചു നിര്‍ത്തുന്നു എന്ന വൈരുദ്ധവും നിലനില്‍ക്കുന്നു. ഇവ രണ്ടും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുടുംബങ്ങള്‍ക്കകത്തും പുറത്തും നമുക്കു കാണാം. വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍, സദാചാര പോലീസിംഗ് എന്ന ആഭാസം ഇവയിലൊക്കെ ഇതു നിഴലിക്കുന്നതു കാണാം.

Khadeeja

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇന്നും വിവേചനങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍? 
സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍ എന്നതിന്റെ വ്യാപ്തി ഇന്നേറെ വര്‍ദ്ധിച്ചിട്ടുണ്ട്. പുരുഷനു ചെന്നെത്താവുന്ന ഏകദേശം എല്ലാ മേഖലകളിലും ഇന്ന് സ്ത്രീ കഴിവു തെളിയിച്ചു കൊണ്ടിരിക്കുന്നു. പോലീസ്, സൈന്യം, പത്ര പ്രവര്‍ത്തനരംഗം തുടങ്ങി എല്ലായിടത്തും. ഒപ്പം താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ പണിയെടുക്കുന്ന മേഖലകള്‍, പല കാരണങ്ങളാല്‍ സ്ത്രീത്തൊഴിലാളികളെ കൂടുതലായി താല്പര്യപ്പെടുന്ന ഇടങ്ങള്‍ ഇന്ന് ഏറെയാണ്. അവിടങ്ങളിലൊക്കെ വിവേചനങ്ങള്‍ മാത്രമല്ല, പല രീതിയിലുള്ള ചൂഷണങ്ങള്‍ക്കു കൂടി വിധേയരാകുന്നുണ്ട് സ്ത്രീകള്‍. ചൂഷണങ്ങള്‍ സാമ്പത്തികമാകാം, ജോലി ചെയ്യുന്ന ഇടങ്ങളിലെ ടോയ്‌ലറ്റ് പോലെയുള്ള അവശ്യസൗകര്യങ്ങളൊരുക്കായ്മയാകാം, ലൈംഗിക ചൂഷണങ്ങള്‍ വരെയാകാം. എത്രയൊക്കെ പറഞ്ഞാലും പൊതു സമൂഹം ഇന്നും പുരുഷാധിപത്യപരമാണ്. കമ്പോള സംസ്‌കാരത്തിന്റെ കടന്നു കയറ്റവും കൂടിയായപ്പോള്‍ ഇത്തരം സ്ത്രീകള്‍ കൂടുതല്‍ നിസ്സഹായരും ചൂഷിതരുമായി മാറിയിരിക്കുന്നു. കൂടാതെ, തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടത്, ജോലിസ്ഥിരതയില്ലായ്മ എന്നിങ്ങനെ പുരുഷന്മാരെ കൂടി ബാധിക്കുന്ന പ്രശ്‌നങ്ങളും ധാരാളം. ഉയര്‍ന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഇവയ്‌ക്കെതിരെ പൊരുതാനും ശബ്ദിക്കാനും ആത്മവിശ്വാസം കൂടുതലുണ്ടാകാം. താഴ്ന്ന ജോലിക്കാര്‍, പ്രത്യേകിച്ച് ജാതിപരമായി കൂടി താഴ്ന്ന നിലകളില്‍ നിന്നു വന്നവരാണെങ്കില്‍ അവരുടെ സഹനത്തിന്റെ തോതും കൂടുതലാവുകയാണ്.

ബര്‍സ എന്ന നോവലിലൂടെയാണ് ഖദീജാംമുംതാസ് എന്ന എഴുത്തുകാരി മലയാള സാഹിത്യത്തില്‍ ഇടം പിടിക്കുന്നത്.

ഏഴുവര്‍ഷം സൗദി അറേബ്യയില്‍, പുണ്യനഗരിയായ മക്കയില്‍ ഡോക്ടറായി ജോലി ചെയ്ത അനുഭവമുണ്ട്. ആദ്യ നോവലിനുശേഷം വൈദ്യാനുഭവങ്ങള്‍ ഒക്കെ എഴുതിക്കൊണ്ടിരുന്നതിനിടയില്‍ (‘ഡോക്ടര്‍ ദൈവമല്ല’ എന്ന പേരില്‍ ആ പരമ്പര പുസ്തകമായിട്ടുണ്ട്) ഒരു സാഹിത്യ സുഹൃത്താണ് എന്തുകൊണ്ട് ഈ അനുഭവപശ്ചാത്തലത്തിലൊരു നോവലായിക്കൂടാ എന്നു സൂചിപ്പിച്ചത്. ആദ്യ പുസ്തകത്തിന്റെ പ്രസാധകരും മറ്റു ചില സുഹൃത്തുക്കളും രണ്ടാമതൊരു നോവലായിക്കൂടേ എന്നു പ്രചോദിപ്പിക്കുകയുണ്ടായി. ആലോചിച്ചപ്പോള്‍ എനിക്കും തോന്നി, അതൊരു സാധ്യതയല്ലേ എന്ന്. സാധ്യത എന്നുദ്ദേശിച്ചത്, എന്റെ മനസ്സില്‍ കാലങ്ങളായി വിങ്ങുന്ന ചിലവ, ചില സന്ദേഹങ്ങള്‍. ചോദ്യങ്ങള്‍. അങ്ങനെ സബിതയുണ്ടായി. പ്രണയത്തിന്റെ പേരില്‍, പ്രണയത്തിനുവേണ്ടി ഇസ്ലാമിലേക്കു കടന്നു വന്ന സബിത. എന്തിനാണവളെ ഹിന്ദുവാക്കിയത് എന്നു ചോദിച്ചവര്‍ ധാരാളം. പരമ്പരാഗത മതസങ്കല്പത്തിനു പുറത്തു നില്‍ക്കുന്നവള്‍ ആചാരപ്രധാനമായ മതത്തെ നോക്കി കാണുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളാവിഷ്‌കരിക്കാന്‍ അതു നല്ല വഴിയെന്നു തോന്നി. തുറന്ന മനസ്സുമായി, പ്രണയപൂര്‍വം റഷീദിന്റെ ജീവിതത്തിലും ഇസ്ലാമിലും എത്തുന്ന അവള്‍ക്ക് നിഷ്‌കളങ്കമായി ചോദ്യങ്ങളാവാമല്ലോ. ഉത്തരം കൊടുക്കാന്‍ മതത്തിനും പ്രണയിക്കും ബാധ്യതയുമുണ്ടല്ലോ.

‘നീട്ടിയെഴുത്തുകള്‍’ ഒരു പക്ഷേ ഇതിന്റെ മറുവശമാണോ? കേരളത്തിന്റെ നവോത്ഥാനത്തെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ നടന്ന നവോത്ഥാനത്തെയും നാടിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നടന്ന ചില സംഘര്‍ഷഭൂമികയെയുമൊക്കെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടല്ലോ.

എഴുത്ത് ഒരു സ്ത്രീയ്ക്ക് നല്‍കുന്ന തുറസ്സ് ഉണ്ടല്ലോ. അതുവരെയില്ലാത്ത സാമൂഹ്യബന്ധങ്ങള്‍, ചിന്തകളുടെ പങ്കുവെയ്ക്കല്‍, ധാരാളം വായന, മനനം, അതുവരെ പരിചയമില്ലാതിരുന്ന സാമൂഹ്യ സാമുദായിക സാംസ്‌കാരിക സംഘടനകളുമായി സംവേദനം സാധ്യമാകല്‍ ഒക്കെ അവളുടെ ലോകബോധ്യങ്ങളെ മാറ്റിമറിക്കാം, വിശാലമാക്കാം. സ്ത്രീയുടെ കാര്യത്തില്‍ ഒരു പക്ഷേ അതിന് വേഗതയും കൂടിയിരിക്കും. അവള്‍ ഓടിയെത്തുകയാണല്ലോ. നടത്തത്തിനു പോലും നിയന്ത്രണങ്ങളുണ്ടായിരുന്നവള്‍! ചരിത്രം എനിക്കിഷ്ട വിഷയം. വരികള്‍ക്കിടയില്‍ വായിക്കുന്ന സ്വഭാവവുമുണ്ട്. ഒരേ വിഷയത്തെ ഒരേ സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധികളെ വ്യത്യസ്ത ആളുകള്‍, ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന വൈരുധ്യങ്ങള്‍. അവയിലൂടെയങ്ങനെ കടന്നു പോകുമ്പോഴാണ് നമ്മുടേതായ ഒരു പാത, നമ്മുടെ ബോധ്യങ്ങളുടെ പാത തുറന്നു കിട്ടുന്നത്. അതേറ്റവും ശരിയായ പാത എന്ന ഊറ്റമൊന്നുമില്ല. പക്ഷേ അതിലൂടെ സഞ്ചരിക്കാന്‍ നമുക്കവകാശമുണ്ട്. ഇസ്ലാമികവാദം പോലെത്തന്നെ, ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ അതിനേക്കാള്‍ വിനാശകാരിയായ ഒന്നാണ് ഹിന്ദുത്വവാദമെന്ന തിരിച്ചറിവിലേക്കെത്തുന്നത് സാവകാശത്തില്‍ത്തന്നെയാണ്. ഇന്‍ഡ്യന്‍ ചരിത്രത്തിലാഴ്ന്നു നില്‍ക്കുന്ന അതിന്റെ വേരുകള്‍, ഇന്ത്യാവിഭജനം, മുസ്ലിംലീഗില്‍ ഒതുങ്ങേണ്ടി വന്ന ദേശീയവാദികളും ഗാന്ധിയന്മാരുമായിരുന്ന നേതാക്കള്‍ ഇവയൊക്കെ ഒരു മുസ്ലിം സ്ത്രീയുടെ ജീവിതത്തോട് വിളക്കിച്ചേര്‍ത്ത് എഴുതാന്‍ ശ്രമിക്കുകയായിരുന്നു. എന്റെ ഉമ്മയുടെ ജീവിതപശ്ചാത്തലമാണ് നോവലില്‍; കൊടുങ്ങല്ലൂര്‍ എന്ന ദേശവും അതിന്റെ ചരിത്രവും. കൃതിയെപ്പറ്റി വലിയ അവകാശവാദങ്ങള്‍ ഇല്ല. കുറച്ചു കൂടി നന്നാക്കി എഴുതാമായിരുന്നു എന്ന തോന്നല്‍ ഇപ്പോഴുണ്ട്. എഴുതിത്തീര്‍ക്കാനുള്ള ഒരു തിരക്ക് എന്തുകൊണ്ടോ ഉണ്ടായിരുന്നു.

‘നീട്ടിയെഴുത്തുകള്‍’ പെണ്‍ തലമുറകളുടെ കഥകൂടിയാണ്. ഇനിയും ജനിക്കാതെപോയ ഒരു പെണ്‍കുട്ടിപോലും ഇതില്‍ കഥാപാത്രമാണ്.

മൂന്നു തലമുറയിലെ സ്ത്രീകള്‍ ഈ നോവലിലുണ്ട്. സ്ത്രീജീവിതങ്ങള്‍ എപ്പോഴും നീട്ടിയെഴുത്തുകളാണല്ലോ. പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആഗ്രഹങ്ങള്‍, സ്വപ്‌നങ്ങള്‍, സര്‍ഗ്ഗാത്മകതകള്‍, ബൗദ്ധികവ്യാപാരങ്ങള്‍. പിന്‍ഗാമിയില്‍ അതു കണ്ടു സായൂജ്യമടയേണ്ടിവരുന്നു സ്ത്രീക്ക്. പിറക്കാതെ പോകുന്നവള്‍ കൂടി അവളുടെ വ്യഥയാണ്. ഇന്നു നീയുണ്ടായിരുന്നുവെങ്കില്‍ എങ്ങനെ സ്വയം ആവിഷ്‌കരിക്കുമായിരുന്നു എന്ന ചിന്ത. പെണ്‍കുട്ടിയിലൂടെ മാത്രം പൂര്‍ത്തീകരിക്കാനാവുന്ന അമ്മയുടെ സ്വത്വം… പെണ്‍കുഞ്ഞുങ്ങളെ പിറക്കാന്‍ വിടാതെ ശൂന്യതയില്‍ തള്ളിവിടുന്ന ശാസ്ത്രകാലത്തിന്റെ ക്രൗര്യത്തെ, ഗര്‍ഭഛിദ്രത്തെ മെഹറെന്ന ഗൈനക്കോളജിസ്റ്റിന്റെ ആത്മവിചാരണയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അനാമിക അല്ലെങ്കില്‍ ദിയ പിറക്കുന്നത്. ദിയ, പ്രകാശമാകേണ്ടിയിരുന്നവള്‍. മെഹറിന്റെ സങ്കല്പത്തിലെ മകള്‍.

ഇന്ത്യയില്‍ ഹിന്ദുത്വം ഫാസിസ്റ്റ് ശക്തിയായി ന്യൂനപക്ഷങ്ങളെ, ദളിതുകളെ, സ്ത്രീകളെ, എഴുത്തുകാരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ഇന്നു കണ്ട ഒരു വീഡിയോക്ലിപ്പിംഗ് ആണ് എന്റെ മനസ്സില്‍. മഹാരാഷ്ട്രയിലെ ലത്തൂരില്‍ ഹനുമാന്‍ കോവിലില്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ അവിടെ ഒരു ദളിത് യുവതിയെയും, അവളുടെ അമ്മയായതുകൊണ്ടുമാത്രം ഒരു മധ്യവയസ്‌കയെയും ഉയര്‍ന്ന ജാതിക്കാരായ പുരുഷകേസരികള്‍ വളഞ്ഞിട്ടു തല്ലിച്ചതയ്ക്കുന്ന വീഡിയോ. ഇതാണ് വര്‍ത്തമാനഇന്ത്യ! അല്ലെങ്കില്‍ ഉത്തരേന്ത്യ എങ്കിലും ഇപ്പോള്‍. ‘സ്വച്ഛഭാരത്’ എന്ന വാക്കില്‍ എന്താണു യഥാര്‍ത്ഥത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്നു സൂചിപ്പിക്കുകയുണ്ടായി ഈയിടെ, സാംസ്‌കാരിക നിരീക്ഷകനും സുഹൃത്തുമായ ഇ പി രാജഗോപാലന്‍. മ്ലേച്ഛമായ എല്ലാം അടിച്ചു തൂത്തു കളഞ്ഞ് ശുദ്ധമാക്കുക ഭാരതത്തെ! ന്യൂനപക്ഷങ്ങള്‍, സ്വന്തം സ്ഥാനം എവിടെ എന്നു തിരിച്ചറിയാതെ പെരുമാറുന്ന ദളിതന്‍, സ്ത്രീ! അധികാരം ഒരൊറ്റ ശക്തിയിലേക്കു കേന്ദ്രീകരിക്കുകയാണ്. ലോകത്തിലേയ്ക്കും വെച്ചേറ്റവും ഉയരമുള്ള ശക്തിസ്വരൂപമായി അതു നിവര്‍ന്നു നില്ക്കുന്നു. ദളിതന്റെ, ആദിവാസിയുടെ, ദരിദ്രന്റെ, സ്ത്രീയുടെ സങ്കടങ്ങള്‍ക്ക് മേലെ. ‘ഏക്താ’ എന്നതിനു അന്ധമായ അനുസരണം, ഉപാധികളില്ലാത്ത ആരാധന എന്നാണര്‍ത്ഥം. അതാണു വന്നുകൊണ്ടിരിക്കുന്ന ഫാസിസകാലം. അതിന്റെ വിശ്വരൂപം ഇനിയും മനസ്സിലാക്കാത്തവരെപ്പറ്റി, അവഗണിക്കുന്നവരെപ്പറ്റി എന്തു പറയാനാണ്!

nneetiyezhuthukal

ഫാസിസ്റ്റ് കാലത്തെ സ്ത്രീയുടെ അതിജീവനം എങ്ങനെ?
സ്ത്രീക്ക് മാത്രമായി ഒരു അതിജീവനമോ പ്രതിരോധമോ ഇല്ല. എങ്കിലും സ്ത്രീത്വത്തിന്റെ പ്രതിരോധങ്ങള്‍ പലതലങ്ങളില്‍ നാം കണ്ടുവരുന്നു. ഗൗരീലങ്കേഷ് രക്തസാക്ഷിയായി. ഭരണകൂട സംവിധാനങ്ങളില്‍ കോടതി മാത്രം ഇപ്പോഴും വലിയൊരളവുവരെ ജനാധിപത്യ സംരക്ഷണമെന്ന ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതുപയോഗിച്ച് പൊരുതി നില്‍ക്കുന്ന സ്ത്രീ അഭിഭാഷകര്‍ നമ്മുടെ അഭിമാനമാകുന്നു. ഷബ്‌നം ഹസ്മിയുടെ പോരാട്ടം ഗുജറാത്ത് കലാപം മുതല്‍ തുടങ്ങിയതാണെങ്കില്‍, എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കാശ്മീരിലെ കത്‌വ കേസില്‍ സവര്‍ണ്ണഭീഷണികളെ അതിജീവിച്ചു പിടിച്ചു നില്‍ക്കുന്ന ദീപികാസിംഗ്, ഭരണകൂടത്തിന്റെ അറിവോടെ ദശകങ്ങള്‍ക്കു മുമ്പു നടത്തിയ ഗാസിയാമ്പാദ് കൂട്ടക്കൊലയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നീതി വാങ്ങിക്കൊടുത്ത സ്ത്രീ അഭിഷകര്‍ ഇവരൊക്കെ കാണിക്കുന്ന ആത്മധൈര്യം ഈ പ്രതിരോധങ്ങളുടെ തുടര്‍ച്ച തന്നെയാണ്. കനയ്യകുമാര്‍ എന്ന ഫാസിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥിനേതാവിനെ കോടതി വളപ്പില്‍ വളഞ്ഞിട്ട് തല്ലിയ പുരുഷഅഭിഭാഷകര്‍ മറുപക്ഷത്ത്. അധികാരപക്ഷത്ത് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് സ്ത്രീത്വത്തിന്റെ ഈ ഉജ്വലപ്രതീകങ്ങളെ ചൂണ്ടിക്കാണിക്കാനാകുന്നത് എന്നതുമോര്‍ക്കുക.

എഴുത്തിലൂടെയുള്ള സ്ത്രീപ്രതിരോധങ്ങളെപ്പറ്റി?

എഴുത്തിലൂടെയുള്ള സ്ത്രീ പ്രതിരോധത്തിന്റെ ഏറ്റവും ഉജ്വലമായ ഉദാഹരണം അന്താരാഷ്ട്ര തലത്തില്‍ നാം കണ്ടു. സമാധാനത്തിന്റെ നോബല്‍ പുരസ്‌കാരം നേടിയ ഇറാക്കിലെ യസീദി പെണ്‍കുട്ടി നാദിയമുറാദ്. ഐ എസ് ക്യാമ്പില്‍ അതിക്രൂരമായ കൂട്ടബലാല്‍സംഗത്തിനും ലൈംഗിക കച്ചവടത്തിനും വിധേയാകേണ്ടിവന്നവള്‍. അതിനു മുമ്പ് കുടുംബാംഗങ്ങളെയെല്ലാം കശാപ്പു ചെയ്യുന്നതിനും അവള്‍ സാക്ഷിയാകേണ്ടി വന്നു. അതിസാഹസികമായി പീഡനക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടോടുകയായിരുന്നു അവള്‍. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തില്ല. തനിക്കേറ്റ അപമാനങ്ങള്‍, പീഡനങ്ങള്‍ മറച്ചു വെച്ചില്ല. അവള്‍ എഴുതി തന്റെ ജീവിതം. ‘ഠവല ഹമേെ ഴശൃഹ’ എന്നായിരുന്നല്ലോ അതിന്റെ പേര്. തനിക്കുണ്ടായ അനുഭവങ്ങള്‍ അവസാനത്തേതായിരിക്കട്ടെ എന്ന പ്രതീക്ഷയാണതില്‍. സ്ത്രീ സമൂഹത്തിനു വേണ്ടിയായിരിക്കുമ്പോള്‍ത്തന്നെ അത് എല്ലാത്തരം അധികാര പ്രയോഗങ്ങള്‍ക്കുമെതിരെ, മനുഷ്യസമൂഹത്തിനുവേണ്ടി ഉള്ളു തുറന്ന എഴുത്തായി.

‘മി ടൂ കാമ്പെയി’നെപ്പറ്റി?

‘മി ടൂ കാമ്പെയി’ന്റെ അടിസ്ഥാനവും വാസ്തത്തില്‍ ഇതു തന്നെയാണ്. തന്റേതല്ലാത്ത തെറ്റിനാല്‍ അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡകള്‍ക്ക് സ്വയം ശിക്ഷ മനസാ ഏറ്റുവാങ്ങി ഉരുകുന്നവര്‍ക്ക് അത് വലിയ ആശ്വാസം തന്നെയായി. ബലാല്‍സംഗം ചെയ്യപ്പെടുന്നവളുടെ, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ലൈംഗിക ചൂഷണത്തിനിരയായതിന്റെ മുറിവുകള്‍ പേറുന്നവളുടെ ദീര്‍ഘകാലം നീണ്ടുനില്‍ക്കാവുന്ന മാനസിക പിരിമുറുക്കങ്ങളെപ്പറ്റി അവളുടെ തന്നെ വാക്കുകളില്‍ അറിയാനിടയാകുന്നത് പുരുഷ മനഃസാക്ഷിക്കും ഒരു കുലുക്കിയുണര്‍ത്തലായിത്തീരുന്നു. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പീഡകനെങ്കില്‍ അവളെ കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന, മറച്ചുവെക്കാന്‍ വ്യഗ്രതപ്പെട്ടിരിക്കാവുന്ന ഒരു ചുറ്റുപാടിലായിരുന്നവള്‍, വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും അതൊക്കെ തുറന്നുപറയാനുള്ള ആത്മധൈര്യം ഈ കാംപെയിനിലൂടെ നേടിയിരിക്കുകയാണ്. കേന്ദ്രമന്ത്രിക്കും വിഖ്യാത സിനിമാനടനും ഒക്കെ അവയ്ക്കുത്തരം പറയേണ്ടതായും വന്നല്ലോ. ഇതേറെ പോസിറ്റീവ് ആയി കാണേണ്ടതാണ്. ഒപ്പം, ഈ കാംപെയിനിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ അട്ടിമറിക്കുംവിധം ചില വിളിച്ചുപറയലുകളും ഉണ്ടായിട്ടുണ്ട് എന്നു തോന്നുന്നു. പ്രേമമോ ലൈംഗികാഗ്രഹംപോലുമോ പ്രകടിപ്പിച്ചു എന്നുള്ളത്, അതിനുള്ള ചെറിയൊരുദ്യമം പോലും പ്രകടിപ്പിച്ചു എന്നുള്ളത് ഒരു പുരുഷനെ കാലങ്ങള്‍ക്കുശേഷം കുറ്റക്കാരനാക്കുന്നത് ഒരു തരത്തില്‍ അപഹാസ്യമോ ക്രൂരത തന്നെയോ ആണ്. മനുഷ്യസഹജമായ വീഴ്ചകള്‍ എന്ന നിലയില്‍ ക്ഷമിക്കാനുള്ള മനസ്സും സ്ത്രീത്വത്തിന്റെ മറ്റൊരു ഭാവമാണ്. അയാള്‍ ബലപ്രയോഗത്തിന് മുതിര്‍ന്നിട്ടുണ്ടോ അല്ലെങ്കില്‍ കീഴടങ്ങാത്തതിന് തന്റെ അധികാരവും സ്വാധീനശക്തിയുമുപയോഗിച്ചു പ്രതികാരത്തിന് ശ്രമിച്ചിട്ടുണ്ടോ എന്നതായിരിക്കണം തുറന്നുപറച്ചിലിന്റെ അടിസ്ഥാനം. അല്ലെങ്കില്‍ ഈ പ്രസ്ഥാനം തന്നെ അപഹാസ്യമായിപ്പോകും. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയക്ക് അത്തരമൊരു നെഗറ്റീവ് സാധ്യതകൂടി നിലനില്‍ക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള തന്ത്രം സമാന്തരമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുകൂടി സംശയിക്കണം. കാംപെയിനിനെ വലിയൊരു ഫലിതമാക്കി മാറ്റിത്തീര്‍ക്കുക എന്ന തന്ത്രം. ഫെമിനിസത്തെത്തന്നെ ഒരു പരിഹാസ്യ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതും ബോധപൂര്‍വ്വമാണല്ലോ.

 Barsa_Novel

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന് സമൂഹത്തില്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

ആണ്‍, പെണ്‍ എന്ന് കൃത്യമായി വര്‍ഗീകരിക്കപ്പെട്ട, അതില്‍ ഒരു വര്‍ഗത്തിന് മറ്റേതിനു മേല്‍ ആധിപത്യമുണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സ്വീകരിക്കപ്പെടാന്‍ വലിയ പ്രയാസമാണ്. രണ്ടിനുമിടയില്‍ രണ്ടുമല്ലാത്ത അല്ലെങ്കില്‍ രണ്ടുമാകാനാവുന്ന ഒരു വര്‍ഗത്തെ, പ്രത്യേകിച്ച് പുതിയ കാലത്ത് സ്വത്വബോധവും അവകാശബോധവും ഉള്ള ചിലരെ പ്രതിഷ്ഠിക്കേണ്ടി വരിക; അവര്‍ ജീവിതാനുഭവങ്ങളാല്‍ പെണ്‍വര്‍ഗത്തേക്കാള്‍ കൂടുതല്‍ ലോക ബോധമുള്ളവരാകുക. ഇത് സ്വല്പം അങ്കലാപ്പുണ്ടാക്കുന്ന കാര്യമാണ്. ഇവര്‍ ഈ സമൂഹത്തിന്റെ കപട മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. പുരുഷനു മാത്രമല്ല, ഈ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ആഴത്തില്‍ വേരോടിയ സ്ത്രീ മനസ്സുകള്‍ക്കുമുണ്ടാകും അമ്പരപ്പ്.
അറിവില്ലായ്മമയാണ് ഈ അമ്പരപ്പിനും അകറ്റി നിര്‍ത്തലിനും മറ്റൊരു കാരണം.എന്താണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യു എന്ന അറിവ് ഇല്ലാത്ത പ്രശ്‌നം.മാനസികമായ തലത്തില്‍ മാത്രമല്ല, ശാരീരിക തലത്തിലും ഉണ്ടാകാവുന്ന സങ്കീര്‍ണമായ ഭിന്ന ലൈംഗികതയെപ്പറ്റി ,അവരുടെ ഭിന്ന ലൈംഗികാഭിമുഖ്യത്തിന്റെ ജനിതകവും, അല്ലാത്തതുമായ കാരണങ്ങളെപ്പറ്റി തികച്ചും അജ്ഞരായവര്‍ക്കിടയില്‍ വന്നു പിറക്കേണ്ടി വരുന്നവരുടെ വേദന, നിസ്സഹായത, അത് അഡ്രസ് ചെയ്യപ്പെടാതെ പോകുന്നു. സ്വന്തം വീട്ടില്‍ അങ്ങനെയൊരാളുണ്ടാവുമ്പോള്‍ അതു വലിയൊരു കുടുംബ പ്രശ്‌നമായി മാറുന്നു. മറച്ചുവെക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ ‘നപുംസകം’ എന്ന കഥയില്‍കാണും പോലെ അവരെ നേരിട്ട് ഹിജ്ഡത്തെരുവില്‍ ഉപേക്ഷിക്കാന്‍ സാധിക്കാത്ത മലയാളികുടുംബത്തില്‍ നിന്ന്, വളരുമ്പോള്‍ അവര്‍ സ്വയം നിഷ്‌കാസിതരാവേണ്ടി വരുന്നു, ചിലപ്പോള്‍. തിയറി പഠിച്ചിട്ടുണ്ടങ്കിലും പ്രാവര്‍ത്തിക തലത്തില്‍ അവരെ എങ്ങനെ മാനേജുചെയ്യണമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും കാര്യമായി പരിശീലനമില്ല. അതു കൊണ്ടു തന്നെ മെഡിക്കല്‍ സഹായം തേടിയിട്ടും തെറ്റായ ചികിത്സാമാര്‍ഗങ്ങളില്‍ ഏറെക്കാലം സഞ്ചരിച്ച് അനാരോഗ്യം വാങ്ങി വെക്കുന്നവരുമുണ്ട്. അത്തരം രണ്ടുപേരെപ്പറ്റി അറിയാം. ഒരാള്‍ അതില്‍ നിന്ന് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട് ശരിയായ ചികിത്സ (സര്‍ജറി ) നടത്തി ഇന്ന് സ്ത്രീയായി ജീവിക്കുന്നു. വളരെ ക്രിയേറ്റീവ് ആയി അവരിന്നു സാഹിത്യലോകത്തുണ്ട്.
മൂന്നാമത്തെ കാരണം, സ്വവര്‍ഗലൈംഗികത പലപ്പോഴും ലൈംഗിക ചൂഷണോപാധിയായി ഉപയോഗിക്കപ്പെടുന്നു എന്നതാണ്. അമര്‍ത്തപ്പെട്ട ലൈംഗിക മോഹങ്ങളുമായി കഴിയുന്ന മുതിര്‍ന്ന പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന ബാലന്മാരില്‍ ഉണ്ടാകാവുന്ന മാനസികമായ ട്രോമയും സ്വഭാവ വൈകല്യസാധ്യതയും ഒക്കെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളാണല്ലോ. സ്വവര്‍ഗലൈംഗികത നിയമ വിധേയമാക്കുമ്പോള്‍ ഇത്തരം ആശങ്കകള്‍ കൂടി ഉയര്‍ന്നു വരാം.18 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ അതു ബാലപീഡനമാകുമെന്നതു സത്യമാണെങ്കിലും.
സ്ത്രീകളിലെ സ്വവര്‍ഗ പ്രണയം പലപ്പോഴും പീഡിത സമൂഹത്തിന്റെ പരസ്പര സാന്ത്വനമെന്ന രീതിയില്‍ ഉടലെടുക്കുന്നതുമാകാം. അങ്ങനെയൊന്നുമല്ലാതെയും മാനസികമായ മാത്രം പ്രത്യേകത കൊണ്ടാകുമ്പോഴും അതു അംഗീകരിക്കപ്പെടേണ്ടതാണ്.
ഈ വിഷയത്തില്‍ പൊതു അവബോധമുണ്ടാക്കുക എന്നതു തന്നെയാണു പ്രധാനം. സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. സ്ത്രീകളെപ്പോലെയോ, അവരെക്കാളധികമോ വിവേചനങ്ങളും പീഡനങ്ങളും അനുഭവിക്കുന്നവരാണല്ലോ അവര്‍. ദൃശ്യമാധ്യമങ്ങള്‍, സിനിമ ഇവക്കൊക്കെ വലിയ പങ്കുവഹിക്കാനാവും.
അവബോധമുണ്ടാക്കേണ്ട ഒരു പ്രധാന വിഭാഗം പോലീസുകാരാണ്. സമൂഹത്തിന്റെ നിസ്സഹകരണങ്ങളാല്‍ വീടു വിട്ടിറങ്ങേണ്ടി വരുന്നവരും, ജീവിക്കാന്‍ വേണ്ടി, നിവൃത്തികേടുകൊണ്ട് ശരീരം വില്‍ക്കേണ്ടി വരാവുന്നവരും കൂടിയാണു ട്രാന്‍സ്‌ജെന്‍ഡുകള്‍. അവര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ നിയമപാലകരാല്‍ അപമാനിക്കപ്പെടുന്നുണ്ട്. ഹോട്ടലില്‍ റൂം കൊടുക്കാത്ത പ്രശ്‌നം ഈയിടെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പൗരാവകാശ പ്രവര്‍ത്തകയ്ക്കുണ്ടായി. ലൈംഗിക വൈകൃതത്തിന്റെ ആളുകളാണവര്‍ എന്ന തെറ്റിദ്ധാരണ കൊണ്ടുവരുന്നതാണത്.
ചികിത്സാരംഗത്തും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വിവേചനമനുഭവിക്കാത്ത വിധം ഡോക്ടര്‍മാര്‍ക്ക് പരിശീലനവും ആശുപത്രി സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ തന്നെ മേജര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുന്നത് അവര്‍ക്കും മറ്റു രോഗികള്‍ക്കും അസ്വസ്ഥത കുറക്കാന്‍ നല്ലതാണ്. അതു വിവേചനമല്ല. സ്‌പെഷ്യല്‍ പ്രശ്‌നങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ ക്ലിനിക്കുകളാണ്. സ്ത്രീ രോഗവിഭാഗം പോലെ ഒരു സ്‌പെഷലൈസേഷന്‍ തന്നെ.

athuram

സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട സര്‍ഗ്ഗാത്മക പ്രതിസന്ധികളെപ്പറ്റി?

എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് എഴുത്ത്, സര്‍ഗ്ഗാത്മകത നിലനില്‍ക്കുക തന്നെ ചെയ്യും. ലോകചരിത്രം അതിന് സാക്ഷിയാണ്. സാഹിത്യമില്ലെങ്കില്‍, കലയില്ലെങ്കില്‍ അതിന്റെ അസ്വസ്ഥതകളില്ലെങ്കില്‍ പിന്നെ മനുഷ്യനില്ല. ജന്തുക്കളെപ്പോലെ ഉണ്ടും ഉറങ്ങിയും ഇണചേര്‍ന്നും മാത്രം, യന്ത്രങ്ങളെപ്പോലെ ചിന്തയില്ലാതെ പ്രവൃത്തിമാത്രമായി, മനുഷ്യന് ദീര്‍ഘകാലം നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ എത്ര അടിച്ചമര്‍ത്തിയാലും അത് ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. രൂപവും ഭാവവും മാറാം. മുഖപടമിട്ടുവരാം. എങ്കിലും അത് ഏത് അധികാരഘടനയ്ക്കും അകത്ത് നുഴഞ്ഞുകയറുകതന്നെ ചെയ്യും. ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യും. അതാണ് സര്‍ഗ്ഗാത്മകതയുടെ കരുത്ത്.

Related News