Loading ...

Home sports

കാത്തിരിപ്പ് അവസാനിച്ചു, ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ 11 മുതല്‍

കൊറോണഭീതി കാരണം നിര്‍ത്തിവെച്ച സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് 'ലാ ലിഗ' പുനരാരംഭിക്കുന്നു. രണ്ടാം റൗണ്ട് മത്സരങ്ങളുടെ തീയതി ലീഗ് അധികൃതര്‍ പുറത്തുവിട്ടു. ജൂണ്‍ 11 -ന് (വ്യാഴം) രാത്രി പത്തു മണിക്ക് സെവിയ്യ ഡെര്‍ബിയോടെ ലാ ലിഗയ്ക്ക് തുടക്കമാവും. സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ 13 -ന് (ശനി) ബാഴ്‌സലോണ റയല്‍ മലോര്‍ക്കയെ എതിരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ബാഴ്‌സലോണയുള്ളത്. ജൂണ്‍ 14 -ന് (ഞായര്‍) ലീഗില്‍ രണ്ടു മത്സരങ്ങളുണ്ട്. രണ്ടാം സ്ഥാനക്കാരായ റയല്‍ മഡ്രിഡ് ഐബാറിനോടു കൊമ്ബുകോര്‍ക്കും; അത്‌ലറ്റികോ ബില്‍ബാവോ - അത്‌ലറ്റികോ മഡ്രിഡ് തമ്മിലാണ് രണ്ടാം മത്സരം.ജൂണ്‍ 16 -ന് (ചൊവ്വ) ബാഴ്‌സലോണ - ലെഗാനെസ്, ജൂണ്‍ 18 -ന് (വ്യാഴം) റയല്‍ മഡ്രിഡ് - വലന്‍സിയ മത്സരങ്ങളും നടക്കാനിരിപ്പുണ്ട്. à´œàµ‚ലായ് 1 -ന് (ബുധന്‍) നിശ്ചയിച്ചിരിക്കുന്ന ബാഴ്‌സലോണ - അത്‌ലറ്റികോ മഡ്രിഡ് മത്സരം ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാരാന്ത്യ മത്സരങ്ങള്‍ വൈകീട്ട് 5, 7.30, 10 എന്നീ സമയക്രമങ്ങളിലാണ് നടക്കുക. കാലാവസ്ഥ അനുകൂലമെങ്കില്‍ ഉച്ചയ്ക്ക് 1 മണിക്കും മത്സരം നടത്താന്‍ ലീഗ് അധികൃതര്‍ ആലോചിക്കുന്നുണ്ട്. ആഴ്ച്ച ദിവസങ്ങളില്‍ വൈകീട്ട് 7.30, 10 എന്നീ സമയങ്ങളില്‍ മാത്രമേ മത്സരങ്ങള്‍ നടക്കുകയുള്ളൂ. അടുത്ത അഞ്ചാഴ്ച്ചക്കൊണ്ട് 11 മത്സരദിനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ലീഗ്.
ജൂലായ് 19 -നാണ് (ഞായര്‍) ലീഗ് ഫൈനല്‍. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രമേ അരങ്ങേറുകയുള്ളൂ. ഇതേസമയം, ടീമുകള്‍ക്കായി ആരാധകര്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ മത്സരത്തിനിടെ കാണിക്കുമെന്ന് ലീഗ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തിന്റെ 20 ആം മിനിറ്റു മുതല്‍ ആരാധകരുടെ ആരവങ്ങള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങും. നേരത്തെ, കൊറോണ വൈറസ് വ്യാപനം ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിലായിരുന്നു ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. നിലവില്‍ സ്‌പെയിനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പോയവാരം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ലാ ലിഗ നടത്താന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെ ടീമുകളെല്ലാം പരിശീലന ക്യാംപുകളുമായി സജീവമായിക്കഴിഞ്ഞു.ജര്‍മ്മന്‍ ക്ലബ് ഫുട്‌ബോള്‍ ലീഗായ ബുന്തസ്‌ലീഗയിലൂടെയാണ് ഫുട്‌ബോള്‍ ലോകം ഉണര്‍ന്നത്. ഇപ്പോള്‍ സ്പാനിഷ് ലീഗും ആരംഭിക്കുന്നു. ജൂണ്‍ 17 -ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ജൂണ്‍ 20 -ന് സീരീ എയും പുനരാരംഭിക്കുമെന്നാണ് വിവരം. നേരത്തെ, ഫ്രഞ്ച് ലീഗും നെതര്‍ലാന്‍ഡ് ലീഗായ എറിഡിവിസിയും കൊറോണ മഹാമാരി കാരണം ഉപേക്ഷിച്ചിരുന്നു.

Related News