Loading ...

Home USA

കര്‍ഷക സമരത്തിൽ ആശങ്കയറിയിച്ച്‌ മൈക്ക് പോംപിയോക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്

വാഷിങ്ടണ്‍: ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജകര്‍ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടി മൈക്ക് പോംപിയോക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്ത്. പ്രമീള ജയപാല്‍ അടക്കം ഏഴ് അംഗങ്ങളാണ് കത്തയച്ചത്. മോദി സര്‍ക്കാറിന്‍റെ കര്‍ഷക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം 30 ദിവസം പിന്നിട്ടതോടെയാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയം ഉയര്‍ത്തിയിട്ടുള്ളത്.

പഞ്ചാബില്‍ കുടുംബാംഗങ്ങളും പൂര്‍വികരും ഉള്ള നിരവധി ഇന്ത്യ- അമേരിക്കക്കാര്‍ക്ക് നിലവിലെ സംഭവം നേരിട്ടു ബാധിക്കുന്നതാണെന്ന് മൈക്ക് പോംപിയോക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യന്‍ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്യണം. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ദേശീയ ന‍യം രൂപീകരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിനുള്ള അവകാശത്തെ ബഹുമാനിക്കുന്നു. തങ്ങളുടെ                          സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന നിയമത്തിനെതിരെ സമാധാനപരമായ പ്രക്ഷോഭം നടത്തുകയാണ് ഇന്ത്യയിലെ കര്‍ഷകരെന്നും ഡിസംബര്‍ 23ന് അയച്ച കത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, കര്‍ഷകരുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള വിദേശ നേതാക്കളും രാഷ്ട്രീയക്കാരും നടത്തിയ പ്രസ്താവനയെ വിവരമില്ലാത്തതും അനാവശ്യവും എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട ചില വിവരമില്ലാത്ത അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം അഭിപ്രായങ്ങള്‍ അനാവശ്യമാണെന്നാണ് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്.

മോദി സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ നവംബര്‍ 26നാണ് രാജ്യത്തെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.



Related News