Loading ...

Home USA

പത്ത്​ വര്‍ഷം നികുതിയടക്കാതെ ട്രംപ്

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ വിജയിച്ച 2016ല്‍ ഡോണാള്‍ഡ് ട്രംപ് ആദായനികുതി ഇനത്തില്‍ അടച്ചത് 750 ഡോളര്‍ എന്ന് റിപ്പോര്‍ട്ട്. ബിസിനസ്​ ഭീമനായ ട്രംപ്​ ഇതിന്​ മുൻമ്പുള്ള വര്‍ഷങ്ങളില്‍ നികുതിയടച്ചിട്ടി​ല്ലെന്നും ഇരുപതിലധികം വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഡാറ്റ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനുള്ളില്‍, പത്തുവര്‍ഷത്തിലും ട്രംപ് ആദായ നികുതി അടച്ചിട്ടേയില്ല. 2016 ലും 2017ലും നികുതിയായി അടച്ചത്​ 750 ഡോളര്‍ മാത്രം. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.വര്‍ഷങ്ങളോളം നികുതി അടച്ചിട്ടില്ലെന്ന വാര്‍ത്ത ട്രംപ്​ നിഷേധിച്ചു. താന്‍ ഒരുപാട്​ നികുതി അടച്ചിട്ടുണ്ട്​. ഫെഡറല്‍ ഇന്‍കം ടാക്​സും അടച്ചു. ഇത്​ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും ട്രംപ്​ പ്രതികരിച്ചു.

2015ല്‍ ട്രംപ്​ സാമ്ബത്തിക ഓഡിറ്റിങ്​ നടത്തിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ട്രംപ്​ പ്രസിഡന്‍റ്​ പദവിയിലിരിക്കെയും നിരവധി ബിസിനസുകള്‍ നടത്തിവരുന്നുണ്ട്​. എന്നാല്‍ ക്രമേണ ബിസിനസ്​ ചുമതലകള്‍ മക്കളായ എറിക്കിനും ഡോണാള്‍ഡ്​ ജൂനിയറിനും നല്‍കിവരികയാണെന്ന്​ ട്രപ്​ പറഞ്ഞിരുന്നു.2016ലെ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലും പിന്നീട് അധികാരത്തിലെത്തിയപ്പോഴും ട്രംപിന്റെ ആദായനികുതി വിഷയം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​ല്‍ ത​ന്റെ  സാമ്പത്തിക വിജയങ്ങളെ കുറിച്ച്‌​ സംസാരിച്ചിരുന്ന ട്രംപ്​ ആദായ നികുതിയില്‍ നിന്നൊഴിവാകാന്‍ ദശലക്ഷകണക്കിന്​ സാമ്പത്തിക നഷ്​ടമാണ്​ ഉണ്ടായിട്ടുള്ളതെന്നാണ്​ അവകാശപ്പെട്ടത്​. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലും ട്രംപ്​ മത്സരിക്കാനിരിക്കെ നികുതി വെട്ടിപ്പ്​ സംബന്ധിച്ച വിഷയം ചര്‍ച്ചയായേക്കും.


Related News