Loading ...

Home Africa

മാലിയില്‍ സൈനിക ലഹള;പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈന്യം തടവിലാക്കി

ബമകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക കലാപം. പ്രസിഡന്റ്് ഇബ്രാഹിം ബൗബകര്‍ കെയ്ത രാജിവച്ചൂ. തലസ്ഥാന നഗരമായ ബമകോയിലുണ്ടായ സൈനിക കലാപത്തെ തുടര്‍ന്ന് ഒരു രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് രാജിയെന്ന് പ്രസിഡന്റ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു രാജി.'ഭരണത്തില്‍ ഇടപെടല്‍ ആവശ്യമാണെന്ന് ഒരു വിഭാഗം സൈന്യം കരുതുന്നു. തനിക്ക് മറ്റ് മാര്‍ഗമില്ല. ഒരു രക്തച്ചൊരിച്ചില്‍ താന്‍ ആഗ്രഹിക്കുന്നില്ല' ദേശീയ ടെലിവിഷനിലുടെ നടത്തിയ രാജിപ്രഖ്യാപനത്തില്‍ പ്രസിഡന്റ് പറഞ്ഞു.

പ്രസിഡന്റും പ്രധാനമന്ത്രി ബോബോ സീസ്സെയും അറസ്റ്റിലാണെന്നൂം റിപ്പോര്‍ട്ടുണ്ട്. ഇരുവരേയും അടിയന്തരമായി മോചിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റേ്ാണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. പട്ടാള അട്ടിമറിയില്‍ അപലപിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസെപ് ബോറെല്‍ വ്യക്തമാക്കി. വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം തേടണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് മാലിയിലെ ഇന്ത്യന്‍ അംബാഡസര്‍ അഞ്ജനി കുമാര്‍ സഹായ് പറഞ്ഞു. എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണ്. പ്രതിസന്ധിയില്‍ അയവ് വരുന്നതുവരെ വീടിനു പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ മുതല്‍ സൈനിക കലാപം ആരംഭിച്ചിരുന്നുവെന്നാണ് സൂചന. സൈനികരുടെ സാമ്ബത്തിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. 2012ല്‍ സൈനിക അട്ടിമറിക്ക് തുടക്കമിട്ട കാത്തിയിലെ ക്യാംപില്‍ നിന്നാണ് കലാപവും പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

തെരുവിലേക്ക് ഇറങ്ങിയ വിമത സൈനികര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം വെടിവയ്പ് നടത്തി. വിമതര്‍ നീതിന്യായമന്ത്രിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലായി. അട്ടിമറിയില്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ചിരുന്ന സ്വാതന്ത്ര്യ സ്മാരകത്തിന് സമീപം തടിച്ചു കൂടിയ ജനങ്ങള്‍ വിജയാഘോഷവും നടത്തി.
തര്‍ക്കത്തിലെത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം ഭരണഘടനാ കോടതി റദ്ദാക്കിയതോടെ കഴിഞ്ഞ മേയ് മുതല്‍ പ്രസിഡന്റ് ഇബ്രാഹിം കെയ്ത ജനങ്ങളുടെ അതൃപ്തി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

Related News