Loading ...

Home USA

എച്ച്‌1-ബി വിസ പുതുക്കി ലഭിക്കുന്നില്ല, അമേരിക്കയില്‍ പ്രതിസന്ധിയിലായി ഇന്ത്യക്കാര്‍

വാഷിങ്ടണ്‍: ശരിക്കും പ്രതിസന്ധിയിലാണ് അമേരിക്കയിലുള‌ള ഇന്ത്യന്‍ പൗരന്മാര്‍. ആദ്യം കൊവിഡ് കൊണ്ടുവന്ന പ്രതിസന്ധി. ജീവനും തൊഴിലിനും അത് മൂലം വന്ന പ്രതിസന്ധി വലുതാണ്. പിന്നാലെയാണ് എച്ച്‌ 1-ബി വിസയും മറ്റ് ഉന്നത നൈപുണ്യമുള‌ള ജോലികള്‍ക്കുമുള‌ള വിസകളും വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള‌ള ഉന്നത ജോലി നൈപുണ്യമുള‌ളവര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആവശ്യമുള‌ളതാണ് എച്ച്‌-1 ബി വിസ. ഈ കോവിഡ് കാലത്തിനിടയിലും ഇവര്‍ക്ക് ജോലി സംരക്ഷിക്കപ്പെടും എന്നാണ് ജൂണ്‍ 22ന് ഉത്തരവിറക്കി ട്രംപ് അറിയിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ അമേരിക്കയില്‍ വിസ കാലാവധി കഴിഞ്ഞ് വിഷമാവസ്ഥയിലാണ്. പുതുക്കിയ വിസ ലഭിക്കാതെ ജോലി തുടരാനാകില്ല. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് ഇതുമൂലം വല്ലാത്ത പ്രതിസന്ധിയാണ്. ഏച്ച്‌-1 ബി വിസ പ്രതിവര്‍ഷം അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗം ഇന്ത്യക്കാരാണ്. ഏകദേശം 75 ശതമാനം വരുമിത്. പ്രതിവര്‍ഷം 85000 പേര്‍ക്കാണ് വിസ ലഭിക്കാറ്. ഏറിയ പങ്കും ഐടി കമ്ബനികളില്‍ ജോലി ചെയ്യുന്നവരാണ് അപേക്ഷകര്‍. പത്ത് വര്‍ഷത്തോളം എച്ച്‌1-ബി വിസയില്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിഞ്ഞവര്‍ പോലും ഇപ്പോള്‍ വിസ കാലാവധി കഴിഞ്ഞതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വ്യാപാര സംഘടനയായ നാസ്‌കോം നല്‍കുന്ന വിവരമനുസരിച്ച്‌ ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവ് വഴി തെറ്റിക്കുന്നതും അമേരിക്കന്‍ വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്.ഐടി തൊഴിലാളികളെയും ആശുപത്രിയില്‍ തൊഴില്‍ ചെയ്യുന്നവരെയും ഇന്ത്യന്‍ കമ്ബനികള്‍ ധാരാളമായി അമേരിക്കയിലേക്ക് തൊഴിലിനയക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ അവരെ കാനഡയിലേക്കോ മെക്‌സിക്കയിലേക്കോ അയക്കാന്‍ കമ്ബനികള്‍ നിര്‍ബന്ധിതരാകും. ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവിന്റെ പ്രത്യാഘാതം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. നിയമപരമായി നാളിതുവരെ അമേരിക്കയില്‍ ജോലി ചെയ്‌ത് വന്നവര്‍ക്ക് ഇതിലൂടെ സംഭവിച്ച മാനസിക പ്രയാസങ്ങളും തൊഴിലില്‍ വന്ന ബുദ്ധിമുട്ടുകളും വലുതാണ്.

Related News