Loading ...

Home USA

കോവിഡിലില്‍ തകര്‍ന്ന് അമേരിക്ക; രാജ്യത്തെ ആറില്‍ ഒരാള്‍ക്ക് വീതം തൊഴില്‍ നഷ്ടമായി

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം കോവിഡ് രോ​ഗികളും മരണവും ഉള്ള അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആറിലൊരാള്‍ കൊറോണ കാരണം തൊഴില്‍രഹിതനായെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക്. 1930-കളിലെ മഹാമാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ തൊഴില്‍മേഖല ഇത്രവലിയ പ്രതിസന്ധി നേരിടുന്നത്.

കഴിഞ്ഞ ഒരാഴ്ചമാത്രം 44 ലക്ഷംപേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. അഞ്ചാഴ്ചയ്ക്കിടെ ഈ ആനുകൂല്യത്തിനായി അപേക്ഷിച്ചത് 2.6 കോടി പേരും. രാജ്യത്തെ 10 വന്‍നഗരങ്ങളിലെ മൊത്തം ജനസംഖ്യയ്ക്കു തുല്യമാണിത്. സമ്ബദ് വ്യവസ്ഥയെ കരകയറ്റാന്‍ 50,000 കോടി യു.എസ്. ഡോളറിന്റെ പാക്കേജാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. അടച്ചിടലിനുനേരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മറികടന്ന്‌ പല സംസ്ഥാനങ്ങളും നിയന്ത്രണത്തിന് ഇളവുകൊടുക്കാന്‍ തുടങ്ങിയത് രോഗവ്യാപനം കൂട്ടുമെന്നും ആശങ്കയുണ്ട്.

ആരോ​ഗ്യ മേഖലക്ക് പുറമേ സാമ്ബത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അമേരിക്കയില്‍ ദിവസേന രൂക്ഷമാവുകയാണ്. കൊറോണ ലോക്ഡൗണ്‍ കാരണം ജോലിനഷ്ടപ്പെട്ടവരുടെ സംഖ്യ ദിനംപ്രതി പെരുകുന്നു. മുന്‍നിര ജീവനക്കാര്‍ ജോലി ചെയ്യുന്ന ആരോഗ്യമേഖല, പൊലീസ്, ഫയര്‍, പോസ്‌റ്റോഫീസ് തുടങ്ങിയ അവശ്യസര്‍വീസുകള്‍ ഒഴികെ മിക്കതും അടച്ചുപൂട്ടി. വിനോദകേന്ദ്രങ്ങളും ഹോട്ടല്‍ ശൃംഖലകളും താഴിട്ടിരിക്കുന്നു. പുറമേ, വിവരസാങ്കേതിക തൊഴിലാളികളെല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നു.

സാമ്ബത്തിക പ്രതിസന്ധി വര്‍ധിച്ചതോടെ സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും ഏതാണ്ട് ഒരു ഏറ്റുമുട്ടലിന്റെ വക്കിലാണ്. ഡെമോക്രാറ്റുകള്‍ ഭരിക്കുന്നിടത്തെല്ലാം തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള വികാരം ശക്തമാകുന്നതായാണ് സൂചന. അതേസമയം നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം പറഞ്ഞ ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും വിമതസ്വരം മുഴങ്ങുന്നതായി സൂചനയുണ്ട്. ജോര്‍ജിയ സംസ്ഥാനം ട്രംപിന്റെ വാക്കു കേട്ട് ഭാഗികമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരേ ആരോഗ്യവകുപ്പ് വിദഗ്ദ്ധര്‍ ഒന്നടങ്കം രംഗത്തുവന്നു കഴിഞ്ഞു.

2.7 ട്രില്യണ്‍ ഡോളര്‍ സാമ്ബത്തിക പാക്കേജിനു പുറമേ വിപണിയെ ഉണര്‍ത്താന്‍ വേണ്ടി ചെലവിടുന്ന 484 ബില്യണ്‍ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജും ഭരണകൂടത്തിന്റെ മുന്നിലുണ്ട്. ഇത് ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ ലൈഫ് ലൈനും ആശുപത്രികള്‍ക്കുള്ള ധനസഹായവും നല്‍കുന്നു. ഈ പുതിയ സാമ്ബത്തികസഹായ നടപടിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പണമില്ലെന്നത് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഫെഡറല്‍ സഹായത്തിനുള്ള ആഹ്വാനം ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നതിനെ റിപ്പബ്ലിക്കന്മാര്‍ എതിര്‍ക്കുന്നു. സെനറ്റ് ഭൂരിപക്ഷ നേതാവായ കെന്റക്കിയിലെ മിച്ച്‌ മക്കോണെല്‍ സംസ്ഥാനങ്ങള്‍ പാപ്പരാണെന്നു സ്വയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിനെതിരേയും വ്യാപക പ്രതിഷേധമുണ്ട്. 26 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വെറും അഞ്ച് ആഴ്ചയ്ക്കുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടതും പ്രാദേശിക സര്‍ക്കാരുകളെ അമ്ബരപ്പെടുത്തി കഴിഞ്ഞു. ഇവര്‍ക്കുള്ള ആശ്വാസവേതനം നല്‍കാന്‍ മിക്കസംസ്ഥാനങ്ങള്‍ക്കും കരുതല്‍ ധനമില്ലെന്നതാണ് പ്രശ്‌നം. ഫെഡറല്‍ സര്‍ക്കാര്‍ ഒരു ഗുണഭോക്താവിന് 600 ഡോളര്‍ അധികമായി നല്‍കുന്നുണ്ട്, എന്നാല്‍ സംസ്ഥാനങ്ങള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങളില്‍ ഭൂരിഭാഗവും ട്രസ്റ്റ് ഫണ്ടുകള്‍ ഉപയോഗിച്ച്‌ നല്‍കണമെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നത്

Related News