Loading ...

Home Europe

അവസാന നീക്കവുമായി തെരേസ മെയ്‌; ജൂണ്‍ ആദ്യം വീണ്ടും ബ്രെക്സിറ്റ് ബില്‍ പാര്‍ലിമെന്റില്‍; സെക്കന്‍ഡ് റഫറണ്ടത്തില്‍ ഉറച്ച്‌ ലേബര്‍; ബ്രിട്ടന്റെ ഭാവി അനിശ്ചിതത്വത്തില്‍ തന്നെ

ലണ്ടന്‍: ബ്രെക്സിറ്റിനായി താന്‍ തയ്യാറാക്കിയിരിക്കുന്ന ഡീല്‍ പാര്‍ലിമെന്റില്‍ പാസാക്കിയെടുക്കാനുള്ള അവസാനത്തേതും നാലമത്തേതുമായ നീക്കത്തിനായി പ്രധാനമന്ത്രി തെരേസ മെയ്‌ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യമായിരിക്കും തെരേസ ബ്രെക്സിറ്റ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നത്.എന്നാല്‍ സെക്കന്‍ഡ് റഫറണ്ടം നടത്തിയാല്‍ മാത്രമേ ഏതൊരു ഡീലിനെയും പിന്തുണയ്ക്കുകയുള്ളുവെന്ന ഉറച്ച നിലപാടാണ് ലേബര്‍ പുലര്‍ത്തുന്നത്. ഇത്തരത്തില്‍ ബ്രെക്സിറ്റ് ത്രിശങ്കുവിലായതോടെ ബ്രിട്ടന്റെ ഭാവിയും അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ലേബറിന്റെ പിന്തുണയില്ലെങ്കിലും ഉണ്ടെങ്കിലും ഡീല്‍ പാര്‍ലിമെന്റില്‍ വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചാണ് തെരേസ മുന്നോട്ട് പോകുന്നത്. ഡീല്‍ പാസായാല്‍ ജൂലൈയില്‍ തന്നെ യുകയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോവുകയും ചെയ്യും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുകെ സന്ദര്‍ശിക്കാനെത്തുന്ന അതേ ആഴ്ച തന്നെയാണ് തെരേസ വിത്ത്ഡ്രാവല്‍ അഗ്രിമെന്റ് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.മെയ്‌ 23ലെ യൂറോപ്യന്‍ ഇലക്ഷനുകള്‍ കഴിഞ്ഞ ശേഷം ജൂണ്‍ മൂന്നിനായിരിക്കും ബില്‍ പാര്‍ലിമെന്റിന് മുന്നിലെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഈ സമ്മറോടെ മാറാന്‍ തെരേസ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ തെരേസയുമായി അടുത്ത വൃത്തങ്ങള്‍ ശക്തമായി നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ ജൂണ്‍ മൂന്നിന് ബ്രെക്സിറ്റ് ഡീലിന് മേല്‍ പാര്‍ലിമെന്റില്‍ നടക്കുന്ന വോട്ടെടുപ്പ് തെരേസയുടെ രാഷ്ട്രീയഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ബ്രെക്സിറ്റ് വൈകുന്നതിന്റെ പേരില്‍ ഇക്കഴിഞ്ഞ ലോക്കല്‍ തെരഞ്ഞെടുപ്പുകളില്‍ ടോറികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായിരുന്നും. ഈ വരുന്ന 23 ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന അഭിപ്രായ സര്‍വേഫലങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു. നാലാം വട്ടം പാര്‍ലിമെന്റില്‍ ഡീല്‍ പാസാക്കിയെടുത്ത് അതിജീവിക്കാന്‍ തെരേസക്ക് സാധിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് മുതിര്‍ന്ന ടോറികളില്‍ മിക്കവരുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 29ന് യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്ന് വട്ടവും ഡീല്‍ പാസാക്കിയെടുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതിനാല്‍ നോ ഡീല്‍ സാഹചര്യം ഒഴിവാക്കുന്നതിന് ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ ഒക്ടോബര്‍ 31 വരെയുള്ള തീയതി തെരേസ ബ്രസല്‍സില്‍ നിന്നും നേടിയെടുക്കുകയായിരുന്നു. അതിനിടെ ലേബറുമായി യോജിച്ച്‌ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ഏഴാഴ്ചയോളമായി ടോറികള്‍ നടത്തിയ ചര്‍ച്ച കഴിഞ്ഞ ദിവസം പരാജയപ്പെടുകയും ചെയ്തിരുന്നു. രണ്ടാമത് റഫണ്ടം വേണമെന്ന പിടിവാശിയില്‍ ലേബര്‍ ഉറച്ച്‌ നിന്നതും അത് അനുവദിക്കില്ലെന്ന ശക്തമായ നിലപാട് തെരേസ പുലര്‍ത്തിയതുമായിരുന്നു ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായിത്തീര്‍ന്നത്.

Related News