Loading ...

Home sports

ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്സ്

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആശ്വാസ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. 2019 ഡിസംബര്‍ 18 ന് ശേഷം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഹീറോ ഐ‌എസ്‌എല്‍ മത്സരമാണിത്. ആദ്യ നാല് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായതിനാല്‍, ശേഷിക്കുന്ന ലീഗ് മത്സരങ്ങളില്‍ പരമാവധി പോയിന്റുകള്‍ നേടി റാങ്കിങ്ങില്‍ ഉയര്‍ന്ന സ്ഥാനം നേടനാകും ഇരു ടീമുകളും ശ്രമിക്കുക. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച്‌ ആരധകരെ തൃപ്തരാക്കാന്‍ ഇരുവരും ശ്രമിക്കുമെന്നുറപ്പാണ്. സീസണിലെ ആദ്യ ഘട്ടത്തില്‍ മികച്ച തുടക്കമായിരുന്നിട്ടും റോബര്‍ട്ട് ജാര്‍ണിയും കൂട്ടരും ലീഗ് അവസാന ഘട്ടത്തിലേക്ക് മുന്നേറുമ്ബോള്‍ റാങ്കിങ് പട്ടികയില്‍ ഒമ്ബതാം സ്ഥാനത്താണ്. 2020-യില്‍ ഇതുവരെ ഗോള്‍ നേടാന്‍ ടീമിനായിട്ടില്ല. 2020-ന്റെ തുടക്കം മുതല്‍ 49 ശ്രമങ്ങള്‍ മാത്രമാണ് ഗോളിനായി അവര്‍ നടത്തിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ കുറഞ്ഞ റെക്കോര്‍ഡാണത്. പ്രതിരോധത്തിലെ പിഴവ്, പ്രത്യേകിച്ച്‌ മത്സരങ്ങളുടെ രണ്ടാം പകുതിയില്‍ സംഭവിച്ച പിഴവുകള്‍ ക്ലബ്ബിനെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ നാല് മത്സരങ്ങളിലും രണ്ടാം പകുതിയില്‍ ജാര്‍ണിയുടെ ടീം ഗോളുകള്‍ വഴങ്ങി. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ നടന്ന ഒമ്ബത് മത്സരങ്ങളിലും ടീമിന് വിജയിക്കാനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 6-3-നു തോല്‍വി വഴങ്ങിയ ടീമിന് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാനുള്ള സാധ്യത അവസാനിച്ചിരുന്നു. അവസാന മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ടീം വഴങ്ങിയത് 12 ഗോളുകളാണ്. പ്രതിരോധത്തിലെ പിഴവുകള്‍ ഇതില്‍ മുഖ്യ പങ്കു വഹിച്ചു. ഇതുവരെയുള്ള പതിനഞ്ചു മത്സരങ്ങളില്‍ നിന്നായി ഇരുപത്തേഴുഗോളുകള്‍ ടീമിന് നേടാനായി. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളിലെ വ്യക്തിഗത പിഴവുകള്‍ക്ക് ടീമിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ഈ പിഴവുകളാണ് ടീമിനെ കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്. എന്നാല്‍ സ്ട്രൈക്കര്‍ ബാര്‍ത്തലോമി ഒഗ്‌ബെച്ചെയുടെ മികച്ച ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ചെന്നൈയിനെതിരായ അവസാന മത്സരത്തില്‍ ഈ സീസണിലെ ആദ്യ ഹാട്രിക്ക് നേടിയ ബാര്‍ത്തലോമി ഒഗ്‌ബെച്ചെ ഈ സീസണില്‍ ഇതുവരെ പതിനൊന്ന് ഗോളുകള്‍ നേടി. ഈ പതിനൊന്നില്‍ ഏഴെണ്ണവും കേരളത്തിന്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്നാണ്. ഗോള്‍ഡന്‍ ബൂട്ട് മുന്‍‌നിരക്കാരനായ നെറിജസ് വാല്‍സ്കിസിന് ഒരൊറ്റ ഗോളിന് മാത്രം പിന്നില്‍നില്‍ക്കുന്ന കേരള ഹിറ്റ്മാന്‍, വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ സ്‌ട്രൈക്കറിനു ഒപ്പമെത്തുമെന്നുറപ്പാണ്. സസ്‌പെന്‍ഷന്‍ മൂലം ഒഗ്‌ബെച്ചെയുടെ സ്‌ട്രൈക്ക് പങ്കാളി മെസ്സി ബൗളിക്ക് മത്സരം നഷ്ടമാകും.

Related News