Loading ...

Home USA

കാബൂളിന് നിന്നെത്തിയ സൈനിക വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍; അന്വേഷണം പ്രഖ്യാപിച്ച്‌ യു.എസ് വ്യോമസേന

വാഷിംഗ്ടണ്‍: കാബൂളില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന. താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെ കാബൂളില്‍ നിന്നുള്ള യു.എസ് ഉദ്യോഗസ്ഥരുമായി നാട്ടിലേക്ക് തിരിച്ച സി-17 വിമാനത്തിന്റെ വീല്‍ വെല്ലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി വ്യോമസേന ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

തിങ്കളാഴ്ച കാബൂളില്‍ എത്തിയ വിമാനത്തെ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ വളയുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ അവതാളത്തിലാകുമെന്ന് കണ്ടതോടെ സി-17 വിമാനം എത്രയും വേഗം ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചരക്കുവിമാനങ്ങളില്‍ വരെ അഫ്ഗാന്‍ പൗരന്മാര്‍ ഇരച്ചുകയറിയെന്നും പ്രസ്താവനയില്‍ പറയുന്നു.

യു.എസ് വിമാനത്തിന്റെ ചക്രത്തിലും ചിറകിലും പിടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ പറക്കലിനിടെ വീണ് മരിച്ചതും യു.എസ് സ്ഥിരീകരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

ഇതിനകം 3200 പേരെ യു.എസ് സൈന്യം ഇതിനകം അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചു. ചൊവ്വാഴ്ച മാത്രം 1100 പേരുടെ ഒഴിപ്പിക്കല്‍ നടന്നു. യു.എസ് പൗരന്മാരും പെര്‍മനന്റ് റസിഡന്റ് വിസ ഉള്ളവരും അവരുടെ കുടുംബത്തേയുമാണ് 13 വിമാനങ്ങളിലായി യു.എസിലെത്തിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റ് ആവര്‍ത്തിക്കില്ലെന്നും അഫ്ഗാന്‍ സേന പോരാടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവിടെ പോരാട്ടത്തിനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഓസ്‌ട്രേലിയ ആദ്യ വിമാനത്തില്‍ 24 ദൗത്യസേനാംഗങ്ങളെ ഒഴിപ്പിച്ചുവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. യു.എസ്, ബ്രിട്ടീഷ് സംഘത്തിനൊപ്പം അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നവരാണിവര്‍. അഫ്ഗാനില്‍ കുടുങ്ങിപ്പോയ പൗരന്മാരെയും ഓസ്‌ട്രേലിയയില്‍ വര്‍ക്ക് വിസയുള്ള അഫ്ഗാന്‍ പൗരന്മാരേയും ഒഴിപ്പിക്കുന്നതിന് 250 സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാനില്‍ മാനുഷ്യകുലത്തിന് ദുരന്തമുണ്ടാകാതെ പ്രവര്‍ത്തിക്കുമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. പുതിയ സര്‍ക്കാരിനുള്ള അംഗീകാരം രാജ്യാന്തര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷം ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതായി ഡോണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

Related News