Loading ...

Home sports

ചരിത്ര ടെസ്റ്റില്‍ തകര്‍ത്തടിച്ച്‌ വിരാട് കോലി,സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് എന്ന ചരിത്രമത്സരത്തില്‍ മറ്റൊരു ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയില്‍ ആദ്യമായി 5000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കോലി സ്വന്തമാക്കിയത്.ക്യാപ്റ്റനെന്ന നിലയില്‍ തന്റെ 53മത് മത്സരത്തില്‍ സ്കോര്‍ 32 റണ്‍സില്‍ എത്തിയപ്പോളാണ് കോലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ക്യാപ്റ്റനെന്ന നിലയില്‍ 4968 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതോടെ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി.
നേരത്തെ ബംഗ്ലാദേശിനെ വെറും 106 റണ്‍സിന് പുറത്താക്കിയ ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സ്കോര്‍ബോര്‍ഡ് 43 എത്തുമ്ബോള്‍ തന്നെ രണ്ട് ഓപ്പണിങ് ബാറ്റ്സ്മാന്മാരെയും നഷ്ടമായിരുന്നു. മായങ്ക് അഗര്‍വാള്‍(14),രോഹിത് ശര്‍മ (21) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. തുടര്‍ന്ന് പൂജാരയും വിരാട് കോലിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പൂജാരയും കോലിയും ചേര്‍ന്നുള്ള മൂന്നം വിക്കറ്റ് കൂട്ടുക്കെട്ട് 94 റണ്‍സ് നേടി. ഇതില്‍ 55 റണ്‍സാണ് പൂജാരയുടെ സംഭാവന. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ നാലാമനായി കളിക്കാനിറങ്ങിയ മുതല്‍ മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പൂജ്യത്തിന് പുറത്തായ പ്രകടനം തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യന്‍ നായകന്‍ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യയുടെ സ്കോറിങ് വേഗത ഉയര്‍ത്തി. 8 ബൗണ്ടറികളോടെ 59 റണ്‍സെടുത്ത കോലിയും 23 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് രണ്ടാം ദിനം ആരംഭിക്കുമ്ബോള്‍ ക്രീസിലുള്ളത്.

Related News