Loading ...

Home Africa

നേരത്തേ കണ്ടെത്തിയതിലും 38,000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആഫ്രിക്കയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് പഠനം

1960 കാലഘട്ടത്തില്‍ എതോപ്യയിലെ ഒമോ നദിക്കരയില്‍ നിന്നും ലഭിച്ച ഒമോ 1 എന്ന പ്രാചീന മനുഷ്യന്റെ ഫോസിലില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നേരത്തെ കരുതിയതിലും 38,000 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആഫ്രിക്കയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്നാണ് നേച്ച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

പുതിയ കണക്കനുസരിച്ച് ഒമോ 1ന് ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയ ഹോമോ സാപ്പിയന്‍ ഫോസിലിനോളം പഴക്കമുണ്ട്. ഒമോ 1 ഫോസിലിന്റെ പ്രായം 1,95,000 വര്‍ഷങ്ങളായാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ 2,33,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച അഗ്‌നിപര്‍വത സ്ഫോടനത്തിന്റെ ശേഷിപ്പുകള്‍ തെളിവുകളായി ലഭിച്ചതോടെയാണ് കാലപ്പഴക്കം കണക്കുകൂട്ടിയതില്‍ തെറ്റുണ്ടായെന്ന് സ്ഥിരീകരിക്കുന്നത്.

ആഫ്രിക്കയിലെ ഹോമോസാപിയന്റെ ഏറ്റവും പഴക്കമുള്ള ഫോസിലായി കണക്കാക്കപ്പെടുന്നത് 2017ല്‍ മോറോക്കോയിലെ ജെബേല്‍ ഇര്‍ഹൗദില്‍ നിന്ന് ലഭിച്ച അതിപ്രാചീന മനുഷ്യ അവശിഷ്ടമാണ്. എന്നാല്‍ ജെബേല്‍ ഇര്‍ഹൗദില്‍ നിന്നും ലഭിച്ച ഫോസിലിന്റെ തലയോട്ടിക്ക് മനുഷ്യരുടെ തലയോട്ടിയുമായി വ്യത്യാസമുള്ളതിനാല്‍ ആധുനിക മനുഷ്യരുടെ പൂര്‍വ്വികനായി ഇതിനെ കണക്കാക്കാന്‍ കഴിയുമോ എന്നുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. അങ്ങനെ വന്നാല്‍ ഒമോ 1ന് ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയ ഹോമോസാപ്പിയന്‍ അവശിഷ്ടമെന്ന പേര് കൈവരും.

ഒമോ 1 ആധുനിക മനുഷ്യന്റെ സവിശേഷതകള്‍ ഒത്തിണങ്ങിയ ഫോസിലാണെന്നും ആഫ്രിക്കയില്‍ നിന്നും ലഭിച്ച ഹോമോസാപ്പിയന്‍ ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണ് ഇതെന്നും പാലിയോ ആന്ത്രോപോളജിസ്റ്റ് ഓറെലിയാന്‍ മോനീര്‍ വ്യക്തമാക്കുന്നു. ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലിയില്‍ നിന്ന് ഈ ഫോസില്‍ ഉള്‍പ്പടെ പല നിര്‍ണായക ഫോസിലുകളും ലഭിച്ചിട്ടുണ്ട്.

ഒമോ 1 കണ്ടെത്തുന്നത് അരനൂറ്റാണ്ട് മുന്‍പാണ്. എന്നാല്‍ അതിന്റെ പ്രായം കൃത്യമായി കണക്കാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നില്ല. ഈ ഫോസിലില്‍ ഉണ്ടായിരുന്ന ചാരത്തിന്റെ അവശിഷ്ടമാണ് പിന്നീട് നിര്‍ണായകമായത്. ഒമോ 1 കണ്ടെത്തിയ പ്രദേശത്തു നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഷാല അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള അഗ്‌നിപര്‍വത ശിലയുടെ സാമ്പിളുകളും ഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്.

Related News