Loading ...

Home sports

കേരളത്തിന്, പ്രഫഷനല്‍ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള സന്തോഷ് ട്രോഫി ടീം

സന്തോഷ് ട്രോഫി വീണ്ടെടുക്കാന്‍ കേരളത്തിന് 'പ്രഫഷനല്‍' ടീം. കളിക്കാര്‍, പരിശീലകര്‍ എല്ലാം പ്രഫഷനലുകള്‍. ഏഷ്യന്‍ പ്രഫഷനല്‍ ലൈസന്‍സ് ഉള്ള ബിനോ ജോര്‍ജിനെ മുഖ്യപരിശീലകനും ടി.ജി.പുരുഷോത്തമനെ സഹപരിശീലകനുമാക്കി ക്യാംപ് ആരംഭിച്ച കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തുടക്കം മുതല്‍ പ്രഫഷനല്‍ സമീപനമാണ് പുലര്‍ത്തിയത്. ടീം പ്രഖ്യാപനത്തിലും ഇത് പ്രതിഫലിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ചെയ്തുവരുന്നരീതി അവലംബിച്ച്‌ ഡിപ്പാര്‍ട്‌മെന്റ് താരങ്ങളെ കുറച്ച്‌ ക്ലബ്ബുകളില്‍നിന്ന് താരങ്ങളെത്തി. കഴിഞ്ഞ 2 വര്‍ഷമായി കര്‍ണാടക ടീമിനു ബെംഗളൂരു എഫ്‌സിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന എം.എസ്.ജിതിനെ സന്തോഷ് ട്രോഫി ടീമില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഇക്കൊല്ലം ജിതിന്‍ ടീമിന്റെ ഭാഗമായി. 2018-ല്‍ കേരളം സന്തോഷ് ട്രോഫി നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ജിതിന്‍. ബെംഗളൂരു എഫ്‌സി നിരയിലുള്ള ലിയോണ്‍സ് അഗസ്റ്റിന്‍ കഴിഞ്ഞ 2 സന്തോഷ് ട്രോഫിയിലും കര്‍ണാടകയ്ക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നീ ടീമുകളില്‍ ഉള്‍പ്പെടുന്ന റിസര്‍വ് താരങ്ങളെ ടീമിന്റെ ഭാഗമാക്കാനും കേരളത്തിനു സാധിച്ചു. ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി, ഓസോണ്‍ എന്നിവയില്‍നിന്നും താരങ്ങളെ എത്തിച്ചു. 2018-ല്‍ സന്തോഷ് ട്രോഫി നേടിയെടുക്കുന്നതിന്റെ കാരണക്കാരന്‍ എന്നു പറയാവുന്ന എസ്ബിഐ താരമായ വി. മിഥുനെ ടീമില്‍ നിലനിര്‍ത്തി ക്യാപ്റ്റന്‍ ആക്കിയതു വഴി ഡിപ്പാര്‍ട്‌മെന്റ് ടീമിന്റെ കളിമികവിനും സിലക്ടര്‍മാര്‍ അംഗീകാരം നല്‍കി. 'കിട്ടാവുന്നതില്‍ മികച്ച ടീം. 20 ല്‍ 13 പേരും സന്തോഷ് ട്രോഫിയില്‍ പുതുമുഖങ്ങളാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ്, കേരള പൊലീസ്, ചെന്നൈയിന്‍ എഫ്‌സി, എസ്ബിഐ, എഫ്‌സി കേരള തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചു പരിചയമുള്ളവരാണ്. ടീമില്‍ ഏറെ പ്രതീക്ഷയുണ്ട്. മികച്ച രീതിയില്‍ കളിക്കുമെന്നാണു പ്രതീക്ഷ.' എന്നായിരുന്നു മുഖ്യ പരിശീലകനായ ബിനോ ജോര്‍ജ് പറഞ്ഞത്. 'എല്ലാവരും നല്ല കളിക്കാരാണ്. നല്ല പ്രതീക്ഷയുണ്ട്. കഴിയുന്നത്ര നന്നായി കളിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. ' ക്യാപ്റ്റന്‍ വി.മിഥുന്‍ അഭിപ്രായപ്പെട്ടു.

Related News