Loading ...

Home USA

യുഎസ് ഫെഡറല്‍ കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിത; ചരിത്രമെഴുതാന്‍ നുസ്രത് ജഹാന്‍ ചൗധരി

അമേരിക്കന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യ ഫെഡറല്‍ മുസ്‍ലിം വനിതാ ജഡ്ജിയാകാന്‍ നുസ്രത് ജഹാന്‍ ചൗധരി. പൗരാവകാശ രംഗത്ത് സജീവമായ നുസ്രതിനെ ഫെഡറല്‍ ബെഞ്ച് ജഡ്ജിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു.കിഴക്കന്‍ ന്യൂയോര്‍ക്കിലെ ജില്ലാ കോടതി അംഗമായാണ് നുസ്രത് ജഹാന്‍ സ്ഥാനമേല്‍ക്കാന്‍ പോകുന്നത്.2020 മുതല്‍ ഇല്ലിനോയ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൗരാവകാശ സംഘടനയായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ ഓഫ് ഇല്ലിനോയ്‌സിന്റെ(എസിഎല്‍യു) ലീഗല്‍ ഡയരക്ടറായിരുന്നു നുസ്രത് ജഹാന്‍ ചൗധരി. ബംഗ്ലാദേശ് വംശജയാണ്. ബൈഡന്റെ നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഫെഡറല്‍ ജഡ്ജിയാകുന്ന ആദ്യ ബംഗ്ലാദേശി അമേരിക്കനും രണ്ടാമത്തെ അമേരിക്കന്‍ മുസ്‍ലിമുമാകും നുസ്രത്.

എസിഎല്‍യു ഡയറക്ടറാകുന്നതിനു മുന്‍പ് വംശീയ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ നിയമസഹായങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന റേഷ്യല്‍ ജസ്റ്റിസ് പ്രോഗ്രാം ഡെപ്യൂട്ടി ഡയരക്ടറുമായിരുന്നു നുസ്രത് ജഹാന്‍. കുടിയേറ്റക്കാര്‍ക്കെതിരായ ഭരണകൂടനീക്കങ്ങള്‍ക്കെതിരെ നിയമവ്യവഹാരങ്ങള്‍ക്കു നേതൃത്വം നല്‍കിയയാളാണ്. കറുത്ത വംശജര്‍ക്കും ഏഷ്യന്‍ വംശര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ നുസ്രതിന്റെ നിര്‍ണായക ഇടപെടലുകളുണ്ടായിരുന്നു.

അമേരിക്കന്‍ നീതിന്യായ സംവിധാനത്തെ കൂടുതല്‍ വൈവിധ്യപൂര്‍ണമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി എട്ടുപേരെയാണ് ഫെഡറല്‍ ജഡ്ജിമാരായി ബൈഡന്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശം ചെയ്തത്. ഇതില്‍ കറുത്ത വംശജരായ രണ്ട് വനിതകളും ഒരു ലാറ്റിനമേരിക്കന്‍ വനിതയും ഒരു തായ്‌വാന്‍ വംശജനമുണ്ട്. ബൈഡന്‍ അധികാരമേറ്റ ശേഷം 83 പേരെ ഫെഡറല്‍ കോടതി ജഡ്ജിമാരായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെങ്കിലും 40 പേര്‍ക്ക് മാത്രമാണ് ഇതുവരെ സെനറ്റ് അംഗീകാരം നല്‍കിയിട്ടുള്ളത്.

പാക്കിസ്താന്‍ വംശജനായ സാഹിദ് ഖുറൈഷിയാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി ജഡ്ജിയാകുന്ന ആദ് മുസ്‍ലിം. കഴിഞ്ഞ ജൂണിലാണ് ന്യൂഴജ്‌സി ജില്ലാ ജഡ്ജിയായി സാഹിദ് നിയമിക്കപ്പെടുന്നത്.


Related News