Loading ...

Home Africa

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം;മരണ സംഖ്യ70 കടന്നു

ജൊഹാനസ്​ബര്‍ഗ്​: മുന്‍ പ്രസിഡന്‍റ്​ ജേക്കബ്​ സുമയെ അറസ്റ്റ്​ ചെയ്​തതതിന്​ പിന്നാലെ ദക്ഷിണാഫ്രിക്കയില്‍​ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതല്‍ മേഖലകളിലേക്ക്​. കവര്‍ച്ചയും കൊലയും നഗരങ്ങളെ മുള്‍മുനയിലാക്കിയ രാജ്യത്ത്​ ഇതിനകം 72 പേര്‍ കൊല്ലപ്പെട്ടു. സമാധാനത്തിന്​ ആഹ്വാനം ചെയ്​തും തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചും സര്‍ക്കാര്‍ രംഗത്തുണ്ടെങ്കിലും കലാപം പടരുകയാണ്​. അപാര്‍ത്തീഡ്​ ഭരണം അവസാനിച്ച്‌​ 27 വര്‍ഷത്തിനിടെ ആദ്യമായാണ്​ ദക്ഷിണാഫ്രിക്ക കടുത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്ക്​ നീങ്ങിയതെന്ന്​ പ്രസിഡന്‍റ്​ സിറില്‍ റാമഫോസ പറഞ്ഞു.

കലാപശ്രമത്തിന്​ 1,300 പേരെ ഇതിനകം അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. മാള്‍ കവര്‍ച്ചക്കെത്തിയ ആള്‍ക്കൂട്ടം തിക്കിലും ​തിരക്കിലും പെട്ട്​ 10പേരും വെയര്‍ഹൗസ്​ കവര്‍ച്ചക്കിടെ ചരക്കുകള്‍ വീണ്​ നിരവധി പേരും മരിച്ചതായി പൊലീസ്​ പറഞ്ഞു. സുമയുടെ അനുയായികളാണ്​ അതിക്രമങ്ങള്‍ക്ക്​ പിന്നിലെന്നാണ്​ ആരോപണം.

റോഡുകളില്‍ വാഹന ഗതാഗതം മുടക്കിയും വെയര്‍ഹൗസുകള്‍ കൊള്ളയടിച്ചും നഗരങ്ങളില്‍ തീയിട്ടും അക്രമി സംഘം വാഴുന്നത്​ രാജ്യത്തെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്​. കോവിഡ്​ വാക്​സിനേഷന്‍ പലയിടത്തും നിര്‍ത്തിവെച്ച നിലയിലാണ്​. അതിനിടെ, ​വാക്​സിന്‍ സൂക്ഷിച്ച ഒരു ക്ലിനിക്കിലും കവര്‍ച്ച നടന്നു. കടകളില്‍ ജനം കൂട്ടമായി കയറി കവര്‍ച്ച നടത്തുന്നതാണ്​ ഏറ്റവും വലിയ ഭീഷണിയാകുന്നത്​. തിങ്കളാഴ്​ച മാത്രം 200ലേറെ മാളുകള്‍ കവര്‍ച്ചക്കിരയായി.

നെല്‍സണ്‍ മണ്ടേലയുടെ നാടായ സൊവേറ്റോയില്‍ നിരവധി ഷോപ്പിങ്​ സെന്‍ററുകളിലും അക്രമിസംഘം കയറിയിറങ്ങി.

Related News