Loading ...

Home India

മൂവായിരത്തോളം കോടി രൂപയുടെ വായ്പത്തട്ടിപ്പ്; ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടര്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍

പുണെ: നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വമ്ബന്‍ ഡി.എസ്.കുല്‍ക്കര്‍ണിക്ക് വേണ്ടി 3000ത്തോളം രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ ഉള്‍പ്പെടെ ആറുപേര്‍കൂടി അറസ്റ്റില്‍. നിക്ഷേപത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ഡി.എസ്. കുല്‍ക്കര്‍ണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങള്‍ മറികടന്ന് വായ്പനല്‍കിയെന്ന കേസിലാണ് മഹാരാഷ്ട്രയിലെ പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ തലപ്പത്തുള്ളവര്‍ കുരുക്കിലായത്.

രവീന്ദ്ര മറാഠേക്ക് പുറമേ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സുശീല്‍ മഹ്നോട്ട്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ ദേശ്പാണ്ഡെ, കുല്‍ക്കര്‍ണിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍ ഗട്ട്പാന്ദേ, ഡി.എസ്.കെ. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രാജീവ് നെവാസ്‌കര്‍ എന്നിവരെയാണ് പുണെ പൊലീസിന്റെ സാമ്ബത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റുചെയ്തത്.

സുനില്‍ മഹ്നോട്ടയെ ജയ്പുരില്‍നിന്നും ദേശ്പാണ്ഡെയെ അഹമ്മദാബാദില്‍നിന്നും ബാക്കിയുള്ളവരെ പുണെയില്‍നിന്നുമാണ് പിടികൂടിയത്. പുണെയിലെ പ്രമുഖ വസ്തുവ്യാപാരിയും കെട്ടിടനിര്‍മ്മാതാവുമാണ് ഡി.എസ്. കുല്‍ക്കര്‍ണി. ഇയാളെയും ഭാര്യ ഹേമന്തിയെയും നാലായിരത്തിലേറെ നിക്ഷേപകരില്‍നിന്നായി 1154 കോടി രൂപ തട്ടിയെടുക്കുകയും 2892 കോടിയുടെ വായ്പ വകമാറ്റുകയും ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ഫെബ്രുവരി 17-നാണ് അറസ്റ്റുചെയ്തത്. കുല്‍ക്കര്‍ണിയുടെ പല ബന്ധുക്കളും ഈ കേസില്‍ ജയിലിലാണ്.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് കുല്‍ക്കര്‍ണിയുടെ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ കോടികള്‍ വായ്പനല്‍കിയതായി കണ്ടെത്തിയത്. കടലാസു കമ്ബനികളുണ്ടാക്കിയാണ് കുല്‍ക്കര്‍ണി ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്തതെന്ന് പുണെ പൊലീസ് കണ്ടെത്തി. ഒരേ കെട്ടിടം ഈടായി കാണിച്ച്‌ പലവട്ടം വായ്പയെടുത്തിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് വായ്പനല്‍കിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഉന്നതര്‍ കുല്‍ക്കര്‍ണിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഈ തട്ടിപ്പു നടത്തിയതെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച കൂടുതല്‍പേര്‍ അറസ്റ്റിലായത്.

Related News