Loading ...

Home sports

ഐസിസി ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി കോലിയും രോഹിതും

ദുബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി വിരാട് കോലിയും രോഹിത് ശര്‍മയും. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 870 റേറ്റിങ് പോയിന്റോടെയാണ് തലപ്പത്തുള്ളത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും കോലി തിളങ്ങിയിരുന്നു. എന്നാല്‍ പരിക്കേറ്റ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ പരമ്പര കളിച്ചിരുന്നില്ലെങ്കിലും 842 റേറ്റിങ് പോയിന്റോടെ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ആദ്യ 10ല്‍ ഇടം പിടിക്കാന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും സാധിച്ചിട്ടില്ല.

പാകിസ്താന്റെ ബാബര്‍ അസാം (837),ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ (818),ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് (790),ഡേവിഡ് വാര്‍ണര്‍ (773),ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ (765),ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീ കോക്ക് (755) ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോവ് (754) എന്നിവരാണ് അഞ്ച് മുതല്‍ 10വരെ സ്ഥാനങ്ങളില്‍. ശിഖര്‍ ധവാന്‍ 16ാം സ്ഥാനത്തും കെ എല്‍ രാഹുല്‍ 34ാം സ്ഥാനത്തുമാണ്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ കിവീസ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് (722) ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ (701),ഇന്ത്യയുടെ ജസ്പ്രീത് ബൂംറ (700),ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് (675),ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ (665) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവര്‍.

വിലക്കിനെത്തുടര്‍ന്ന് നീണ്ട നാളുകളായി ടീമിന് പുറത്തായിരുന്നുവെങ്കിലും ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. മുഹമ്മദ് നബി,ക്രിസ് വോക്‌സ്,ബെന്‍ സ്‌റ്റോക്‌സ്,ഇമാദ് വാസിം എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. റാഷിദ് ഖാനും രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനം പങ്കിടുകയാണ്.

ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാം സ്ഥാനത്ത്. ബാബര്‍ അസാം രണ്ടാം സ്ഥാനത്തുണ്ട്. ലോകേഷ് രാഹുല്‍,ആരോണ്‍ ഫിഞ്ച്,റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. വിരാട് കോലി എട്ടാം സ്ഥാനത്താണ്. ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് തലപ്പത്ത്. മുജീബുര്‍ റഹ്മാന്‍,ആദില്‍ റഷീദ്,ആദം സാംബ,തബ്രിയാസ് ഷംസി എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരില്‍ മുഹമ്മദ് നബിയാണ് തലപ്പത്ത്. ഷക്കീബ് അല്‍ ഹസന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍,റിച്ചാര്‍ഡ് ബെറിങ്ടണ്‍,സീന്‍ വില്യംസ് എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

Related News