Loading ...

Home USA

ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ്; ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് ബാധ. ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. യുവാവ് അജ്ഞാത വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍നിന്ന് ജനുവരി 15നാണ് അമേരിക്കയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ ചൈനയിലെ അജ്ഞാത വൈറസിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. ചൈനയില്‍ ആറ് പേരാണ് ഇതിനോടകം ഈ വൈറസ് ബാധയില്‍ മരിച്ചിരിക്കുന്നത്. മുന്നൂറോളം പേര്‍ ചികിത്സയിലാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്. വൈറസ് പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ തീരുമാനിക്കും.

Related News