Loading ...

Home USA

അമേരിക്ക ഒത്തുതീര്‍പ്പിനെത്തി; ഫ്രഞ്ച് അംബാസഡര്‍ ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തി

കാന്‍ബറ: ത്രിരാഷ്‌ട്ര സഖ്യരൂപീകരണത്തില്‍ ഇടഞ്ഞ ഫ്രാന്‍സുമായി അമേരിക്കയുടെ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ ഒടുവില്‍ ഫലം കണ്ടു. ആണവ കരാറില്‍ നിന്നും പിന്മാറിയ ഓസ്‌ട്രേലിയോട് പ്രതിഷേധിച്ച്‌ തിരിച്ചുവിളിച്ച അംബാഡര്‍ കാന്‍ബറയില്‍ മടങ്ങിയെത്തി. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പെയിനാണ് ഫ്രഞ്ച് അംബാസഡര്‍ മടങ്ങി എത്തിയതിലെ സന്തോഷം രേഖപ്പെടുത്തിയത്. പസഫിക്കില്‍ നാലു രാജ്യങ്ങളുമായി കരുത്തുറ്റ സഖ്യമുണ്ടാക്കിയ അമേരിക്ക ബ്രിട്ടനെകൂടി ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയ്‌ക്കൊപ്പം ത്രിരാഷ്‌ട്ര സഖ്യം രൂപീകരിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സുപ്രധാന കരാര്‍ ഒപ്പിട്ട സഖ്യത്തിലെ ആണവ അന്തര്‍വാഹിനി കരാര്‍ ഫ്രാന്‍സിന് നഷ്ടപ്പെട്ടതാണ് വലിയ വിവാദമായത്. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്‍കൈ എടുത്ത ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംതൃപ്തി അറിയിച്ചതായാണ് അറിവ്. കരാറില്‍ നിന്നും പിന്മാറിയ ഓസ്‌ട്രേലിയയോട് പ്രതിഷേധിച്ചാണ് ഫ്രാന്‍സ് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ചത്. ഫ്രാന്‍സുമായി ശക്തമായ ബന്ധം തുടരുമെന്നും സംശയങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു തീര്‍ക്കുമെന്നും മാരിസ് പെയിന്‍ വ്യക്തമാക്കി.

Related News