Loading ...

Home sports

ഐപിഎല്‍;കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയം, മുംബൈയ്ക്ക് അഞ്ചാം കിരീടനേട്ടം

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഏറെക്കുറെ ഏകപക്ഷീയമായ കലാശപ്പോരില്‍ അഞ്ച് വിക്കറ്റ് വിജയത്തോടെ മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഡല്‍ഹി ഏറെ ക്ലേശിച്ചും പൊരുതിയും നേടിയ 156 റണ്‍സ്, എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി മുംബൈ ഇന്ത്യന്‍സ് മറികടന്നു. ഐപിഎലില്‍ മുംബൈയുടെ അഞ്ചാം കിരീടമാണിത്. ഇത് റെക്കോര്‍ഡാണ്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈയ്ക്ക് സ്വന്തം. 2010, 2011 വര്‍ഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിര്‍ത്തിയത്. ആദ്യമായാണ് ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് 14 മത്സരങ്ങളില്‍നിന്ന് 670 റണ്‍സ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍. രാഹുലും പര്‍പ്പിള്‍ ക്യാപ് നേടിയത് 17 മത്സരങ്ങളില്‍നിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം കഗീസോ റബാദയുമാണ്. മുംബൈയുടെ വിജയം അനായാസമാക്കിയത് ഇടവേളയ്ക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ്. ഓപ്പണറായെത്തിയ രോഹിത് 51 പന്തില്‍ അഞ്ച് ഫോറും നാലു സിക്‌സും സഹിതം 68 റണ്‍സെടുത്തു. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സര്‍ പറത്തിയ രോഹിത് വരാനിരിക്കുന്നതിന്റെ സൂചന ഡല്‍ഹിക്ക് നല്‍കിയതാണ്. തൊട്ടടുത്ത ഓവറില്‍ കഗീസോ റബാദയ്ക്കെതിരെ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്ത ഡികോക്ക് മത്സരത്തിന്റെ ഗതി വ്യക്തമാക്കി. ഇടയ്ക്ക് ഡികോക്കിനെ മാര്‍ക്കസ് സ്റ്റോയ്‌നിസും രോഹിത് ശര്‍മയെ ആന്റിച് നോര്‍ട്യയും പൊള്ളാര്‍ഡിനെ (നാലു പന്തില്‍ ഒന്‍പത്) കഗീസോ റബാദയും പുറത്താക്കിയെങ്കിലും അത് മുംബൈയുടെ വിജയത്തിലേക്കുള്ള പ്രയാണത്തെ ബാധിച്ചു പോലുമില്ല. സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായതും വിജയത്തിലേക്ക് ഒരു റണ്‍ വേണ്ടപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) പുറത്തായതും അവരെ ബാധിച്ചില്ല. എട്ടു പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ത്തി അവര്‍ വിജയംതൊട്ടു.

വിജയമുറപ്പിച്ച ഘട്ടത്തില്‍ അശ്രദ്ധമായി കളിച്ചാണ് കീറണ്‍ പൊള്ളാര്‍ഡ് (നാലു പന്തില്‍ ഒന്‍പത്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ച് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്തായത്. രോഹിത്തുമായുള്ള ധാരണപ്പിശകില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായി. ഡല്‍ഹിക്കായി ആന്റിച് നോര്‍ട്യ രണ്ടും കഗീസോ റബാദ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 22 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയ ശേഷമാണ്, അയ്യര്‍ പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് കരുത്തായത്. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 156 റണ്‍സെടുത്തത്. 11.3 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 96 റണ്‍സ്! പന്ത് 38 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 56 റണ്‍സെടുത്തു. അയ്യര്‍ 50 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ പന്തില്‍ത്തന്നെ മാര്‍ക്കസ് സ്റ്റോയ്‌നിസ് ഗോള്‍ഡന്‍ ഡക്കായി. അജിന്‍ക്യ രഹാനെ (നാലു പന്തില്‍ രണ്ട്), ശിഖര്‍ ധവാന്‍ (13 പന്തില്‍ 15) ഷിംമ്രോണ്‍ ഹെറ്റ്‌മെയര്‍ (അഞ്ച് പന്തില്‍ അഞ്ച്), അക്‌സര്‍ പട്ടേല്‍ (ഒന്‍പത് പന്തില്‍ ഒന്‍പത്) എന്നിവര്‍ നിരാശപ്പെടുത്തി. കഗീസോ റബാദ അവസാന പന്തില്‍ റണ്ണൗട്ടായി. ഐപിഎല്‍ 13-ാം സീസണില്‍ പവര്‍പ്ലേയിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനും ബോള്‍ട്ട് അര്‍ഹനായി. ആകെ 36 ഓവറില്‍ 6.72 ഇക്കോണമിയില്‍ 16 വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ ബോള്‍ട്ടിന്റെ സമ്ബാദ്യം. 2013ല്‍ മിച്ചല്‍ ജോണ്‍സനും പവര്‍പ്ലേയില്‍ 16 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Related News