Loading ...

Home sports

മൊറീഞ്ഞോ വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്... ഇനി ടോട്ടനം കോച്ച്‌, കരാര്‍ ഒപ്പു വച്ചു

ലണ്ടന്‍: ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ കോച്ചുമാരില്‍ ഒരാളായ ജോസ് മൊറീഞ്ഞോ ചെറിയൊരു ബ്രേക്കിനു ശേഷം വീണ്ടും പരിശീലകക്കുപ്പായത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളിലൊന്നായ ടോട്ടനം ഹോട്‌സ്പറിന്റെ പുതിയ കോച്ചായി മൊറീഞ്ഞോയെ നിയമിച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട മൗറിസിയോ പൊച്ചെറ്റിനോയ്ക്കു പകരമാണ് അദ്ദേഹം ചുമതലയല്‍ക്കുന്നത്. ടോട്ടനവുമായി 2022-23വരെയുള്ള കരാറിലാണ് മൊറീഞ്ഞോ ഒപ്പുവച്ചത്. വിവിധ ടീമുകള്‍ക്കൊപ്പം നിരവധി കിരീട വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള കോച്ചാണ് മൊറീഞ്ഞോ. മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷം അദ്ദേഹത്തിന് ടീമില്ലായിരുന്നു. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി മൊറീഞ്ഞോയ്ക്കു ടോട്ടനത്തില്‍ നിന്നും ഓഫര്‍ ലഭിക്കുന്നത്. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ എന്നീ നാലു രാജ്യങ്ങളിലും ലീഗ് കിരീടം നേടിയ കോച്ച്‌കൂടിയാണ് അദ്ദേഹം. രണ്ടു വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ മൂന്ന് കോച്ചുമാരില്‍ ഒരാളും മൊറീഞ്ഞോയാണ്. എഫ്‌സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ചാംപ്യന്‍സ് ലീഗ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടില്‍ മൂന്നു തവണ ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കു മൊറീഞ്ഞോ നയിച്ചിട്ടുണ്ട്. ഇത്രയും മികച്ച പാരമ്ബര്യവും ആരാധക പിന്തുണയുമുള്ള ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നു ടോട്ടനവുമായി കരാര്‍ ഒപ്പു വച്ച ശേഷം മൊറീഞ്ഞോ പ്രതികരിച്ചു. നിലവിലെ ടീമിന്റെ മാത്രമല്ല അക്കാദമിയുടെയും മികവ് തന്നെ ആകര്‍ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്താണ് ടോട്ടനം. തലപ്പത്തുള്ള ലിവര്‍പൂളിനേക്കാള്‍ 20 പോയിന്റ് പിന്നിലാണ് അവര്‍. ശനിയാഴ്ച വെസ്റ്റ്ഹാമിനെതിരേയാണ് മൊറീഞ്ഞോയ്ക്കു കീഴില്‍ ടോട്ടനത്തിന്റെ ആദ്യ മല്‍സരം.

Related News