Loading ...

Home USA

ലോസ് ഏഞ്ചലസ് വിമാനത്താവളത്തിനു മുകളില്‍ വീണ്ടും പറക്കും മനുഷ്യന്‍; നിഗൂഢത

കലിഫോര്‍ണിയ: യു.എസിലെ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിന് മുകളില്‍ വീണ്ടും പറക്കും മനുഷ്യനെ കണ്ടെത്തി. പറക്കാന്‍ സഹായിക്കുന്ന ഉപകരണമായ ജെറ്റ് പാക്ക് ഉപയോഗിച്ച്‌ പറക്കുന്നയാളെയാണ് 6500 അടി ഉയരത്തില്‍ കണ്ടത്. ഇതേ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രണ്ടുമാസം മുമ്ബും ഇതേപോലെ പറക്കും മനുഷ്യനെ പൈലറ്റുമാര്‍ കണ്ടിരുന്നു.ചൈന എയര്‍ലൈന്‍സ് വിമാനത്തിലെ വൈമാനികരാണ് ബുധനാഴ്ച വൈകീട്ട് ജെറ്റ് പാക്കില്‍ പറക്കുന്നയാളെ കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും ഇതോടെ വിമാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയായിരുന്നു. വിമാനപാതയിലാണ് ‍പറക്കുംമനുഷ്യനെ കണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. എഫ്.ബി.ഐയും ഇതുസംബന്ധിച്ച്‌ അന്വേഷിക്കുകയാണ്. രണ്ടു മാസം മുമ്ബ് 3000 അടി ഉയരത്തില്‍ വിമാനങ്ങള്‍ക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി രണ്ട് വിമാനത്തിലെ പൈലറ്റുമാരാണ് റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യരെ പറക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ജെറ്റ്പാക്ക്. വലിയ ബാഗിന്‍റെ രൂപത്തിലുള്ള ഇവയുടെ അറയില്‍ ഇന്ധനം നിറച്ചാണ് പറക്കല്‍ യാഥാര്‍ഥ്യമാകുന്നത്. മനുഷ്യര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ജെറ്റ്പാക്കുകള്‍ വികസിപ്പിച്ച്‌ വരുന്നതേയുള്ളൂ. മനുഷ്യന്‍റെ വലിപ്പവും ഭാരവും പരിഗണിക്കുമ്ബോള്‍ വിമാനങ്ങളുമായി കൂട്ടിയിടിച്ചാല്‍ വലിയ ദുരന്തത്തിന് തന്നെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡ്രോണ്‍, ജെറ്റ്പാക്ക് തുടങ്ങിയ ഉപകരണങ്ങള്‍ ആളുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related News