Loading ...

Home sports

സൂപ്പര്‍ ബോളില്‍ 50 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ കാന്‍സസ് സിറ്റി ചീഫ്‌സ് ജേതാക്കള്‍

സാമ്പത്തികമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക ഇനം ആയി അറിയപ്പെടുന്ന എന്‍.എഫ്.എല്‍ സൂപ്പര്‍ ബോളില്‍ കാന്‍സസ് സിറ്റി ചീഫ്‌സ് ജേതാക്കള്‍. അമേരിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും ഗംഭീരമായ കായിക ഇനം ആയ സൂപ്പര്‍ ബോള്‍ സാമ്ബത്തികമായി ലോകത്ത് ഫിഫ ലോകകപ്പ്, ഒളിമ്ബിക്‌സ് തുടങ്ങിയവയെക്കാള്‍ മുകളില്‍ ഒന്നാം സ്ഥാനത്ത് ആണ്. എപ്പോഴത്തെയും പോലെ പ്രമുഖരുടെ വലിയ നിര തന്നെയാണ് 54 മത്തെ സൂപ്പര്‍ ബോള്‍ കാണാനും ഇത്തവണയും ഉണ്ടായിരുന്നത്. അടുത്തിടെ മരണപ്പെട്ട ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ട് ആണ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് സൂപ്പര്‍ ബോളിന് തുടക്കം കുറിച്ചത്. മത്സരത്തില്‍ സന്‍ഫ്രാന്‍സിസ്കോ 49 യേഴ്സിനെ 31 -20 എന്ന സ്കോറിന് ആണ് ചീഫ്‌സ് മറികടന്നത്. മത്സരത്തില്‍ നാലാം ക്വാട്ടറില്‍ വരെ 10 പോയിന്റുകള്‍ പിറകില്‍ നിന്ന ശേഷം ആയിരുന്നു ചീഫ്‌സിന്റെ അവിസ്മരണീയമായ തിരിച്ചു വരവ്. നാലാം ക്വാട്ടറില്‍ 5 മിനിറ്റിനുള്ളില്‍ നേടിയ 3 ടച്ച്‌ ഡൗണുകള്‍ ആണ് ചീഫ്‌സിന് ജയം സമ്മാനിച്ചത്. ക്വാട്ടര്‍ ബാക്ക് ആയ പാട്രിക്‌ മഹോംസിന്റെ സമാനതകളില്ലാത്ത പ്രകടനം ആണ് ചീഫ്‌സിന്റെ ജയത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം എന്‍.എഫ്.എലില്‍ ലീഗിലെ ഏറ്റവും മൂല്യമേറിയ താരം ആയി മാറിയ പാട്രിക്‌ ഇത്തവണ സൂപ്പര്‍ ബോളിലെ ഏറ്റവും മൂല്യമേറിയ താരം ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി 24 കാരന്‍ ആയ പാട്രിക്‌. 50 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ബോളിന് ഇറങ്ങിയ കാന്‍സസ് ചീഫ്‌സ് തങ്ങളുടെ നീണ്ട കാത്തിരിപ്പ് ആണ് സൂപ്പര്‍ ബോള്‍ കിരീടത്തിലൂടെ അവസാനിപ്പിച്ചത്‌. പാട്രിക്കിന്റെ സമാനതകളില്ലാത്ത പ്രകടനം തന്നെയാണ് ചീഫ്‌സ് ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട വേദനാജനകമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചത്. 21 വര്‍ഷത്തെ പരിശീലന ജീവിതത്തില്‍ 15 തവണ പ്ളേ ഓഫ് കളിച്ച പരിശീലകന്‍ ആന്റി റീഡിന്റെ ആദ്യ സൂപ്പര്‍ ബോള്‍ കിരീടാനേട്ടം കൂടിയാണ് ഇത്. ചീഫ്‌സിന് ഒപ്പം റീഡിന്റെ വലിയ കാത്തിരിപ്പിനും ആണ് പാട്രിക്കിന്റെ നേതൃത്വതത്തിലുള്ള ടീം ഇന്ന് അന്ത്യം കുറിച്ചത്. പാട്രിക്കിനെ അമേരിക്കന്‍ ഫുട്‌ബോളിന്റെ ഭാവി എന്നാണ് റീഡ് മത്സരശേഷം വിശേഷിപ്പിച്ചത്. കാലങ്ങള്‍ക്ക് ശേഷം കിട്ടിയ സൂപ്പര്‍ ബോള്‍ കിരീടാനേട്ടത്തിന്റെ വലിയ ആഘോഷത്തില്‍ ആണ് കാന്‍സസ് നഗരവും ആരാധകരും.

Related News