Loading ...

Home sports

വര്‍ഷം മാറി, തലവരയും മാറി കൊച്ചിയില്‍ ആരാധകരുടെ മനം നിറച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്

ആരാധകര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളായ ഹൈദരാബാദ് എഫ് സിയെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബച്ചെ ഇരട്ട ഗോളടിച്ചപ്പോള്‍ റാഫേല്‍ മെസ്സിബൗളി,പ്രതിരോധക്കാരന്‍ വ്ലാട്കോ ഡ്രോബറോവ്,സെയ്ത്യാസെന്‍ സിങ് എന്നിവരും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. ബോബോയാണ്
ഹൈദരാബാദിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ ഒമ്ബത് മത്സരങ്ങളില്‍ ജയിക്കാനാവാത്ത ബ്ലാസ്റ്റേഴ്സിന് ആശ്വാസം നല്‍കുന്നതാണ് ഇന്നലെ നേടിയ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നത് എന്നത് വിജയത്തെ കൂടുതല്‍ മധുരമുള്ളതാക്കുന്നു. ഉദ്‌ഘാടന മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച ശേഷം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യജയമാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തു. സീസണിലെ മുന്‍ മത്സരങ്ങളില്‍ കണ്ട ബ്ലാസ്റ്റേഴ്സിനെയായിരുന്നില്ല
ഇത്തവണ കൊച്ചിയില്‍ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മഞ്ഞകുപ്പായക്കാര്‍ ഹൈദരാബാദ് ഗോള്‍മുഖത്തേക്ക് ഇരമ്ബിയാര്‍ത്തു. എന്നാല്‍ പ്രതീക്ഷിച്ച ഒന്നായിരുന്നില്ല മത്സരത്തിന്റെ തുടക്കത്തില്‍ സംഭവിച്ചത്. കളിയുടെ 14ആം മിനുട്ടില്‍ ആദ്യമായി ഹൈദരാബാദാണ് കളിയുടെ ഒഴുക്കിന് വിപരീതമായി ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ കളിയുടെ 33ആം മിനുട്ടില്‍ നായകന്‍ ഓഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. ആറു മിനുട്ടിനുള്ളില്‍ സെയ്ത്യാസെന്നിലൂടെ രണ്ടാമത് ഗോള്‍. രണ്ടാം പകുതിയില്‍ മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വലകുലുക്കിയത്തോടെ മത്സരം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചതോടെ ബ്രേക്കിന് ശേഷമുള്ള പത്താം മിനുട്ടില്‍ നാലാമത് ഗോളും പിറന്നു. 75മത് മിനുട്ടില്‍ ഓഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വലകുലുക്കിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.

Related News