Loading ...

Home USA

യുഎസ് പ്രൈമറി തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 3 ന്; മലയാളി സ്ഥാനാര്‍ഥികളുമായി ഹൂസ്റ്റണ്‍ വീണ്ടും ശ്രദ്ധാകേന്ദ്രം

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹൂസ്റ്റണില്‍ മലയാളി സ്ഥാനാര്‍ഥികള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് 3 മലയാളി സ്ഥാനാര്‍ഥികളും ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്ന് ഒരാളുമാണ് ഇത്തവണ ജനവിധി തേടുന്നത്. ഡാന്‍ മാത്യൂസ് ഡിസ്ട്രിക്‌ട് 22 ല്‍നിന്നും ടോം വിരിപ്പന്‍ ഡിസ്ട്രിക്‌ട് 27 ല്‍നിന്നും ജയ്സണ്‍ ജോസഫ് ടാക്സ് അസസര്‍ കളക്ടര്‍ സ്ഥാനത്തേയ്ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ജുഡീഷല്‍ ഡിസ്ട്രിക്‌ട് കോര്‍ട്ട് ജഡ്ജ് ആയി സുരേന്ദ്രന്‍ കെ.പട്ടേലും ജനവിധി തേടുന്നു. ഡിസ്ട്രിക്‌ട് 22 ല്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് സ്ഥാനാര്‍ഥിയായി ഡാന്‍ മാത്യൂസ് മത്സരിക്കുന്നു. 30 വര്‍ഷമായി ഈ ജില്ലയില്‍ താമസിക്കുന്ന ഡാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നല്ലൊരു പ്രസംഗികന്‍ കൂടിയായ ഡാന്‍ പ്രൈമറിയില്‍ കടുത്ത മത്സരമാണ്‌ കാഴ്ച വയ്ക്കുന്നത്. ഈ ജില്ലയില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി, ബ്രസോറിയ, ഹാരിസ് കൗണ്ടിയുടെ ഭാഗം എന്നിവ ഉള്‍പ്പെടുന്നു. ഡാന്‍ പ്രൈമറിയില്‍ ജയിച്ച്‌ നവംബറിലും ജയിച്ചു വന്നാല്‍ അത് ഒരു ചരിത്ര സംഭവമായി മാറും. ഫോര്‍ട്ട്ബെന്‍ഡ് റിപ്പബ്ലിക്കന്‍ ബാലറ്റില്‍ ഡാന്‍റെ പേര് 4 നമ്ബറിലും ബ്രസോറിയ കൗണ്ടി ബാലറ്റില്‍ 7 ഉം ഹാരിസ് കൗണ്ടിയില്‍ ഡാന്‍റെ പേര് 14 ഉം ആണ്.

ടോം വിരിപ്പന്‍ ടെക്സസ് സ്റ്റേറ്റ് ഡിസ്ട്രിക്‌ട് 27 ല്‍ നിന്ന് മത്സരിക്കുന്നു. സ്റ്റാഫ്‌ഫോര്‍ഡ്, മിസൗറി സിറ്റി, ഷാഡോ ക്രീക്ക് (ഫോര്‍ട്ബെന്‍ഡ് ഏരിയ) എന്നീ പ്രദേശങ്ങളാണ് ഡിസ്ട്രിക്‌ട് 27 ല്‍ ഉള്‍പ്പെടുന്നത്. എഴുത്തുകാരനും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യവും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായ ടോമിന് ഒരു എതിരാളി മാത്രമേയുള്ളൂ, അതും ഒരു ഇന്ത്യക്കാരന്‍ തന്നെ. ജയ സാധ്യതയില്‍ ടോമിനു നല്ല പ്രതീക്ഷയുണ്ട്.

ജയ്സണ്‍ ജോസഫ് വിജയ പ്രതീക്ഷയുമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ടാക്സ് അസസര്‍ കളക്ടര്‍ ( Tax Assessor Collector) സ്ഥാനത്തിനായി മത്സരിക്കുന്നു. അദ്ദേഹം ഐടി കോര്‍പ്പറേറ്റ് മേഖലയില്‍ വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നു

ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രതിനിധിയായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 505 ജുഡീഷല്‍ ഡിസ്ട്രിക്‌ട് കോര്‍ട്ട് ജഡ്ജ് ആയി മത്സരിക്കുന്ന സുരേന്ദ്രന്‍ കെ.പട്ടേല്‍ വലിയ വിജയപ്രതീക്ഷയിലാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മുന്‍ പ്രസിഡന്‍റും സെക്രട്ടറിയുമായിരുന്ന സുരേന്ദ്രന്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റമാണ് ഇതുവരെ നടത്തിയുള്ളത്. ഇന്ത്യയിലെ സുപ്രീം കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരേന്ദ്രന്‍, ഇപ്പോള്‍ ഫോര്‍ട്ബെന്‍ഡ് കൗണ്ടിയില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്തു വരുന്നു. ഇന്ത്യയിലും അമേരിക്കയിലുമുള്ള ദീര്‍ഘനാളത്തെ അനുഭവ പരിചയം ഡിസ്ട്രിക്‌ട് ജഡ്ജ് സ്ഥാനത്തേക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.

ഫെബ്രുവരി 18നു ആരംഭിച്ച ഏര്‍ലി വോട്ടിംഗില്‍ നൂറു കണക്കിന് മലയാളികളാണ് വോട്ടുകള്‍ രേഖപെടുത്തിയത്. ഏര്‍ലി വോട്ടിംഗ് സൗകര്യം ഫെബ്രുവരി 28 നു (വെള്ളി) സമാപിക്കും. മാര്‍ച്ച്‌ 3 നു (ചൊവ്വ) രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ് തെരഞ്ഞെടുപ്പ്.

Related News