Loading ...

Home USA

അമേരിക്കയില്‍ കാട്ടുതീ പടരുന്നു ;ദശലക്ഷക്കണക്കിന് ഏക്കര്‍ കത്തിനശിച്ചു,30 മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 12ഓളം പേരെ കാണാതായിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവടങ്ങളില്‍ ആയിരക്കണക്കിനു പേര്‍ ഭവനരഹിതരായി.മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യതയെന്ന് ഓറിഗോണിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.വേണ്ട സമയത്ത് കാട്ടുതീയെ കുറിച്ച്‌ അറിയിപ്പു ലഭിക്കാത്തിനെ തുടര്‍ന്നാണ് പലര്‍ക്കും വീടു വിട്ട് ഓടിപ്പോകേണ്ടിവന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഒറിഗോണില്‍ വെള്ളിയാഴ്ച ഏതാനും പേര്‍ കാട്ടുതീയില്‍ പെട്ട് മരിച്ചിരുന്നു. അതോടെ അവിടെ മാത്രം മരിച്ചവരുടെ എണ്ണം 8 ആയി.കഴിഞ്ഞ മാസം മുതല്‍ കാട്ടുതീ തുടരുന്ന കാലിഫോര്‍ണിയയില്‍ 3.2 ദശലക്ഷം ഏക്കര്‍ ഭൂമി എരിഞ്ഞ്തീര്‍ന്നിരുന്നു. ഇവിടെ മാത്രം 4,000 കെട്ടിടങ്ങള്‍ കത്തിനശിച്ചു. കാലിഫോര്‍ണിയയില്‍ ഇതുവരെ 19 പേര്‍ മരിച്ചു. വാഷിങ്ടണില്‍ മരിച്ചതില്‍ 1 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. നാം കാലാവസ്ഥയി്ല്‍ വ്യതിയാനമുണ്ടാക്കിയതുകൊണ്ടാണ് ഇത് സംഭവിച്ചത്- കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെ ഇന്‍സ്ലി പറഞ്ഞു.

ഇത്തവണത്തെ കാട്ടു തീ ഒരു സര്‍വകാല റെക്കോഡാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു. 2018 ലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കാട്ടുതീയില്‍ കത്തിനശിച്ചത്. ഇത്തവണ അതും കവച്ചുവച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ആഗസ്റ്റ് 18 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപും ആഗസ്റ്റ് 22 മുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സന്ദര്‍ശിച്ച്‌ കാട്ടുതീയെക്കുറിച്ച്‌ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Related News