ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും; 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ തുടക്കം
ക്രിക്കറ്റിനെ ഒളിമ്ബിക്‌സില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഏറെ നാളായി ശ്രമിക്കുന്നു.
ഏറെ നാളത്തെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചനകള്‍. 2024-ലെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചത്. 2024 ല്‍ നടക്കുന്ന ഈ ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് സംഘടിപ്പിക്കുക.
നിലവില്‍ ഐസിസിയുടെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് അമേരിക്കയെങ്കിലും അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങള്‍ ലോകമെമ്ബാടുമുള്ള വിവിധ ടി20 ലീഗുകളില്‍ കളിക്കുന്നുമുണ്ട്. ഇതിനുപുറമെ, ക്രിക്കറ്റ് പ്രചാരത്തിലുള്ള മറ്റ് രാജ്യങ്ങളിലെ കളിക്കാര്‍ അമേരിക്കയിലേക്ക് താമസം മാറ്റുകയും രാജ്യത്തെ ക്രിക്കറ്റ് ശൃംഖലയുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദാണ് ഈ പട്ടികയിലെ പ്രമുഖ താരം.
2024ല്‍ ലോകകപ്പ് നടത്തുന്നതിലൂടെ ക്രിക്കറ്റിന് വേണ്ടി അമേരിക്കയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയുണ്ടെന്ന് ഐസിസിക്ക് കണക്കെടുക്കാന്‍ കഴിയും. ഇവയ്‌ക്കെല്ലാം പുറമെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്ന ആളുകളുടെ എണ്ണത്തിലും രാജ്യത്ത് വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവര്‍ക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ നേരിട്ട് കാണാന്‍ കൂടിയൊരു അവസരമാണ് ഇതിലൂടെ ഒരുങ്ങുക. ഇന്ത്യയുടേയും വെസ്റ്റ് ഇന്‍ഡീസിന്റെയും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ മറ്റ് പല അന്താരാഷ്ട്ര മത്സരങ്ങളും അമേരിക്കയില്‍ നടക്കാറുണ്ട്.