Loading ...

Home celebrity

പരിമിതികളില്‍ പതറാതെ

ഇളവൂര്‍ ശ്രീകുമാര്‍

ആദ്യമായി റേഡിയോ വാങ്ങിക്കൊണ്ടുവന്ന ദിവസം വീട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. രാത്രി ഒമ്പതു മണിവരെ റേഡിയോയിലെ വാര്‍ത്ത ശ്രദ്ധിച്ചിരിക്കുകയായിരുന്നു എല്ലാവരും. ഘനഗംഭീരമായ സ്വരത്തില്‍ സ്ഫുടതയോടെയുള്ള വാര്‍ത്തവായന എല്ലാവരെയും ആകര്‍ഷിച്ചു. വാര്‍ത്ത കേട്ടുകൊണ്ടിരുന്ന എട്ടുവയസ്സുകാരന്‍ മുത്തശ്ശനോട് ചോദിച്ചു. ”ഈ വാര്‍ത്ത വായിക്കുന്ന ആള്‍ ആരാണ് മുത്തശ്ശാ?” കുട്ടിയുടെ കൗതുകത്തില്‍ സന്തുഷ്ടനായ മുത്തശ്ശന്‍ പറഞ്ഞു; ”പ്രശസ്ത വാര്‍ത്താവതാരകനായ മെല്‍വിലെ ഡി മെല്ലോ ആണത്.” ഒരു നിമിഷം നിശ്ശബ്ദനായിരുന്ന കുട്ടി പെട്ടന്നൊരാവേശത്തോടെ പറഞ്ഞു; ”വളരുമ്പോള്‍ ഞാനും ഇതുപോലൊരു വാര്‍ത്ത വായനക്കാരനാകും.” അല്പനേരം എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നീട് തളര്‍ന്നുകിടക്കുന്ന അവന്റ ഇരുകാലുകളിലേക്കും നോക്കി അവര്‍ നെടുവീര്‍പ്പിട്ടു. 1948 ജനുവരിയിലായിരുന്നു ഈ സംഭവം.

പിച്ചവച്ചു നടന്ന കാലത്തിലായിരുന്നു ദുര്‍വ്വിധി പോളിയോയുടെ രൂപത്തില്‍ അവന്റെ രണ്ടു കാലുകളുടെയും ചലനശേഷി നശിപ്പിച്ചത്. മൂന്നു വയസു തികയും മുമ്പുതന്നെ ഇരുകാലുകളെയും പോളിയോ നിശ്ശേഷം കീഴടക്കിയിരുന്നു. സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ ഇത്തരം കുട്ടികളെ ഇവിടെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ മടക്കി. പിന്നെ പ്രവേശനം കിട്ടിയ സ്‌കൂളിലും ഇഴഞ്ഞു സഞ്ചരിക്കുന്ന അവനോടൊപ്പം കൂടാന്‍ അധികമാരും ഉണ്ടായില്ല. അന്നാരും കരുതിയിരുന്നില്ല ഇന്ത്യന്‍ വാര്‍ത്താ പ്രക്ഷേപണരംഗത്തെ അതികായനാകാന്‍ പോകുന്ന ബഹുമുഖപ്രതിഭകളിലൊരാളാണ് ആ കുട്ടിയെന്ന്. പില്‍ക്കാലത്ത് സംഗീതം, വാര്‍ത്താപ്രക്ഷേണം, സിനിമ, കോളമിസ്റ്റ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എച്ച് രാമകൃഷ്ണന്‍ എന്ന പേര് ഇന്ന് ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രത്യാശയുടെ വറ്റാത്ത ഉറവയാണ്.



1941 ഡിസംബര്‍ 25 ന് തിരുവനന്തപുരത്തായിരുന്നു രാമകൃഷ്ണന്റെ ജനനമെങ്കിലും തമിഴ്‌നാടായിരുന്നു രാമകൃഷ്ണന്റെ ജീവിതത്തിന്റെ തട്ടകം. രണ്ടു കാലുകളും പൂര്‍ണമായും തളര്‍ന്ന കുട്ടി മാതാപിതാക്കള്‍ക്ക് തീരാത്ത വേദനയായി മാറി. കുട്ടിക്കാലത്ത് പല ഘട്ടങ്ങളിലുമുണ്ടായ അവഗണനയും വേദനകളും അവനെ ഒട്ടൊന്നു വിഷമിപ്പിച്ചെങ്കിലും ക്രമേണ തന്റെ ശാരീരികാവസ്ഥകളോട് പൊരുത്തപ്പെട്ട അവന്‍ തന്റെ ജീവിതം സ്വയം എരിഞ്ഞടങ്ങാനുള്ളതല്ലെന്നും തനിക്കും തന്നിലൂടെ മറ്റുള്ളവര്‍ക്കും വെളിച്ചമാകാനുള്ളതാണെന്നുമുള്ള തിരിച്ചറിവിലേക്ക് വളര്‍ന്നു. ഇല്ലായ്മകളില്‍ സങ്കടപ്പെട്ടിരിക്കാനുള്ളതല്ല ജീവിതമെന്നും ആ ഇല്ലായ്മകളെ കരുത്താക്കി മുന്നേറുന്നവനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും രാമകൃഷ്ണന്‍ വിശ്വസിച്ചു. ആ വിശ്വാസമാണ് തമിഴിനാട്ടില്‍ ലൈവ് വാര്‍ത്താ പ്രക്ഷേപണത്തിന് തുടക്കം കുറിച്ച വ്യക്തിയായി രാമകൃഷ്ണനെ ചരിത്രം രേഖപ്പെടുത്താന്‍ നിമിത്തമായത്.

ജീവിതത്തിനു മുന്നില്‍ പതറി നില്‍ക്കുന്നവരോട് അസാധ്യമായി ഒന്നുമില്ല എന്ന് തന്റെ ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുകയായിരുന്നു രാമകൃഷ്ണന്‍. പതറാത്ത മനസ്സും തളരാത്ത ഇച്ഛാശക്തിയും കൃത്യമായ ലക്ഷ്യവുമുണ്ടെങ്കില്‍ ജീവിതം എത്ര തിരിച്ചടി നല്‍കിയാലും അതിനെയെല്ലാം അതിജീവിക്കുവാന്‍ കഴിയും. അപ്പോള്‍ ഓരോ തടസവും ഓരോ അവസരമായി നമുക്ക് മുന്നില്‍ തെളിയും. നാലപതു വര്‍ഷം മാധ്യമപ്രവര്‍ത്തകനായി തിളങ്ങിന്ന രാമകൃഷ്ണന്‍ ദൂരദര്‍ശനിലും ആള്‍ ഇന്ത്യാ റേഡിയോയിലും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ച കാലം അവയുടെ സുവര്‍ണദശയായിരുന്നു. തന്റെ ഔദ്യോഗിക കാലത്ത് സീനിയര്‍ ഓഫീസര്‍ തന്നെക്കുറിച്ചഴുതിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ‘ഫിസിക്കലി ഡിസേബിള്‍ഡ്’ എന്നെഴുതിയതിയതില്‍ പ്രതിഷേധിച്ച് അന്നത്തെ പ്രസിഡന്റ് വി വി ഗിരിയെ സന്ദര്‍ശിച്ച് ഭിന്നശേഷിയുള്ളവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ‘ഫിസിക്കലി ഡിസേബിള്‍ഡ്’ എന്ന പ്രയോഗം പാടില്ല എന്ന് ഓര്‍ഡിന്‍സ് ഇറക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഫിസിക്കലി ഫിറ്റ് എന്നു നാം കരുതുന്നവരില്‍ന്നിന്നും എത്രയോ ഉയരങ്ങളിലാണ് ഭിന്നശേഷിക്കാരായ നിരവധിയാള്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്ന് പലപ്പോഴും നാം വിസ്മരിച്ചുപോകുന്നു.

മികച്ച ഒരു സംഗീതജ്ഞന്‍ കൂടിയാണ് രാമകൃഷ്ണന്‍. മൃദംഗത്തിലും ഗഞ്ചിറയിലും വിദഗ്ദ്ധന്‍. മൃദംഗത്തിന്റെയും തബലയുടെ സ്വരങ്ങള്‍ വായകൊണ്ട് പാടുന്ന ‘കൊന്നക്കോല്‍’ എന്ന കലയിലും അദ്വിതീയന്‍. ഈ രംഗത്തെ മികവ് പരിഗണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ‘കലൈമാമണി’ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. സംഗീത മേഖലയില പ്രാവീണ്യം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് എസ്എസ് എന്ന മ്യൂസിക് ടെലിവിഷന്‍ ചാനലിന്റെ സിഇഒയുടെ സ്ഥാനത്തേക്കാണ്. ഇന്ത്യാ ഗവര്‍മെന്റിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിന്റെ സീനിയര്‍ അഡ്മിനിസ്റ്റര്‍ ഗ്രേഡ് ഓഫീസര്‍ ആയി നിയമിതനാകുന്ന ആദ്യത്തെ ഭിന്നശേഷിക്കാരനായ വ്യക്തി കൂടിയാണ് എച്ച് രാമകൃഷ്ണന്‍. മൂന്നു വര്‍ഷം ഇന്ത്യന്‍ ബാങ്കിന്റെ പബ്ലിക് റിലേഷന്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇംഗ്‌ളീഷ്, ഹിന്ദി, ജര്‍മന്‍, തമിഴ്, മലയാളം എന്നീ ഭാഷകള്‍ അനായാസം കൈകാര്യ ചെയ്യാനും അദ്ദേഹം പഠിച്ചു.

രാമകൃഷ്ണന്‍ തന്റ ജൈത്രയാത്ര അവിടെയും നിര്‍ത്തിയില്ല. സിനിമയിലും അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘വാനമേ ഇല്ലൈ’ എന്ന സിനിമ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. അതില്‍ അദ്ദേഹം അവതരിപ്പിച്ച ഭിന്നശേഷിക്കാരനായ കഥാപാത്രം ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിതത്തിന് പുതിയ ദിശാബോധവും പ്രത്യാശയും നല്‍കിയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘ജാതി മല്ലി’ എന്ന സിനിമയിലും പ്രധാന റോളില്‍ അദ്ദേഹം എത്തിയിട്ടുണ്ട്. എണ്‍പത്തി അഞ്ച് ശതമാനം ശാരീരിക പരിമിതി ഉണ്ടെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിട്ടും രാമകൃഷ്ണന്‍ അരയ്ക്ക് താഴെ നിശ്ചേതനമമായ തന്റെ ശരീരവുമായി ബസ്സില്‍ യാത്ര ചെയ്താണ് കലാലയത്തില്‍ പോയിരുന്നത്. പീന്നീടാണ് തന്റെ ആവശ്യത്തിന് അനുസൃതമായി രൂപകല്പന ചെയ്ത ഒരു ആട്ടോറിക്ഷ അദ്ദേഹത്തിന് ലഭ്യമാകുന്നത്. ഭിന്നശേഷിയുള്ളവരെ സഹായിക്കാന്‍ കൃപ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയും അദ്ദേഹം നടത്തുന്നു. ശ്രവണോപകരണങ്ങള്‍, വാക്കിംഗ് സ്റ്റിക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇവിടെനിന്നും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നു.

ഭിന്നശേഷിയുമായി ജീവിക്കേണ്ടിവരുന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു പോവുക എന്നത് അതിലും വലിയ വെല്ലുവിളിയും. പക്ഷേ തങ്ങളുടെ പരിമിതികളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച് പരിമിതികളെ പ്രഹരിച്ചുവീഴ്ത്തി അതിജീവനത്തിന്റെ ആകാശങ്ങള്‍ സൃഷ്ടിച്ച അനേകായിരങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. പരിഹാരമില്ലാത്ത കാര്യങ്ങളെക്കുറിച്ച് വേപഥു പൂണ്ടവരല്ല അവര്‍. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പുതിയ സാദ്ധ്യതകള്‍ അന്വേഷിച്ചവരാണ്. അവരിലൊരാളാണ് എച്ച് രാമകൃഷ്ണന്‍.

Related News