Loading ...

Home sports

സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ശിഖര്‍ ധവാന്‌ പകരക്കാരന്‍

ന്യൂഡല്‍ഹി : വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്ബരക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. പരിക്ക് ഭേദമാകാത്തതാണ് ധവാന് തിരിച്ചടിയായത്. ധവാന് പകരക്കാരനായി സഞ്ജു സാംസണ്‍ ടീമിലെത്തും. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മത്സരം.സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുമ്ബോഴാണ് ധവാന് ഇടത്തേ കാല്‍മുട്ടിന് പരിക്കേറ്റത്. മഹാരാഷ്ട്രക്കെതിരായ മത്സരത്തിനിടെ ക്രീസിലെത്താന്‍ നടത്തിയ മുഴുനീള ഡൈവിനിടെ ബാറ്റിന്റെ ഒരു ഭാഗം പൊട്ടി കാല്‍ മുട്ടില്‍ തറക്കുകയായിരുന്നു. പിന്നീട് മുട്ടിന് തുന്നലിടേണ്ടി വന്നിരുന്നു. പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് ധവാന്റെ പകരക്കാരനെ സെലക്ടര്‍മാര്‍ തേടിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്ബരയില്‍ നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഒരു കളി പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നാലെ വന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്ബരയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കളിക്കാന്‍ അവസരം കൊടുക്കാതെ ടീമില്‍ നിന്നും പുറത്താക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി 20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് അവസരം ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്ന് മത്സര പരമ്ബരയില്‍ രണ്ടാമത്തെ മത്സരം സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുക. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമോ എന്നും കാത്തിരുന്ന് കാണാം. ഡിസംബര്‍ 15 മുതലാണ് ഏകദിന പരമ്ബര ആരംഭിക്കുക.

Related News