Loading ...

Home USA

യുഎസില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിൽ

യുഎസ് തിരഞ്ഞെടുപ്പ് പരാജയം പൂര്‍ണമായി അംഗീകരിക്കാത്ത റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഐക്യദാര്‍ഢ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍. തങ്ങളുടെ പ്രതിഷേധവും സമരവും തെരുവിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. ട്രംപിനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം തീവ്ര വലതുപക്ഷ വാദികള്‍, ഓത്ത് കീപ്പേഴ്‌സ് മിലിഷ്യ അംഗങ്ങള്‍, പ്രൗഡ് ബോയ്‌സ് പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ), മാര്‍ച്ച്‌ ഫോര്‍ ട്രംപ്, സ്റ്റോപ്പ് ദി സ്റ്റീല്‍ എന്നിങ്ങനെ വിവിധ പേരുകളാണ് പ്രതിഷേധ പരിപാടിക്കായി പരിഗണിക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായിരുന്നു മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍. എല്ലാവരെയും ഒരുമിച്ച്‌ ചേര്‍ത്തുള്ള വന്‍ റാലികളാണ് ലക്ഷ്യമിടുന്നത്. വാഷിങ്ടണ്‍ ഉള്‍പ്പെടെ നഗരങ്ങളിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആദ്യ റാലിക്ക് ശനിയാഴ്ച തുടക്കമാകും. പ്രതിഷേധ പരിപാടികള്‍ക്ക് ട്രംപ് ട്വിറ്ററില്‍ പിന്തുണ അറിയിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റതോടെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അതേസമയം, ട്രംപ് അനുകൂലികള്‍ തെരുവിലിറങ്ങുമ്ബോള്‍ ബൈഡനെ അനുകൂലിക്കുന്നവരും ട്രംപ് വിരുദ്ധരും എതിര്‍പ്പുമായി സംഘടിച്ചേക്കുമോ എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വൈകുന്നത് രാജ്യത്ത് വ്യാപകമായ അക്രമങ്ങള്‍ക്ക് കാരണമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബര്‍ ഏഴിന് ബൈഡന്‍ ജയിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, രാജ്യത്തുടനീളം ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അവയെല്ലാം വലിയ അക്രമത്തിനു കാരണമാകാത്തവിധം നിയന്ത്രിക്കപ്പെട്ടിരുന്നു. ട്രംപ് അനുകൂലികള്‍ പ്രതിഷേധത്തിനു തയ്യാറെടുക്കുന്നതിനു പിന്നാലെ, വാഷിങ്ടണ്‍ ഡിസിയില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജോര്‍ജിയയിലും ജയിച്ചതോടെ ബൈഡന് 306 വോട്ടുകളും ട്രംപിന് 232 വോട്ടുകളും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ ഹിലരി ക്ലിന്റനെതിരെ ട്രംപ് നേടിയ വിജയത്തിനു തുല്യമാണ് ഇക്കുറി ബൈഡന്റെ ജയം. ഇതുവരെ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതിരുന്ന ട്രംപിന്റെ മനസ് മാറിയതായാണ് പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. ഞാനെന്തായാലും ഇനി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. ഏത് ഭരണകൂടമാണുണ്ടാവുക എന്ന് ആര്‍ക്കറിയാം. സമയമാകുമ്ബോള്‍ അറിയാം എന്ന് വിചാരിക്കുന്നു എന്നാണ് ട്രംപ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

Related News