Loading ...

Home sports

പരീക്ഷിക്കാന്‍ ഇന്ത്യ, തോല്‍വി കുറയ്ക്കാന്‍ ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുവന്ന വിരാട് കോലിയുടെ ഇന്ത്യന്‍ സംഘം മൂന്നാംവട്ടമാണ് സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ പോരിനിറങ്ങുന്നത്. രണ്ടാം ടെസ്റ്റും രണ്ടാം ഏകദിനവും ഇവിടെയാണ് നടന്നത്. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന് ജയിച്ച്‌ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ സ്വന്തം തട്ടകത്തിലെ ഏറ്റവും മോശം സ്കോറില്‍ (118) പുറത്തായി അവര്‍ ഒന്‍പതു വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി.ഏകദിനത്തില്‍ ഒരിക്കല്‍ക്കൂടി കരുത്ത് പരീക്ഷിക്കാന്‍ ഇരുടീമുകളും ഇവിടെ മുഖാമുഖം വരുമ്ബോള്‍ ആതിഥേയര്‍ക്ക് മുഖംരക്ഷിക്കാനുള്ള അവസരമാവും അത്. അതേസമയം, ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന ക്രിക്കറ്റ് പരമ്ബര നേടിയ ഇന്ത്യ റിസര്‍വ് ബെഞ്ചിന്റെ കരുത്ത് പരീക്ഷിക്കാനാവും ശ്രമിക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30-ന് മത്സരമാരംഭിക്കും.രണ്ടാം മത്സരത്തില്‍ റിസ്റ്റ് സ്പിന്നര്‍മാരായ ചാഹലിന്റെ ഏകദിനത്തിലെ കന്നി അഞ്ചു വിക്കറ്റ് പ്രകടനത്തിനും കുല്‍ദീപ് യാദവിന്റെ മൂന്നു വിക്കറ്റ് നേട്ടത്തിനും മുന്നിലാണ് ആതിഥേയര്‍ തലകുനിച്ചത്. മഴപെയ്യാനുള്ള സാധ്യത നിലനില്ക്കുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക നേരിടുന്ന വെല്ലുവിളി കൈക്കുഴകൊണ്ട് പന്തുതിരിക്കുന്ന ചാഹലും കുല്‍ദീപും തന്നെ. ഏകദിന പരമ്ബര ഉറപ്പിക്കുംവരെ തങ്ങളുടെ മികച്ച ഇലവനെ പരീക്ഷിച്ച ഇന്ത്യ അവസരം കിട്ടാത്ത മറ്റു താരങ്ങളില്‍ ചിലരെ ഈ കളിക്ക് ഇറക്കും. ഇവരെവെച്ചും കളി ജയിക്കാമെന്ന് തെളിയിക്കാനാണ് ഇന്ത്യ നോട്ടമിടുന്നത്.അടുത്ത ഞായറാഴ്ച മൂന്നു കളികളുടെ ട്വന്റി 20 പരമ്ബര തുടങ്ങാനിരിക്കെ മുന്‍ മത്സരങ്ങളെല്ലാം കളിച്ച ഫാസ്റ്റ് ബൗളര്‍മാരായ ബുംറ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ക്ക് വിശ്രമം നല്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ കോലിതന്നെ മാറിനില്ക്കാനുള്ള സാധ്യതയുമുണ്ട്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ഇടങ്കയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, മധ്യനിര ബാറ്റ്സ്മാന്മാരായ മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, ഓപ്പണര്‍ ലോകേഷ് രാഹുല്‍ എന്നിവരെയും പരിഗണിച്ചേക്കും. ആതിഥേയനിരയില്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ്, ഇടങ്കയ്യന്‍ സ്പിന്നര്‍ ടബ്രെയ്സ് ഷംസി എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംകാണും.ഇന്ത്യയിലേതിന് സമാനമായ സാഹചര്യമാണ് സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലുള്ളത്. സ്ലോ ബൗളര്‍മാര്‍ക്കാവും ഇവിടെ ആധിപത്യമുണ്ടാവുക. മഴപെയ്താലും വെള്ളം വാര്‍ന്നുപോകാന്‍ മികച്ച സൗകര്യങ്ങളൊരുക്കിയ സ്റ്റേഡിയമായതിനാല്‍ കളി മുടങ്ങില്ല.അഞ്ചോ അതിലധികമോ കളികളുള്ള പരമ്ബരയില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. ഓസ്ട്രേലിയ രണ്ടുവട്ടം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ പരമ്ബരയില്‍ ആതിഥേയരുടെ ബാറ്റിങ് (22.65 റണ്‍സ്), ബൗളിങ് (50.2 റണ്‍സ്) ശരാശരികള്‍, രണ്ടു ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അവരുടെ നാട്ടിലെ ഏറ്റവും മോശം പ്രകടനമാണ്. ഈ കളി ജയിച്ച്‌ ആത്മവിശ്വാസം വീണ്ടെടുക്കാനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Related News