Loading ...

Home celebrity

ഇന്ത്യന്‍ ആര്‍മിക്കും, ഐക്യരാഷ്ട്ര സഭയ്ക്കും, സൗത്ത്‌ കൊറിയയ്ക്കും ധീരപുത്രനായ മലയാളത്തിന്റേയും, മാധ്യമ ലോകത്തിന്റേയും മാണിക്യം കേണല്‍ ഉണ്ണി നായര്‍

സായിനാഥ്‌ മേനോന്‍

ഇന്ത്യന്‍ ആര്‍മിക്കും , ഐക്യരാഷ്ട്ര സഭയ്ക്കും , സൗത്ത്‌ കൊറിയയ്ക്കും ധീരപുത്രനായ മലയാളത്തിന്റേയും, മാധ്യമ ലോകത്തിന്റേയും മാണിക്യം കേണല്‍ ഉണ്ണി നായര്‍. മനക്കമ്ബാട്ട്‌ കേശവന്‍ ഉണ്ണി നായര്‍ അഥവാ കേണല്‍ ശ്രീ എം. കെ. ഉണ്ണി നായര്‍ എന്ന വള്ളുവനാട്ടുകാരനെ, പാലക്കാട്ടുകാരനെ, മലയാളിയെ, ഭാരതീയനെ എത്ര മലയാളികള്‍ക്ക്‌ അറിയാം എന്നെനിക്കറിയില്ല.

പക്ഷെ ഇദ്ദേഹം ഇന്ത്യന്‍ ആര്‍മിക്കും , ഐക്യരാഷ്ട്ര സഭയ്ക്കും , സൗത്ത്‌ കൊറിയയ്ക്കും ധീരപുത്രനാണ്‌. ഈ ധീരപുത്രന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.


 
വള്ളുവനാടിന്റെ കിഴക്കന്‍ അതിരായ എടത്തറ സ്വരൂപത്തിലെ നാടുവാഴി കുടുംബമായ മനക്കമ്ബാട്ട്‌ തറവാട്ടില്‍ 1911 ഏപ്രില്‍ 22ന്‌ ശ്രീ നാരായണമംഗലത്ത്‌ ശ്രീ ദാമോദരന്‍ നമ്ബൂതിരിയുടെയും മനക്കമ്ബാട്ട്‌ അമ്മുക്കുട്ടി വയങ്കര അമ്മയുടെയും മകനായി ജനിച്ച ശ്രീ കേശവന്‍ ഉണ്ണി നായര്‍. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ഓണേഴ്സ്‌ ബിരുദം നേടി . ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാവിണ്യം നേടിയിരുന്ന ശ്രീ ഉണ്ണി നായര്‍ മദ്രാസ്‌ ആസ്ഥാനമായുള്ള ഹാസ്യ വരികയായിരുന്ന മെറി മാഗസിനില്‍ ലേഖകന്‍ ആയി ജോലി ആരംഭിച്ചു .

പിന്നീട്‌ അദ്ദേഹം ദി മെയില്‍ എന്ന പത്രത്തില്‍ ലേഖകന്‍ ആയി ജോലി ചെയ്തു വന്നു . ആ സമയത്താണദ്ദേഹം തന്റെ നാടിനെ കുറിച്ചുള്ള മൈ മലബാര്‍ എന്ന പുസ്തകം രചിച്ചത്‌.

കൊല്‍ക്കത്തയില്‍ സ്റ്റേറ്റ്സ്മാനില്‍ ജോലി ചെയ്യുമ്ബോഴാണ്‌ അദ്ദേഹം ഇന്ത്യന്‍ ആര്‍മി റിസര്‍വ് ഓഫ് ഓഫീസേഴ്‌സില്‍ കമ്മീഷന്‍ഡ് ഓഫിസറാകുന്നത്. സാഹസികത കൊണ്ടും കര്‍മ്മകുശലത കൊണ്ടും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. യുദ്ധമുഖങ്ങളില്‍ തടസ്സമേതുമില്ലാതെ കടന്നുചെന്ന് ഔദ്യോഗിക വിശദീകരണങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സൈന്യം അദ്ദേഹത്തിനു കേണല്‍ പദവി നല്‍കി. ഇത്ര ചെറുപ്പത്തില്‍ കേണല്‍ പദവി ലഭിച്ച ചുരുക്കം ചിലരില്‍ ഒരാളാണ്‌ ശ്രീ ഉണ്ണി നായര്‍.


 
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ മറാഠാ ലൈറ്റ്‌ ഇന്‍ഫണ്ടറിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായ അദ്ദേഹത്തെ ബര്‍മയിലേക്ക് അയച്ചു. സാഹസികതയുടെ പര്യായമായ അദ്ദേഹം ബര്‍മ്മയില്‍ വച്ച്‌ പാരച്യൂട്ട്‌ ജമ്ബിംഗ്‌ പ്രാക്ടീസ്‌ പോലുമില്ലാതെ പാരച്യൂട്ട്‌ ജമ്ബ്‌ ചെയ്ത്‌ സൈനികരെ പോലും അമ്ബരിപ്പിച്ചു.
തന്റെ ജോലിയില്‍ എത്രത്തോളം ആത്മാര്‍ത്ഥത അദ്ദേഹം പുലര്‍ത്തിയിരുന്നു എന്നതിന്‌ തെളിവാണിത്‌.

യുദ്ധഭൂമിയില്‍ സൈനികര്‍ക്കൊപ്പം തന്നെ ചെന്ന് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അദ്ദേഹം നിപുണനായിരുന്നു. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ആഫ്രിക്ക, ഇറ്റലി തുടങ്ങി അനവധി രാജ്യങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ശ്രീ ഉണ്ണി നായര്‍ ആംഡ്‌ ഫോഴ്സസ്‌ ഇന്‍ഫര്‍മ്മേഷന്‍ ഓഫീസര്‍ ആയി നിയോഗിക്കപ്പെട്ടു.


 
ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ശ്രീ ഉണ്ണി നായര്‍. യുദ്ധ മേഖലകളിലും കലാപഭൂമികളിലും നേരിട്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള അദേഹത്തിന്റെ മിടുക്ക്‌ നെഹ്രുവിനെ അത്ഭുതപ്പെടുത്തി. ജനറല്‍ കരിയപ്പയ്ക്കും, നെഹ്രുവിനും അദേഹം പ്രിയപ്പെട്ടവനായി മാറി .

അദ്ദേഹത്തിന്റെ സേവനത്തില്‍ സന്തുഷ്ടരായ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രീ ഉണ്ണി നായരെ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസ്സിയിലേക്ക്‌ പബ്ലിക്ക്‌ ഇന്‍ഫര്‍മ്മേഷന്‍ ഓഫീസറായി അയച്ചു . അവിടെ അദ്ദേഹം തന്റെ പത്നിയോടും മകളോടുമൊപ്പം സുഖമായി കഴിയുന്ന സമയത്താണ്‌ കൊറിയന്‍ യുദ്ധം തുടങ്ങുന്നത്‌.

ഐക്യരാഷ്ട്ര സഭയുടെ ആവശ്യപ്രകാരം കൊറിയന്‍ യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആ ധീരന്‍ കൊറിയയിലേക്ക്‌ യാത്രയായി. രണ്ട്‌ വയസ്സുള്ള മകളെയും ഭാര്യയെയും വാഷിംഗ്ടണില്‍ വിട്ടിട്ടാണ് ഒരു പ്രത്യാഘതവും വകവയ്ക്കാതെ, സൈനികന്റെ മനസ്സുമായി അദ്ദേഹം ദക്ഷിണ കൊറിയയില്‍ എത്തിയത്‌.


 
കൊറിയയിലെ യുദ്ധമുഖത്ത്‌ നിന്ന് അദ്ദേഹം കൃത്യമായി വിവരങ്ങള്‍ അയച്ച്‌ കൊടുത്ത്‌ മേലധികാരികളുടെ പ്രശംസ നേടി. കൊറിയയിലെ തിയാഗു എന്ന സ്ഥലത്ത്‌ വച്ച്‌ നടന്ന ഒരു യുദ്ധനീക്കം റിപ്പോര്‍ട്ട്‌ ചെയ്യാനായി ചെന്ന ശ്രീ ഉണ്ണി നായരും മറ്റു രണ്ട്‌ മാധ്യമ പ്രവര്‍ത്തകരും ഒരു ജീപ്പില്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ മൈന്‍ പൊട്ടിത്തെറിച്ച്‌ എല്ലാവരും വീരചരമം പ്രാപിച്ചു.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ ക്രിസ്റ്റഫര്‍ ബക്ലി, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഇയാന്‍ മോറിസണ്‍ എന്നിവരാണ് ഉണ്ണിനായര്‍ക്കൊപ്പം വീരചരമം പ്രാപിച്ചത്‌. 1950 ആഗസ്റ്റ്‌ 12 നു ആണ്‌ ഈ സംഭവം നടന്നത്‌. മറ്റു രണ്ട്‌ മാധ്യമ പ്രവര്‍ത്തകര്‍ ആ യുദ്ധമുഖത്തിലേക്ക്‌ പോകാന്‍ വഴിയറിയാതെ നില്‍ക്കുമ്ബോള്‍ ഉണ്ണി നായര്‍ ഞാന്‍ കൊണ്ടു പോകാം എന്ന് പറഞ്ഞ്‌ ധീരതയോടെ ഏറ്റെടുത്തതായിരുന്നു ഇത്‌. പിറ്റേന്ന് അദേഹം തന്റെ മകളെയും ഭാര്യയെയും കാണാന്‍ വാഷിംഗ്ടണിലേക്ക്‌ പോകാന്‍ നില്‍ക്കുകയായിരുന്നു. പക്ഷെ അതൊന്നും അദ്ദേഹം കണക്കാക്കാതെയാണ്‌ ആ യുദ്ധഭൂമിയിലേക്ക്‌ ചെന്നത്‌. ആലോചിച്ചൂ ആ മഹാത്മാവിന്റെ ധീരത.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ കൊടുത്തിരുന്നത്‌ . കാരണം വെറും മുപ്പത്തി ഒമ്ബതാം വയസ്സിനുള്ളില്‍ അദേഹം അത്രത്തോളം ലോക ശ്രദ്ധ നേടിയിരുന്നു .1950 ആഗസ്റ്റ്‌ 12 ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച്‌ ഒരു എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റ്‌ തന്നെ പുറത്തിറക്കി .കറുത്ത ബോര്‍ഡറുള്ള പേജിലാണ്‌ ഈ ഗസറ്റ്‌ ശ്രീ നെഹ്രു പുറത്തിറക്കിയത്‌.

യുദ്ധം തുടര്‍ന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക്‌ അയയ്ക്കാനായില്ല. സ്യൂസോംഗ്‌ ഗൂവിന്‌ അടുത്തായുള്ള ബോമിയോ ഡോങ്ങ്‌ മലനിരകളില്‍ ആ ധീരന്റെ ഭൗതികശരീരം അടക്കം ചെയ്തു . ഉണ്ണിനായരുടെ സ്മരണാര്‍ഥം ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ തിയാഗുവിലെ സ്യുസോങ് ഗൂവില്‍ പച്ചപ്പുനിറഞ്ഞ ചെറുകുന്നില്‍ ഒരുക്കിയിരിക്കുന്ന കുടീരം ദേശീയ സ്മാരകമാണ്.2003 ലാണ്‌ ഇവിടം ദേശീയ സ്മാരകമായി കൊറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പേരും ചരിത്രവും ആലേഖനം ചെയ്ത സ്തൂപവും നമുക്ക്‌ കാണാം. ഈ സ്മാരകത്തിനും ദക്ഷിണ കൊറിയയും ഇന്ത്യയും ആയുള്ള ബന്ധത്തിനും ഈ സ്മാരകവും ശ്രീ ഉണ്ണി നായരും ഒരു കാരണം കൂടിയാണ്‌.


 
ഈ സ്മാരകത്തില്‍ എല്ലാ വര്‍ഷവും കൊറിയന്‍ സര്‍ക്കാര്‍ സ്മരണാജ്ഞലി നടത്താറുമുണ്ട്‌. ഇന്നും പൊന്ന് പോലെ കാത്തു സംരക്ഷിക്കുന്നു അവര്‍ ഈ സ്മാരകം. ശ്രീ ഉണ്ണി നായര്‍ക്ക്‌ വേണ്ടി എന്താണ്‌ നമ്മുടെ കേരളത്തില്‍ ഉള്ളതെന്ന് എനിക്കറിയില്ല. ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ശ്രീ ഉണ്ണി നായരെ വീരപുരുഷനായി ഇന്നും ആരാധിക്കുന്നു. അവിടുത്തെ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാന്‍ ഉള്ള വാര്‍ ഹീറോസ്‌ എന്ന പാഠത്തില്‍ ഇന്ത്യയില്‍ നിന്ന് നമ്മുടെ സഹായിക്കാന്‍ വന്ന ഉണ്ണി നായര്‍ എന്ന വ്യക്തിയെ കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ . നോക്കൂ അദേഹത്തിന്റെ മഹത്വം. അവിടുത്തെ കുട്ടികള്‍ വരെ അദേഹത്തെ പഠിക്കുന്നു. രോമകൂപങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നു . ഒരു മലയാളിക്ക്‌ അവര്‍ കൊടുക്കുന്ന പ്രാധാന്യം നോക്കൂ.

ഡോ . വിമല നായര്‍ ആണ്‌ ശ്രീ ഉണ്ണിനായരുടെ പത്നി. ഒരേ ഒരു മകള്‍ ഡോ. പാര്‍വ്വതി മോഹന്‍. വിമലാനായരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിരിക്കുന്നത്‌ കൊറിയയിലെ ഉണ്ണി നായര്‍ സ്മാരകത്തില്‍ തന്നെയാണ്‌. തന്റെ പ്രിയതമന്റെ അരികില്‍ പ്രിയതമ ഉറങ്ങുന്നു. തൃശൂരില്‍ പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. വിമല നായരുടെ അന്ത്യാഭിലാഷം ആയിരുന്നു ഇത്. 94-ാം വയസ്സില്‍ തൃശൂരിലാണ് വിമല നായര്‍ അന്തരിച്ചത്. കൊറിയന്‍ യുദ്ധത്തിന്റെ 50- മത്‌ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ശ്രീ ഉണ്ണി നായര്‍ സ്മരണാര്‍ത്ഥമായി അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഡോ വിമല നായരും മകള്‍ ഡോ പാര്‍വ്വതി മോഹനും ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്കൊപ്പം പങ്കെടുത്തിരുന്നു

പ്രിയരെ ഇത്‌ നമ്മള്‍ അറിയേണ്ട ചരിത്രമാണ്‌. നമ്മളില്‍ ഒരാള്‍ ഭാരതത്തിന്റെ അഭിമാനമായി മറ്റൊരു രാജ്യത്ത്‌ നമ്മുടെ നാടിന്റെ പേര്‌ കൊടികെട്ടി പാറിച്ചതിന്റെ ചരിത്രമാണ്‌. അഭ്രപാളികളില്‍ വന്ന് കാണാന്‍ ആഗ്രഹിക്കും വിധമുള്ള ചരിത്രം. കാരണം ഇതൊരു ധീരന്റെ കഥയാണ്‌. മലയാളികള്‍ക്കും, മലയാള മാധ്യമ മേഖലയ്ക്കും അഭിമാനിക്കാം എന്നും ഈ ചരിത്ര കഥയോര്‍ത്ത്‌.

Related News