Loading ...

Home India

തണുത്ത കാറ്റ്, മഞ്ഞ്, മഴ, ആലിപ്പഴം ഉത്തരാഖണ്ഡില്‍ ശൈത്യം ശക്തിപ്പെടുന്നു; ഗംഗോത്രിയിലേക്കുള്ള പാത അടഞ്ഞു

കഴിഞ്ഞ മൂന്ന് ദിവസമായി മഴയും മഞ്ഞുവീഴ്ചയും കാരണം ഉത്തരാഖണ്ഡ് കൊടും ശൈത്യത്തിലാണ്. തണുത്ത കാറ്റും മഞ്ഞും മഴയും ആലിപ്പഴം വീഴ്ചയുമൊക്കെയാണ് ശൈത്യം ശക്തിപ്പെടുന്നത്. ചാര്‍ധാമുകളിലുള്‍പ്പെട്ട ബദരിനാഥിലും കേദാര്‍നാഥിലും കൂടാതെ യമുനോത്രിയിലും ഗംഗോത്രിയിലും കനത്ത മഞ്ഞുവീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രകൃതി ഭംഗിയ്ക്ക് പേരുകേട്ട് ഒലിയിലും മഞ്ഞുവീഴ്ചയുണ്ട്. പെട്ടെന്ന് മാറിയ കാലാവസ്ഥ കാരണം ഉത്തരാഖണ്ഡിലെ എല്ലാ പ്രദേശങ്ങളിലും കനത്ത തണുപ്പാണ്.അതേസമയം, തലസ്ഥാന നഗരമായ ഡെറാഡൂണില്‍ ഇടതടവില്ലാതെ മഴ പെയ്യുകയാണ്. ഗംഗോത്രിയിലേക്കുള്ള പ്രധാന പാത കനത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടഞ്ഞു. ഇതേ തുടര്‍ന്ന് ഗംഗോത്രി സന്ദര്‍ശിക്കാന്‍ എത്തിയവര്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. സിഖ് മത വിശ്വാസികളുടെ പ്രധാന ആരാധന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബ് മഞ്ഞില്‍ മൂടി. കനത്ത മഞ്ഞുവീഴ്ച പിത്തോഗണ്ഡ് ജില്ലയിലെ മുന്‍സിയാരി പട്ടണത്തെയും ബാധിച്ചു. മഴയും ആലിപ്പഴവും കാരണം നൈനിറ്റാളിലും ബുദ്ധിമുട്ടുകളുണ്ട്. ശൈത്യം കനത്തെങ്കിലും സന്ദര്‍ശകരും ധാരാളം എത്തുന്നുണ്ട്. മഞ്ഞില്‍മൂടി കിടക്കുന്ന പ്രദേശങ്ങളുടെ ഭംഗി നുകരാനും അതില്‍ കളിക്കാനുമൊക്കെ വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികളുമുണ്ട്. ഉത്തരാഖണ്ഡിലെ നാല് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, പിത്തോഗണ്ഡ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, തെഹ്രി, പൗരി ജില്ലകളിലും ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്. ഉത്തരാഖണ്ഡ് ഇന്ത്യയുടെ ഇരുപത്തിയെഴാം സംസ്ഥാനമായി 2000 നവംബര്‍ 9ന് ഉത്തര്‍പ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉള്‍പ്പെടുത്തി രൂപികരിക്കപെട്ട സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഡെറാഡൂണാണ് തലസ്ഥാനം. ഹിമാലയന്‍ മലനിരകള്‍ ഉള്‍പ്പെട്ട് കെടക്കുന്ന ഉത്തരാഖണ്ഡ് ഇന്ത്യയുടെ പ്രധാന വിനോദസഞ്ചാര പ്രദേശവും തീര്‍ത്ഥാടന കേന്ദ്രവുമൊക്കെയാണ്. ഗംഗയുടെയും യമുനയുടേയും ഉത്ഭവം ഇവിടുത്തെ ഗംഗോത്രി, യമുനോത്രി പ്രദേശങ്ങളില്‍ നിന്നാണ്. ഇവിടുത്തെ പലപ്രദേശകളും മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞില്‍ മൂടികിടക്കും. വര്‍ഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗയെ കേന്ദ്രീകരിച്ച്‌ റിവര്‍ റാഫ്റ്റിംഗും മറ്റ് പര്‍വ്വത പ്രദേശങ്ങളില്‍ ട്രക്കിംഗുമടക്കമുള്ള സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഹിന്ദു മത വിശ്വാസിക്കളുടെ പുണ്യക്ഷേത്രങ്ങളായ ഗംഗോത്രി-യമുനോത്രി-കേദാര്‍നാഥ് -ബദരിനാഥ് ക്ഷേത്രങ്ങളുടെ (ചാര്‍ധാം) സാന്നിധ്യം കൊണ്ട് പ്രസിദ്ധമായതിനാല്‍ ഉത്തരാഖണ്ഡിനെ ദേവഭൂമി എന്നും വിശേഷിപ്പിക്കാറുണ്ട്. നൈനിറ്റാള്‍, മസൂറി, ഡെറാഡൂണ്‍, ഗംഗ നദിയുടെ ഉത്ഭവസ്ഥാനമായ ഗംഗോത്രി, യമുനാ നദിയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ്, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയവയാണ് ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

Related News