Loading ...

Home sports

ലീഗ് കപ്പിൽ ലിവർപൂളിനെ പെനാൾട്ടിയിൽ മറികടന്നു ആഴ്സണൽ

ദിവസങ്ങൾക്ക് മുമ്പ് ലീഗിൽ ആൻ ഫീൽഡിൽ ലിവർപൂളിനോട് തോറ്റതിന് പ്രതികാരം ചെയ്തു ആഴ്സണൽ. ലീഗ് കപ്പിൽ ലിവർപൂളിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ആഴ്സണൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഇരു ടീമുകളും പല പ്രമുഖതാരങ്ങൾക്കും വിശ്രമം നൽകിയപ്പോൾ നിരവധി യുവതാരങ്ങൾ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു. മത്സരത്തിൽ ആദ്യം ഇരു ടീമുകളും മികച്ച അവസരങ്ങൾ തുറന്നെങ്കിലും ലിവർപൂൾ തന്നെയാണ് മുന്നിട്ട് നിന്നത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ജോട്ടോയുടെ ഗോൾ എന്നുറച്ച ശ്രമം രക്ഷിച്ച ബെർഡ് ലെനോ തന്റെ നിലപാട് വ്യക്തമാക്കി.രണ്ടാം പകുതിയിൽ വിർജിൽ വാൻ ഡെയ്ക്കിന്റെ മികച്ച ശ്രമം രക്ഷിച്ച ലെനോ വീണ്ടും 3 പ്രാവശ്യം കൂടി ഗോൾ എന്നുറപ്പിച്ച ലിവർപൂൾ ശ്രമങ്ങൾ തട്ടിയകറ്റി. ഇടക്ക് ആഴ്സണലും അവസരങ്ങൾ തുറന്നു. ഹോൾഡിങിന്റെ മികച്ച ഹെഡർ ലിവർപൂൾ ഗോൾ കീപ്പർ അഡ്രിയാനും രക്ഷിച്ചു. 90 മിനിറ്റിൽ മത്സരം ഗോൾ രഹിതമായതിനെ തുടർന്ന് പെനാൾട്ടിയിലേക്ക്. ആഴ്സണലിന് ആയി മൂന്നാം പെനാൽട്ടി എടുത്ത മുഹമ്മദ് എൽനെനിയുടെ ഷോട്ട് രക്ഷിച്ച അഡ്രിയാൻ ലിവർപൂളിന് മുൻതൂക്കം നൽകുന്നത് ആണ് ആദ്യം കണ്ടത്. എന്നാൽ ഒറിഗിയുടെ തൊട്ടടുത്ത പെനാൽട്ടി രക്ഷിച്ച സമാനമായി ലെനോ മത്സരത്തിൽ ആഴ്സണലിനെ ഒപ്പമെത്തിച്ചു. 5 പെനാൽട്ടികൾക്ക് ശേഷം ഇരു ടീമുകളും 4 വീതം പെനാൽട്ടികൾ ലക്ഷ്യം കണ്ടപ്പോൾ ആറാം പെനാൽട്ടിയിലേക്ക് മത്സരം നീണ്ടു. ലിവർപൂളിന് ആയി ആറാം പെനാൽട്ടി എടുത്ത യുവ താരം ഹാരി വിൽസന്റെ പെനാൽട്ടി ലെനോ തട്ടിയകറ്റി. തുടർന്ന് ഭാഗ്യത്തിന്റെ അകമ്പടിയോടെ അവസാന പെനാൽട്ടി ലക്ഷ്യം കണ്ട ജോ വില്ലോക്ക് മത്സരം ആഴ്‌സണലിന് സമ്മാനിച്ചു. പലപ്പോഴും കഴിഞ്ഞ സീസണിൽ മാർട്ടിനസിന്റെ പ്രകടനം ലെനോയുടെ ഒന്നാം നമ്പർ പദവിക്ക് വെല്ലുവിളി ആയിരുന്നു. തന്നെ നിലനിർത്തിയത് ആഴ്സണൽ എടുത്ത മികച്ച തീരുമാനം ആണെന്ന് ലെനോ തെളിയിക്കുക ആയിരുന്നു ഇന്ന്. ലീഗിലെ തോൽവിക്ക് ഇങ്ങനെ ഒരു മറുപടി നൽകാൻ ആയത് ആർട്ടറ്റെയുടെ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും.

Related News