Loading ...

Home USA

വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കി അമേരിക്ക

വാഷിങ്ടണ്‍: വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ യു.എസ് പുറത്താക്കി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണെന്നും യു.എസ് സൈന്യം പ്രതികരിച്ചു.

ആര്‍മിയിലെ പട്ടാളക്കാര്‍, മിലിറ്ററി ബേസിലെ മുഴുവന്‍ സമയ ജീവനക്കാര്‍, കേഡറ്റുകള്‍ എന്നിവര്‍ക്കാണ് ഉത്തരവ് ബാധകമാവുക. എന്നാല്‍, വാക്സിനില്‍ പ്രത്യേക ഇളവ് അനുവദിച്ചവര്‍ക്ക് ഇത് ബാധകമാവില്ല. 2021 ആഗസ്റ്റില്‍ എല്ലാ സൈനികര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കി പെന്റഗണ്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാക്സിന്‍ സ്വീകരിക്കാത്തവരെ ഇപ്പോള്‍ പുറത്താക്കാന്‍ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, യു.എസിലെ ഭൂരിപക്ഷം സൈനികര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. ഇതുവരെ 79 സൈനികരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. വാക്സിന്‍ സ്വീകരിക്കാത്ത സൈനികര്‍ സൈന്യത്തിന് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. യു.എസ് എയര്‍ഫോഴ്സ് നേരത്തെ തന്നെ വാക്സിന്‍ സ്വീകരിക്കാത്തവരെ പുറത്താക്കാന്‍ ആരംഭിച്ചിരുന്നു. 2020 ഡിസംബറിലാണ് അമേരിക്ക അവരുടെ ആദ്യ വാക്സിന് അംഗീകാരം നല്‍കിയത്.

Related News