Loading ...

Home Europe

അഭയാര്‍ഥികളുടെ കൂട്ടപാലായനം യൂറോപ്പിനെ ഞെരുക്കുന്നു

ബെര്‍ലിന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പതിനൊന്നാം ദിവസം കടന്നപ്പോള്‍ 1.7 മില്യണ്‍ ആളുകളാണ് യുക്രെയ്നില്‍ നിന്നും ഇതുവരെയായി പലായനം ചെയ്തത്. അയല്‍ രാജ്യമായ പോളണ്ടിലാണ് ഒരു മില്യനിലധികം പേരും അഭയം തേടിയിരിക്കുന്നത്.ഈ കൂട്ട പാലായനം യൂറോപ്പിനെ തന്നെ അക്ഷരാര്‍ഥത്തില്‍ ഞെരുക്കുന്നതാണ്.

യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച ബെലാറുസില്‍ ആരംഭിച്ചു. റഷ്യന്‍ ഫെഡറേഷനുമായുള്ള മൂന്നാം ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തില്‍ മാറ്റമില്ലാതെയാണ് യുക്രെയ്ന്‍ എത്തിയത്.തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും റഷ്യന്‍ - യുക്രെയ്ന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടയിലാണ് സമാധാന ചര്‍ച്ചകള്‍ അരങ്ങേറുന്നത്. റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും ചൈന അറിയിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അന്താരാഷ്ടതലത്തില്‍ രാജ്യങ്ങള്‍ അപലപിക്കുന്നതിനിടയിലും ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും വളരെ ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച പറഞ്ഞു. ‌യുക്രെയ്നുമായി സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ചൈന തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രെയ്നില്‍ അവശേഷിയ്ക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി റഷ്യ വഴി എത്തിക്കണമെന്നാണ് മോദി അഭ്യര്‍ഥിച്ചത്.റഷ്യയിലേക്ക് നയിക്കുന്ന മാനുഷിക ഇടനാഴികള്‍ യുക്രെയ്ന്‍ നിരസിച്ചു. റഷ്യയിലേക്ക് നയിക്കുന്ന മൂന്നു റൂട്ടുകള്‍ ഉള്‍പ്പെടെ ആറ് മാനുഷിക ഇടനാഴികളാണ് മോസ്കോ നിര്‍ദ്ദേശിച്ചത്. എന്നാല്‍ റഷ്യയിലേക്കും ബെലാറസിലേക്കും നയിക്കുന്ന കൈവ്, ഖാര്‍കിവ്, മരിയുപോള്‍, സുമി എന്നിവിടങ്ങളില്‍ നിന്നുള്ള മാനുഷിക ഇടനാഴികള്‍ അധാര്‍മികമാണെന്നാണ് യുക്രെയിനിന്‍റെ വാദം. റഷ്യ ലോക നേതാക്കളെ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്നും യുക്രെയ്ന്‍ ആരോപിച്ചു.

അമേരിക്ക 500 സൈനികരെ കൂടി യൂറോപ്പിലേക്ക് അയച്ചു.യൂറോപ്പില്‍ തങ്ങളുടെ സൈനികരെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി എന്ന് അമേരിക്ക അറിയിച്ചു. ജര്‍മനി, ഗ്രീസ്, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളിലേക്കും സൈനികരെ അയക്കുമെന്നും പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം സിറിയക്കാരെ യുദ്ധത്തിനായി റഷ്യ റിക്രൂട്ട് ചെയ്യുന്നതായി യുഎസ് പ്രതിരോധ വകുപ്പ് ആരോപിച്ചു.

Related News